കിരൺ മാർഷൽ, സ്വർണവ്യാപാരി എന്നത് മനഃപൂർവം മറച്ചുവെച്ചു.

മുഖ്യമന്ത്രി പിണറായി വിജയനുമായി ആത്മബന്ധമുണ്ടെന്ന് വ്യക്തമാക്കിയ തുറവൂർ പള്ളിത്തോട് സ്വദേശി കിരൺ മാർഷൽ, സ്വർണവ്യാപാരവുമായി ബന്ധമുണ്ടെന്ന കാര്യം മാധ്യമങ്ങളിൽ നിന്നു മനഃപൂർവം മറച്ചുവെക്കുകയായിരുന്നു. ഇതെന്തിനായിരുന്നു എന്ന ചോദ്യം ദുരൂഹതകളിയ്ക്കാണ് വിരൽ ചൂണ്ടുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതികളിൽ ചിലരുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ടായ കിരൺ, താൻ റിയൽ എസ്റ്റേറ്റ് ബിസിനസാണെന്നായിരുന്നു പറഞ്ഞിരുന്നത്. മറ്റു ചിലരുമായി ചേർന്ന് എരമല്ലൂരിൽ ഹോട്ടൽ ബിസിനസ്സും നടത്തുന്നുണ്ടെന്നാണ് പറഞ്ഞിരുന്നത്.
തുറവൂരിൽ ദേശീയപാതയോട് ചേർന്ന് സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിന് എതിർവശത്തായി കിരൺ ജൂവലറി നടത്തിയിരുന്നതാണ്. ഈ ജൂവലറി കൂടുതൽ നാൾ പ്രവർത്തിച്ചിരുന്നില്ല. പഞ്ചായത്ത്, വിൽപന നികുതി വകുപ്പുകളിൽനിന്ന് സ്വർണക്കട നടത്താൻ അനുമതി സമ്പാദിക്കുകമാത്രമായിരുന്നു ലക്ഷ്യം. കേരള കോഫീഹൗസ് എന്ന കിരണിന്റെ ഹോട്ടൽ ഉദ്ഘാടനത്തിന് സംസ്ഥാനത്തെ മൂന്ന് മന്ത്രിമാർ ആണ് പങ്കെടുത്തിരുന്നത്. തുടർന്ന് ഒരു ദിവസം മുഖ്യമന്ത്രിയും ഹോട്ടൽ സന്ദർശിച്ചിരുന്നു.
മുഖ്യമന്ത്രിയുമായുളള ബന്ധം വെളിപ്പെടുത്തികൊണ്ട് കിരൺ കേസന്വേഷണം തന്നിലേക്ക് എത്താതിരിക്കാൻ ഒരു ശ്രമം നടത്തുകയായിരുന്നു. കിരൺ സെക്രട്ടറിയായ ചേർത്തലയിലെ റൈഫിൾ പരിശീലനകേന്ദ്രവും സംശയത്തിന്റെ നിഴലിൽ തന്നെ. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഈ കേന്ദ്രത്തിൽ ഡി.ജി.പി ഉൾപ്പെടെ പൊലീസിലെ ഉന്നതർ നിത്യസന്ദർശകരാണ്. ലോക്ഡൗൺ കാലത്ത് റൈഫിൾ ക്ലബ് ഭാരവാഹികൾ ചേർത്തല പൊലീസ് സബ്ഡിവിഷനിലെ പൊലീസുകാർക്ക് ഭക്ഷണം എത്തിച്ചിരുന്നത് പോലീസ് സേനയ്ക്കായുള്ള അടുത്ത ബന്ധമാണ് ചൂണ്ടിക്കാണിക്കുന്നത്. അരുൺ ആരോപണ വിധേയനായ ഉടനെ റൈഫിൾ ക്ലബ്ബിന്റെ വെബ്സൈറ്റ് പൊടുന്നനെ കാണാതാവുകയായിരുന്നു.
ക്ലബ്ബിന്റെ ഫേസ് ബുക്ക് പേജിൽ നിന്ന് മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിന്റെ ഫോട്ടോകളും കാണാതായി. പൊലീസിന്റെ വെടിയുണ്ടയും തോക്കും കാണാതായ സംഭവത്തിലെ അന്വേഷണത്തിനിടയിലും ഈ ക്ലബിന്റെ പേരിൽ ആരോപണം ഉയർന്നിരുന്നതാണ്. തന്റെ വീട്ടിൽ പൊലീസ് ഉദ്യോഗസ്ഥരാരും വന്നിരുന്നില്ലെന്ന വെളിപ്പെടുത്തലിനു പിറകെ ജില്ല പൊലീസ് മേധാവി താൻ അവിടെ പോയി ചായ കുടിച്ചെന്നും, ആ വഴിക്ക് പോകുന്ന വഴി വെറുതെ ഒന്ന് കയറി ചായ കുടിച്ചെന്നുമാണ് പറഞ്ഞിരിക്കുന്നത്.