എണ്ണ വില പിടിച്ചുനിര്‍ത്താന്‍ നിര്‍ണായക നീക്കവുമായി ഇന്ത്യ
ന്യൂഡല്‍ഹി: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണലഭ്യത കുറയുകയും വില കുതിച്ചുയരുകയും ചെയ്യുമ്പോള്‍ നിര്‍ണായക നീക്കവുമായി ഇന്ത്യ. രാജ്യത്തിന്റെ ക്രൂഡ് ഓയില്‍ ശേഖരത്തില്‍നിന്ന് 50 ലക്ഷം ബാരല്‍ പുറത്തെടുക്കാനാണ് കേന്ദ്ര തീരുമാനം. രാജ്യാന്തരവിപണിയിലെ എണ്ണവില പിടിച്ചുനിര്‍ത്താന്‍ ലക്ഷ്യമിട്ട് യുഎസ് നടപ്പാക്കുന്ന പദ്ധതിയില്‍ ജപ്പാന്‍, ചൈന, ബ്രിട്ടന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയും ചേരുന്നത്. നടപടിക്രമങ്ങള്‍ 10 ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്നാണ് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.
നേരത്തേ ഇന്ധനവില കുറയ്ക്കുന്നതിന്റെ ഭാഗമായി കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചിരുന്നു. തന്ത്രപ്രധാന കരുതല്‍ശേഖരത്തില്‍നിന്നു പുറത്തെടുക്കുന്ന എണ്ണയുടെ അളവ് വളരെ വലുതല്ല. എന്നാല്‍, ലോകത്തെ ഏറ്റവും വലിയ ഉപഭോക്തൃരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നീങ്ങുന്നത് എണ്ണ ഉത്പാദകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പാണ്. ഏറ്റവും വലിയ എണ്ണ ഉപയോക്താക്കളായ രാജ്യങ്ങളെന്ന നിലയ്ക്കാണു രാജ്യാന്തര എണ്ണവില കുറയ്ക്കാനുള്ള സംയുക്തനടപടി. 2.65 കോടി ബാരലാണ് ഇന്ത്യയുടെ കരുതല്‍ശേഖരം.
അഞ്ച് രാജ്യങ്ങളും ചേര്‍ന്ന് 10 കോടിയോളം ബാരല്‍ കരുതല്‍ശേഖരത്തില്‍നിന്നു പുറത്തെടുക്കുമെന്നാണു സൂചന. കരുതല്‍ശേഖരം അടിയന്തരമായി പുറത്തെടുക്കണമെന്ന യുഎസ് സര്‍ക്കാരിന്റെ ആഹ്വാനത്തോട് കേന്ദ്ര പെട്രോളിയം, വിദേശകാര്യമന്ത്രാലയങ്ങള്‍ അനുകൂലനിലപാടാണെടുത്തതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യുഎസിനൊപ്പം ചൈന, ജപ്പാന്‍, ഇന്ത്യ, ബ്രിട്ടന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങള്‍ കരുതല്‍ശേഖരം ഒന്നിച്ച് തുറക്കാന്‍ തീരുമാനിച്ചത് എണ്ണവിപണിയുടെ ചരിത്രത്തില്‍ ആദ്യസംഭവമാണ്.