ഇന്ത്യയിൽ 24 മണിക്കൂറിൽ 90,632 കൊവിഡ് കേസുകൾ,1,065 മരണം.

ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകളുടെ വർധനയിൽ വീണ്ടും റെക്കോഡ്. കഴിഞ്ഞ 24 മണിക്കൂറിൽ 90,632 കേസുകൾ ആണ് പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതർ 41,13,811 ആയി കുതിച്ചുയർന്നു. 1,065 പേർ കൂടി രാജ്യത്ത് കോവിഡ് ബാധയിൽ മരിച്ചു. ഇന്ത്യയിലെ മൊത്തം കൊവിഡ് മരണസംഖ്യ ഇതോടെ 70,626 ആയി.
രാജ്യത്ത് 31.80 ലക്ഷത്തിലധികം പേർ ഇതുവരെ കോവിഡ് രോഗമുക്തരായി. റിക്കവറി നിരക്ക് 77.32 ശതമാനമായി ഉയർന്നെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. മരണനിരക്ക് 1.72 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 8,62,320 ആക്റ്റിവ് കേസുകളാണ് ഇപ്പോൾ രാജ്യത്തുള്ളത്. മൊത്തം കേസ് ലോഡിന്‍റെ 20.96 ശതമാനം. ആക്റ്റിവ് കേസുകളിൽ ഏതാണ്ട് പകുതിയും മൂന്നു സംസ്ഥാനങ്ങളിലായാണ്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണാടക എന്നിവയാണ് ഈ സംസ്ഥാനങ്ങൾ. അവസാന 24 മണിക്കൂറിൽ കണ്ടെത്തിയ പുതിയ കേസുകളിലും 46 ശതമാനത്തോളം ഈ മൂന്നു സംസ്ഥാനങ്ങളിലായാണ്. മഹാരാഷ്ട്രയിൽ 20,801 പുതിയ കേസുകളാണു കണ്ടെത്തിയത്. ആന്ധ്രപ്രദേശിൽ 10,825 പേർക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. കർണാടകയിൽ 9,746 പേർ കൂടിയാണു പോസിറ്റീവായത്. മൂന്നു സംസ്ഥാനങ്ങളിലും കൂടി 41,372 പുതിയ കേസുകൾ 24 മണിക്കൂറിനിടെയുണ്ടായി. രോഗവ്യാപനം തടയാനുള്ള കർശന നടപടികൾ സ്വീകരിക്കാൻ മൂന്നു സംസ്ഥാനങ്ങളോടും കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്. ടെസ്റ്റുകൾ കൂട്ടുക, ക്ലിനിക്കൽ മാനെജ്മെന്‍റ് ശക്തിപ്പെടുത്തുക, മരണനിരക്ക് കുറയ്ക്കുക എന്നിവയാണു കേന്ദ്ര സർക്കാർ നിർദേശങ്ങൾ. രാജ്യത്ത് ഇപ്പോൾ പത്തു ലക്ഷത്തിലേറെ സാംപിളുകൾ ഒരു ദിവസം പരിശോധിക്കുന്നു. ഇനിയും പരിശോധന വർധിപ്പിക്കണമെന്നാണ് ഐസിഎംആർ നിർദേശിക്കുന്നത്. 10,92,654 സാംപിളുകളാണ് ശനിയാഴ്ച പരിശോധിച്ചത്.