

ചൈനക്ക് ഇന്ത്യയുടെ ശക്തമായ താക്കീത്.
നിയന്ത്രണരേഖയിലെ നിലവിലെ സ്ഥിതിഗതികളില്‍ മാറ്റം വരുത്താന്‍ സൈന്യത്തെ വിന്യസിച്ചോ, ബലപ്രയോഗത്തിലൂടെയോ ചൈന ശ്രമിക്കുകയാണെങ്കില്‍ അത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് ഇന്ത്യയുടെ താക്കീത്. അതിര്‍ത്തിയില്‍ നിലനിന്നിരുന്ന സമാധാനത്തെ തകര്‍ക്കുക മാത്രമല്ല വിശാലമായ ഉഭയകക്ഷി ബന്ധത്തിലും അത് പ്രത്യാഘാതമുണ്ടാക്കും. കിഴക്കന്‍ ലഡാക്കിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരിക്കുകയാണ്.

അതിര്‍ത്തിയില്‍ നിയന്ത്രണരേഖ മാനിക്കാതെ ചൈന നടത്തുന്ന നിര്‍മാണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ സംഘര്‍ഷം അവസാനിക്കില്ലെന്നും, ഇന്ത്യന്‍ സൈന്യത്തിന്റെ പട്രോളിംഗ് തടയുന്നത് അവസാനിപ്പിക്കണമെന്നും ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍ വിക്രം മിസ്രി പറഞ്ഞു.
ഗാല്‍വന്‍ താഴ്‌വരയുടെ മേലുളള ചൈനയുടെ അവകാശവാദം അംഗീകരിക്കാനാവില്ല. ഇത്തരത്തിലുള്ള അതിശയോക്തി കലര്‍ന്ന അവകാശവാദങ്ങള്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ സഹായകമാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാല്‍വന്‍ താഴ്‌വരയിലെ നിയന്ത്രണരേഖയുടെ അതിർവരമ്പുകൾ ഇന്ത്യക്ക് വ്യക്തമായി അറിയാം. നിയന്ത്രണരേഖ ഇന്ത്യ കൃത്യമായി പാലിക്കുന്നുണ്ട്. ഗാല്‍വന്‍ താഴ്‌വര വരെ വളരെ കാലങ്ങളായി ഒരു തടസവുമില്ലാതെ പട്രോളിംഗ് നടത്തിവന്നിരുന്നതുമാണ്.
അതേസമയം, കിഴക്കൻ ലഡാക്കിൽ പാംഗോങ് തടാകമേഖല സംഘർഷഭരിതമാണ്. ഇന്ത്യയുടെയും ചൈനയുടെയും സൈനികവ്യൂഹങ്ങൾ തമ്മിലുള്ള അകലം ഇവിടെ അരകിലോമീറ്റര്‍മാത്രം. കിഴക്കൻ ലഡാക്കിലെ 832 കിലോമീറ്റർ അതിർത്തിയിലെ സാഹചര്യം കരസേനാ മേധാവി ജനറൽ എം എം നരവണെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ ധരിപ്പിച്ചിട്ടുണ്ട്. രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ പാംഗോങ്ങിൽ നിലയുറപ്പിച്ച സൈനികരുമായും ജനറൽ നരവണെ കൂടിക്കാഴ്ച നടത്തുന്നു.
സിക്കിമിലെ ദോക്‌ലാമിൽ 2018ൽ ഉണ്ടായ 73 ദിവസം നീണ്ട പ്രതിസന്ധിക്കു സമാന സാഹചര്യമാണ് പാംഗോങ്ങിലേതെന്ന് സൈന്യം വിലയിരുത്തുന്നത്. പാംഗോങ് തടാകതീരത്ത് ചൈന നടത്തിയ നിർമാണപ്രവർത്തനങ്ങളുടെ ഉപഗ്രഹദൃശ്യം പുറത്തു വന്നിരുന്നു. ആയുധം ഒളിപ്പിക്കാനുള്ള നിലവറകൾ അടക്കം തടാകതീരത്തെ ഫിംഗർ 4ൽ ചൈന നിർമിച്ചിരിക്കുകയാണ്. സൈനികരുടെ തോളൊപ്പം ഉയരത്തില്‍ ചുവരുകൾ കെട്ടിപ്പൊക്കി. അതേസമയം,ഇന്ത്യ ഏതു സാഹചര്യവും നേരിടാൻ പാകത്തിൽ ഇന്ത്യൻസേന അതിർത്തിയിൽ അണിനിരക്കുകയാണ്. ഒരു യുദ്ധ സമാനമെന്നോണം, സാധാരണയിൽ കൂടുതൽ സൈനികരെ ഇന്ത്യനിയോഗിച്ചു. രണ്ട് കിലോമീറ്റർ അകലെയുള്ള ഐടിബിപി താവളത്തിലും സന്നാഹം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ വിന്യാസത്തിന് അര കിലോമീറ്റർ താഴെയാണ് ചൈനീസ് സൈന്യം നിലയുറപ്പിച്ചിട്ടുള്ളത്.

Post Your Comments