പാസ്പോർട്ട് റദ്ദാക്കി, ഫൈസൽ ഫരീദിനെ കുരുക്കിലാക്കി.

വിവാദമായ തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് റദ്ദാക്കി. കസ്റ്റംസിന്റെ നിർദേശമനുസരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് പാസ്പോർട്ട് റദ്ദാക്കിയത്. ഈ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ബ്യൂറോ ഓഫ് എമിഗ്രേഷനെയും അറിയിച്ച് കഴിഞ്ഞു. ഫൈസൽ ഫരീദിനെ എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള നടപടികളുടെ ഭാഗമായാണ് കേന്ദ്രസർക്കാരിന്റെ സുപ്രധാന നടപടി ഉണ്ടായത്. പാസ്പോർട്ട് റദ്ദാക്കിയതോടെ ഫൈസൽ ഫരീദിന് യു.എ.ഇയിൽ പോലും സഞ്ചരിക്കാൻ കഴിയാതെയാവും. യു.എ.ഇയിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക് കടന്നുകളയാനുള്ള സാധ്യത കൂടി അടക്കുകയാണ് ഇത് മൂല മുഖ്യമായും ലക്ഷ്യമിടുന്നത്.
കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയായ ഫൈസൽ ഫരീദാണ് നയതന്ത്ര ബാഗേജ് എന്ന പേരിൽ സ്വർണം അയച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നതാണ്. ആരോപണം നിഷേധിച്ച് ഫൈസൽ പത്രമാധ്യമങ്ങളിലൂടെ രംഗത്തെത്തുകയായിരുന്നു. ഫൈസൽ ഫരീദിനെതിരെ എൻ.ഐ.എ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനിടെ ഇന്റർപോൾ വഴി ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കങ്ങളും നടക്കുകയാണ്.
യു.എ.ഇയില്‍ നിന്ന് ഡിപ്ലോമാറ്റിക് ബാഗ് അയച്ചത് ഫൈസല്‍ ഫരീദ് തന്നെയാണെന്ന് തെളിക്കുന്ന രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു. അറ്റാഷേയുടെ പേരില്‍ ബാഗ് അയച്ച എയര്‍വേ ബില്ലില്‍ രേഖപ്പെടുത്തിയത് ഫൈസലിന്റെ വിലാസമാണ്. ബാഗ് അയക്കാന്‍ അറ്റാഷേയുടെ പേരില്‍ നല്‍കിയ കത്തില്‍ എമിറേറ്റ്‌സ് ഐഡി നമ്പറും ഫൈസലിന്റെത് തന്നെയാണെന്നാണ് സ്ഥിരീകരിക്കപ്പെട്ടു.
തുടർന്നാണ് അന്വേഷണസംഘത്തിന്റെ ആവശ്യത്തെ മുന്‍നിര്‍ത്തി ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് റദ്ധാക്കുന്നത്. യു.എ.ഇയിലുള്ള ഫൈസലിനെ ഇന്ത്യയിലെത്തിക്കാന്‍ അന്വേഷണസംഘം ശ്രമം തുടങ്ങി. ഇതിനായി ഇന്റര്‍പോളിനെ സമീപിക്കുമെന്നാണ് വിവരം.
ഇതിനിടെ ഫൈസല്‍ ഫരീദിന് യു.എ.ഇ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. യു.എ.ഇ വിട്ട് പുറത്ത് പോകാന്‍ ആവില്ല. യുറോപ്പിലേക്കോ അമേരിക്കയിലേക്കോ രക്ഷപ്പെടുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യു.എ.ഇ കോണ്‍സുലേറ്റിലേക്ക് ഒരു സാധനവും അയച്ചിട്ടില്ല, സ്വപ്നയെയോ, സന്ദീപിനെയോ അറിയില്ലെന്നും ഫൈസല്‍ ഫരീദ് പറഞ്ഞിരുന്നത്.