ദാവൂദിന്റെ വിശ്വസ്തർ ഉൾപ്പടെ 18 പേരെ ഇന്ത്യ ഭീകരരായി പ്രഖ്യാപിച്ചു.

റിയാസ് ഭട്കൽ, സയ്യിദ് സലാഹുദ്ദീൻ, സാജിദ് മിർ, ഇക്ബാൽ ഭട്കൽ, ഛോട്ട ഷക്കീൽ, ടൈഗർ മേമൻ, ജാവേദ് ചൈന, ഹിസ്ബുൽ എന്നിവർ ഇനി ഭീകരർ.
ന്യൂഡൽഹി/ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തരും ഇന്ത്യൻ മുജാഹിദ്ദീൻ (ഐഎം) സ്ഥാപകൻ റിയാസ് ഭട്കൽ ഉൾപ്പെടെ പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന 18 പേരെ ഇന്ത്യ ഭീകരരായി പ്രഖ്യാപിച്ചു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) അനുസരിച്ചാണ് ഇന്ത്യയുടെ നടപടി. ദാവൂദിന്റെ സഹായികൾ ഛോട്ട ഷക്കീൽ, ടൈഗർ മേമൻ, ജാവേദ് ചൈന, ഹിസ്ബുൽ മുജാഹിദ്ദീൻ സ്ഥാപകൻ സയ്യിദ് സലാഹുദ്ദീൻ, സാജിദ് മിർ, ഐഎമ്മിന്റെ ഇക്ബാൽ ഭട്കൽ തുടങ്ങിയവരെയാണ് ഭീകരരായി പ്രഖ്യാപിച്ചത്.
ഇവരുടെ സ്വത്തുക്കൾ ഇന്ത്യ കണ്ടുകെട്ടും. ഭീകരതയ്ക്കെതിരെ നടപടിയെടുക്കാൻ മടിക്കുന്ന പാക്കിസ്ഥാന് താക്കീത് നൽകുന്നതാണ് ഇന്ത്യയുടെ നടപടി.1993ലെ മുംബൈ സ്ഫോടനം, 26/11 ആക്രമണം, 2010ൽ പുണെയിലെ ജർമൻ ബേക്കറിയിലും ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലും നടന്ന ഭീകരാക്രമണങ്ങൾ എന്നിവയുടെ സാഹചര്യത്തിലാണ് ഈ നടപടി. ഭേദഗതി ചെയ്ത യുഎപിഎ ഉപയോഗിച്ച് സംഘടനകളെ മാത്രമല്ല, വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അധികാരമുണ്ട്. ലഷ്കറെ തയിബയുടെ രാഷ്ട്രീയകാര്യ തലവൻ അബ്ദുർ റഹ്മാൻ മക്കി, ഹിസ്ബുൽ മുജാഹിദ്ദീന്റെ ധനകാര്യ വിഭാഗത്തിന്റെ ചുമതലയുള്ള ഗുലാം നബി ഖാൻ തുടങ്ങിയവരും പട്ടികയിൽ വരും. ഭീകരരായി പ്രഖ്യാപിച്ച 18 പേരും പാക്കിസ്ഥാൻ ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നതെന്നും ഇവരെ ഭീകരരായി പ്രഖ്യാപിക്കുന്നതു ഭീകരതയ്ക്കെതിരായ പോരാട്ടത്തിനു കൂടുതൽ ശക്തി പകരുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞിട്ടുണ്ട്.