അനുവിന്റെ മരണത്തില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയും, രണ്ടാം പ്രതി പി.എസ്.സിയും ഷാഫി പറമ്പില്‍ എം.എല്‍.എ.

പി.എസ്.സി ലിസ്റ്റ് റദ്ദാക്കിയതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത അനുവിന്റെ മരണത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനും രണ്ടാം പ്രതി പി.എസ്.സിയുമാണെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടുകൊണ്ടും, മുഖ്യമന്ത്രിയുടെയും പി.എസ്.സി ചെയര്‍മാന്റെയും ധാര്‍ഷ്ട്യത്തിന്റെയും പേരില്‍ മാത്രമാണ് പി എസ് സി പരീക്ഷയിൽ 77ാം റാങ്ക് നേടിയ അനു എന്ന ചെറുപ്പക്കാരന്റെ ജീവന്‍ നഷ്ടപ്പെട്ടതെന്നും, കേരളത്തിലെ അഭ്യസ്തവിദ്യർ നിരാശയുടെ പടുകുഴിയിലേക്ക് വീണിരിക്കുകയാണെന്നും ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു.
സിവില്‍ എക്‌സൈസ് ഓഫീസറുടെ റാങ്ക് പട്ടികയിലേക്ക് ഈ ചെറുപ്പക്കാരന്‍ കുറുക്കുവഴികളിലൂടെ കടന്ന് വന്നതല്ല. സൂത്രത്തില്‍ കടന്ന് കയറിയല്ല. പിന്‍വാതില്‍ നിയമനം വഴി കയറിയതുമല്ല. പഠിച്ച്, കഷ്ടപ്പെട്ട് അധ്വാനിച്ച് പാസായി വന്നതാണ്. ആ ചെറുപ്പക്കാരനെ മരണത്തിലേക്ക് തള്ളി വിട്ടതിന്റെ ഒന്നാംപ്രതി കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടുപ്രതി കേരളത്തിലെ പി.എസ്.സിയുടെ ചെയര്‍മാനും പിഎസ്.സിയുമാണെന്ന് പറയാതിരിക്കാന്‍ വയ്യ. എന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന് എല്ലാവരും ആവശ്യപ്പെട്ടതാണ്. കേരളത്തിലെ പത്രമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ഇതിന് വേണ്ടി നിരന്തരം ക്യാംപയിന്‍ ചെയ്തതിട്ടും ധാര്‍ഷ്ട്യവും ധിക്കാരവുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സര്‍ക്കാര്‍ റാങ്ക് ലിസ്റ്റിനെ ഉദാസീന മനോഭാവത്തോടെ കണ്ടത്. ഈ വിഷയത്തില്‍ പരിമിതകളെ മറികടന്നും യുത്ത്‌കോണ്‍ഗ്രസ് സമര രംഗത്ത് ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.
ജോലിയില്ലാത്തതില്‍ ദുഃഖമുണ്ടെന്ന് അനു ആത്മഹത്യ കുറിപ്പ് എഴുതി വെച്ചിരുന്നു. റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ അനു ഏറെ മനോവിഷമത്തിലായിരുന്നെന്ന് ബന്ധുക്കളും പറഞ്ഞു. ജൂണ്‍ 19ാം തിയ്യതിയാണ് സിവില്‍ എക്സൈസ് ഓഫീസര്‍ റാങ്ക്ലിസ്റ്റിന്റെ കാലാവധി അവസാനിച്ചത്. കുറച്ചു ദിവസമായി ആഹാരം വേണ്ട, ശരീരമൊക്കെ വേദന പോലെ, എന്തു ചെയ്യണമെന്നറിയില്ല, കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടെ മുമ്പിലും ചിരിച്ചഭിനയിക്കാന്‍ വയ്യ, എല്ലാത്തിനും കാരണം ജോലിയില്ലായ്മ, സോറി, അനുവിന്റെ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരുന്നു.