യു എ ഇ യിൽ നിന്ന് ഭക്ഷണപ്പൊതികളുടെ ഇറക്കുമതി,മന്ത്രി കെ ടി ജലീൽ ഭരണഘടന ലംഘനവും,സത്യപ്രതിജ്ഞ ലംഘനവും നടത്തിയിരിക്കുന്നുവോ ?.

യു എ ഇ യിൽ നിന്ന് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി ജലീൽ നേരിട്ട് ഇടപെട്ട് ഭക്ഷണപ്പൊതികൾ വാങ്ങി വിതരണം ചെയ്ത
സംഭവം നഗ്നമായ ഭരണഘടന ലംഘനം. കേരള സംസ്ഥാനത്തിലെ ഒരു മന്ത്രിക്ക് കേന്ദ്ര സര്‍ക്കാരിന്റെയോ റിസര്‍വ് ബാങ്കിന്റെയോ അനുമതിയോ അറിവോ കൂടാതെ വിദേശത്തുനിന്ന് ഏതെങ്കിലും വസ്തുക്കളോ സേവനമോ സ്വീകരിക്കുവാന്‍ നിലവിലുള്ള നിയമ വ്യവസ്ഥ അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി ജലീൽ ഭരണഘടന ലംഘനം നടത്തികൊണ്ട് എം എൽ എ ആയും, മന്ത്രി യായും അധികാരം ഏൽക്കുമ്പോൾ ചെയ്ത സത്യപ്രതിജ്ഞ ലംഘനം നടത്തിയിരിക്കുന്നത്.
ഭരണഘടനയുടെ 18(4) അനുച്ഛേദം അനുസരിച്ച് ഏതെങ്കിലും സംസ്ഥാനത്തെ ഔദ്യോഗിക പദവി വഹിക്കുന്ന വ്യക്തി രാഷ്ട്രപതിയുടെ അനുമതി കൂടാതെ ഒരു സമ്മാനമോ പാരിതോഷികമോ സ്വീകരിക്കാന്‍ പാടില്ലായെന്ന് നിബന്ധനയുണ്ട്. 299-ാം അനുച്ഛേദമനുസരിച്ച് സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുന്ന കരാര്‍ ഗവര്‍ണറുടെ പേരില്‍ മാത്രം ആയിരിക്കണം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. 293-ാം അനുച്ഛേദമനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒരു സംസ്ഥാനത്തിന് കടം വാങ്ങാനുള്ള അധികാരം പോലും ഇല്ല എന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്നു. ഭരണഘടനയുടെ ഏഴാം പട്ടികയിലെ ഒന്നാം ലിസ്റ്റില്‍, പത്ത്, പതിനൊന്ന്, പതിനാല് എന്നീ എന്‍ട്രികളില്‍ വിദേശ രാജ്യങ്ങളുമായുള്ള എല്ലാ ബന്ധങ്ങളും കേന്ദ്ര സര്‍ക്കാരിന് മാത്രമായിരിക്കും എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. 41-ാം എന്‍ട്രി അനുസരിച്ച് വിദേശ രാജ്യങ്ങളുമായുള്ള വാണിജ്യ ഇടപാടുകളും കസ്റ്റംസ് അതിര്‍ത്തി മറികടന്ന് ഇറക്കുമതിയോ കയറ്റുമതിയോ കേന്ദ്ര സര്‍ക്കാരിന്റെ അധികാരത്തില്‍ മാത്രം പെട്ടതാണെന്ന് എടുത്തു പറഞ്ഞിരിക്കുമ്പോഴാണ് മന്ത്രി ജലീലിന്റെ ഈ നടപടി ഉണ്ടായിരിക്കുന്നത് എന്നതാണ് ഗൗരവകരം.
ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്‌ട് 2010 ല്‍ ‘വിദേശ സംഭാവന’യെന്ന പദത്തിന്റെ നിര്‍വചനത്തില്‍ സംഭാവനയും പാരിതോഷികവും പ്രത്യേകം ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. 1992 ലെ ഫോറിന്‍ ട്രേയ്ഡ് ഡവലപ്‌മെന്റ് ആന്‍ഡ് റഗുലേഷന്‍ ആക്റ്റില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കൂടാതെ ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ കസ്റ്റംസ് ആക്റ്റിന്റെ പരിധിയില്‍ വരുമെന്ന് പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നു. ഈ പറഞ്ഞ ഭരണഘടനാ നിയമ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ഒരു സംസ്ഥാന മന്ത്രിയും വിദേശ രാജ്യങ്ങളുമായോ ആ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നവരുമായോ നേരിട്ട് ഇടപെടാന്‍ പാടില്ലായെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് കേന്ദ്ര വിദേശകാര്യ വകുപ്പ് വിവിധ വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളതുമാണ്.
1999 ലെ വിദേശ വിനിമയ മാനേജ്‌മെന്റ് നിയമത്തിലെ (2ഇസഡ് ബി) എന്ന വകുപ്പ് പ്രകാരം സേവനം (സര്‍വീസ്) എന്ന നിര്‍വചനത്തില്‍ വൈദ്യസഹായവും ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് സൂചനാര്‍ഹമാണ്. ആ നിയമത്തിലെ തന്നെ ഏഴാം വകുപ്പ് അനുസരിച്ച് വിദേശത്തേക്ക് ഏതെങ്കിലും വസ്തുക്കളോ സേവനമോ കയറ്റി അയയ്ക്കുന്നുണ്ടെങ്കില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അവ സംബന്ധിച്ച് ഡിക്ലറേഷന്‍ കൊടുക്കണമെന്ന് നിബന്ധനയുണ്ട്. പ്രസ്തുത നിയമത്തില്‍ തന്നെ 8-ാം വകുപ്പ് പ്രകാരം വിദേശ നാണ്യം നേടാവുന്ന ഏതെങ്കിലും വസ്തുക്കള്‍ ഇറക്കുമതി ചെയ്താല്‍ നിശ്ചിത സമയത്തിനുള്ളില്‍ അത് റിസര്‍വ് ബാങ്കിനെ അറിയിക്കണം എന്നും പറയുന്നുണ്ട്. 9-ാം വകുപ്പ് അനുസരിച്ചാകട്ടെ സമ്മാനങ്ങളും പാരിതോഷികങ്ങളും റിസര്‍വ് ബാങ്ക് നിര്‍ണയിച്ച വസ്തുക്കള്‍ക്ക് മാത്രമേ ഏഴും, എട്ടിലെ നിബന്ധനകളില്‍ നിന്ന് ഒഴിവാകാന്‍ സാധിക്കൂ. ചുരുക്കത്തില്‍ വിദേശത്തുനിന്ന് സമ്മാനമായോ പാരിതോഷികമായോ സേവനമായോ ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ ഇന്ത്യാ രാജ്യത്ത് സ്വീകരിക്കുകയാണെങ്കില്‍ അത് റിസര്‍വ് ബാങ്കിന്റെ അനുമതിയോടുകൂടി ആയിരിക്കണം എന്ത് ഇറക്കുമതിയും എന്നത് നീർബന്ധമുള്ള ചട്ടവട്ടമാണ്. മേല്‍പ്പറഞ്ഞ നിബന്ധനകള്‍ ലംഘിക്കുകയെന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ് എന്നതും ഇക്കാര്യത്തിലെ ഗൗരവം ചൂണ്ടിക്കാണിക്കുന്നു.
ഒരു സംസ്ഥാന മന്ത്രി ഭക്ഷണപ്പൊതികൾ ഒരു അന്യ രാജ്യത്തിൻറെ കോൺസുലേറ്റുമായി നേരിട്ട് ബന്ധപെട്ടു ഇവിടെ വാങ്ങിയിരിക്കുകയാണ്. ഇത് മേല്പറഞ്ഞിട്ടുള്ള നിയമ വ്യവസ്ഥയുടെ നഗ്നമായ ലംഘനം തന്നെയാണ്. മാത്രമല്ല കോൺസുലേറ്റിൽ നിന്നുള്ള സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ
താൻ ബന്ധപെട്ടതായ കാര്യങ്ങൾ മന്ത്രിതന്നെ പരസ്യമായി പത്രസമ്മേളനം നടത്തി വെളിപ്പെടുത്തിയിട്ടുള്ളത് ഇതിനുള്ള വ്യക്തമായ തെളിവുകളുമാണ്. രണ്ടായിരത്തി ഇരുപത് ഏപ്രില്‍, മെയ് മാസങ്ങളില്‍ ഒരു വിദേശ രാജ്യത്തിന്റെ പ്രതിനിധി നേരിട്ട് മന്ത്രിയുമായി ബന്ധപ്പെടുകയും സംസ്ഥാന അതിര്‍ത്തിക്കുള്ളില്‍ വിതരണം ചെയ്യാന്‍ ഭക്ഷ്യപ്പൊതികള്‍ പാരിതോഷികമായോ സേവനമായോ വിമാന മാര്‍ഗം അയച്ചു എന്നതും, മന്ത്രി അവ സ്വീകരിക്കുകയുമാണ് ഉണ്ടായിരിക്കുന്നത്. ഇതു സംബന്ധിച്ച നടപടികള്‍ സുഗമമാക്കാന്‍ മന്ത്രി 20 തവണയെങ്കിലും ആ പാരിതോഷിക ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ വ്യക്തിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയെന്നതും രേഖാമൂലം തെളിയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
ഭരണഘടനയെയും നിയമ വ്യവസ്ഥയെയും ഉയര്‍ത്തിപ്പിടിച്ചുകൊള്ളാമെന്ന് അതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന മൂന്നാം പട്ടികയിലെ അഞ്ചാമത്തെ മാതൃകയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്ത ഒരു മന്ത്രിയുടെ മേല്‍നടപടി നിയമപരമല്ല. അല്ലെങ്കില്‍, പ്രകടമായും പ്രത്യക്ഷമായും സത്യപ്രതിജ്ഞയുടെ ലംഘനം നടന്നിരിക്കുകയാണ് ഇവിടെ. ഭരണഘടനയുടെ 164-ാം അനുച്ഛേദം അനുസരിച്ച് ഒരു സംസ്ഥാന മന്ത്രിയെ നിയമിക്കുന്നത് ഗവര്‍ണര്‍ ആണെന്നതും, ഗവര്‍ണറുടെ തൃപ്തിക്ക് വിധേയമായിട്ടാണ് മന്ത്രിയുടെ ഔദ്യോഗിക കാലാവധി എന്നതും സുപ്രധാന മായിരിക്കെയാണ് കെ ടി ജലീലിന്റെ നടപടി. ഇതിൽ നിന്ന് മന്ത്രി പാവനവും പരിശുദ്ധവും എന്ന് ജനങ്ങൾകരുതുന്ന സത്യപ്രതിജ്ഞ ലംഘിച്ചിരിക്കുകയാണ്. ഭരണഘടന ഏല്‍പ്പിച്ച കര്‍ത്തവ്യങ്ങള്‍ മറന്നിരിക്കുകയാണ്.