Kerala NewsLatest News

ഇ ബുള്‍ ജെറ്റ് കേസ്; മോട്ടര്‍ വാഹന വകുപ്പ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍: ഇ ബുള്‍ ജെറ്റ് വ്‌ലോഗര്‍ സഹോദരന്‍മാര്‍ക്കെതിരായ കേസില്‍ എംവിഡി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തലശ്ശേരി എസിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 1988 ലെ എംവിഡി നിയമനും കേരള മോട്ടര്‍ നികുതി നിയമം ലംഘിച്ചെന്നും കൂടാതെ 42,400 രൂപ പിഴ ഒടുക്കാത്തതിനെ തുടര്‍ന്നാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

അതേസമയം ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ബഹളം വെച്ച ദിവസം ഓഫിലേക്ക് വിളിച്ച്‌ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കണ്ണൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇ ബുള്‍ജെറ്റ് സഹോദരങ്ങളായ എബിന്‍, ലിബിന്‍ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന് 3500 രൂപ ഇരുവരും കെട്ടിവെയ്ക്കുകയും 25,000 രൂപയുടെ രണ്ട് ആള്‍ജാമ്യവും എന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്.

അതേസമയം ഇ ബുള്‍ജെറ്റ് വ്ലോഗര്‍മാരുടെ നെപ്പോളിയന്‍ എന്ന കാരവന്റെ രജിസ്ട്രേഷന്‍ മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും റോഡ് ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനുമാണ് നടപടിയെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. മോട്ടോര്‍ വാഹനവകുപ്പ് ചട്ടം 51(A) വകുപ്പ് പ്രകാരമാണ് നടപടി എടുത്തിട്ടുള്ളത്.

ഒമ്ബതോളം നിയമലംഘനങ്ങള്‍ കാരവനില്‍ കണ്ടെത്തിയതായി മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കിരുന്നു. വെള്ള നിറത്തിലായിരുന്ന വാനിന്റെ നിറം മാറ്റിയതും അനുവദനീയമല്ലാത്ത ലൈറ്റുകള്‍ ഘടിപ്പിച്ചതും വാഹനം രൂപമാറ്റം വരുത്തിയതുമടക്കമുള്ള നിയമലംഘനങ്ങളാണ് വ്ലോഗര്‍ സഹോദരന്‍മാര്‍ നടത്തിയിരിക്കുന്നത്.

ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍ സഹോദരങ്ങള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വിഡിയോകള്‍ ചിലത് നിയമലംഘനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. യൂട്യൂബിന് റിപ്പോര്‍ട്ട് നല്‍കുന്ന കാര്യം പരിഗണനയില്‍ ഉണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞിരുന്നു. അപ്ലോഡ് ചെയ്ത വിഡിയോകള്‍ പരിശോധിക്കേണ്ടതിനാല്‍ അവ ഡിലീറ്റ് ചെയ്യാതിരിക്കാന്‍ യൂട്യൂബിന് ഫ്രീസിങ് റിക്വിസ്റ്റ് നല്‍കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button