30 സെക്കൻഡില്‍ കോവിഡ് ഫലം, റാപ്പിഡ് ടെസ്റ്റിങ് കിറ്റ് വികസിപ്പിക്കാൻ ഇന്ത്യയും ഇസ്രയേലും കൈകോർക്കുന്നു.

30 സെക്കൻഡിനുള്ളില്‍ കോവിഡിന്റെ പരിശോധനാഫലം ഫലം ലഭ്യമാക്കുന്ന റാപ്പിഡ് ടെസ്റ്റിങ് കിറ്റ് വികസിപ്പിക്കാൻ ഇന്ത്യയും ഇസ്രയേലും കൈകോർക്കുന്നു. ഇന്ത്യയിലെ ഇസ്രയേല്‍ എംബസി യാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ചർച്ചകൾക്കായി ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയ സംഘവും ആര്‍ ആന്‍ഡ് ഡി വിഭാഗവും പ്രത്യേക വിമാനത്തില്‍ ടെല്‍ അവീവില്‍നിന്ന് ന്യൂഡല്‍ഹിയില്‍ എത്തുമെന്ന് എംബസി ട്വിറ്ററിൽ അറിയിച്ചിരിക്കുകയാണ്.
ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആരോഗ്യവകുപ്പ് എന്നിവയാണ് കോവിഡ് പ്രതിരോധത്തിന് ഇന്ത്യയുമായി സഹകരിക്കുന്നത്. ഇസ്രയേലില്‍ കോവിഡ് വ്യാപനമുണ്ടായപ്പോൾ ഇന്ത്യ മരുന്നുകളും മാസ്‌കുകളും സുരക്ഷാ ഉപകരണങ്ങളും എത്തിച്ചു സഹായിച്ചിരുന്നു. അതിനുള്ള പ്രത്യുപകാരമായാണ് അടുത്ത സുഹൃത്തായ ഇന്ത്യയുമായി സഹകരിക്കുവാൻ ഇസ്രയേല്‍ തയ്യാറായിരിക്കുന്നത്. പ്രിൻസിപ്പൽ ശാസ്ത്ര ഉപദേഷ്ടാവ് കൃഷ്ണസ്വാമി വിജയരാഘവന്റെ നേതൃത്വത്തിൽ കിറ്റ് വികസിപ്പിക്കുന്നത്തിന് ഇസ്രായേൽ സഹകരിക്കും.
ഇന്ത്യയിലേക്കുള്ള സംഘത്തെ നയിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതി റോണ്‍ മല്‍ക്ക അറിയിച്ചിട്ടുണ്ട്. സൗഹൃദത്തിന്റെ ആഴം അളക്കുന്നതിനുള്ള സമയമാണിത്. ദുരിതപൂര്‍ണവും സങ്കീര്‍ണവുമായ ഘട്ടത്തില്‍ ഇന്ത്യക്കു സഹായം നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും റോണ്‍ മല്‍ക്ക പറഞ്ഞിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി കഴിഞ്ഞമാസം ഫോണിൽ സംസാരിച്ചിരുന്നു. ഇസ്രയേലില്‍ 56,000ത്തിലധികം പേര്‍ക്കാണ് കോ വിഡ് ബാധിച്ചത്. ഇതില്‍ 23,000ത്തിലധികം പേര്‍ രോഗമുക്തരായി. 433 പേര്‍ മാത്രമാണ് മരണപ്പെട്ടത്.