യുഡിഎഫില്‍ നിന്ന് പി. വി അബ്ദുള്‍ വഹാബ്, രാജ്യസഭ സ്ഥാനാര്‍ത്ഥികളെ സിപിഎം വെള്ളിയാഴ്ച തീരുമാനിക്കും
രാജ്യസഭ സ്ഥാനാര്‍ത്ഥികളെ സിപിഎം വെള്ളിയാഴ്ച തീരുമാനിക്കും; യുഡിഎഫില്‍ നിന്ന് പി. വി അബ്ദുള്‍ വഹാബ് തന്നെ വയലാര്‍ രവി, കെ.കെ.രാഗേഷ്, പി.വി.അബ്ദുള്‍ വഹാബ് എന്നിവര്‍ ഒഴിഞ്ഞ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ ഇടതുമുന്നണി യോഗവും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും വെള്ളിയാഴ്ച ചേരും. ജയം ഉറപ്പുള്ള രണ്ടു സീറ്റിലും സിപിഎം മത്സരിക്കും. മൂന്നാമത്തെ സീറ്റില്‍ മുസ്‌ലിം ലീഗിലെ പി.വി.അബ്ദുള്‍ വഹാബ് സ്ഥാനാര്‍ഥിയാകും.
ഹൈക്കോടതിയെ സമീപിച്ചാണ് ഒഴിവുവരുന്ന മൂന്നു സീറ്റുകളിലെ തെരഞ്ഞെടുപ്പ് ഈ നിയമസഭയുടെ കാലത്തുതന്നെ ഇടതു മുന്നണി ഉറപ്പാക്കിയത്. വയലാര്‍ രവി, കെ.കെ.രാഗേഷ്, പി.വി.അബ്ദുള്‍ വഹാബ് എന്നിവര്‍ ഒഴിഞ്ഞ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. സഭയിലെ അംഗബലം അനുസരിച്ച് രണ്ടുപേരെ ഇടതുമുന്നണിക്ക് വിജയിപ്പിക്കാം. മുന്നണിയിലെ മുന്‍ ധാരണയനുസരിച്ച് രണ്ടിലും സിപിഎം മത്സരിക്കും. വെള്ളിയാഴ്ചത്തെ സിപിഎം സെക്രട്ടേറിയറ്റിനു ശേഷം ചേരുന്ന ഇടതു മുന്നണി യോഗം ഇക്കാര്യം ഔദ്യോഗികമായി തീരുമാനിക്കും.
രാജ്യസഭയിലും കര്‍ഷകസമരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച കെ.കെ.രാഗേഷിന് ഒരവസരം കൂടി സിപിഎം നല്‍കുമോയെന്ന് വ്യക്തമല്ല. ഇടതു സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പിന്റെ പേരും പരിഗണനയിലുണ്ട്. എന്നാല്‍ അംഗബലം കുറവായ സഭയില്‍ പാര്‍ട്ടി നേതാവിനെ തന്നെ അയക്കണമെന്ന അഭിപ്രായം നേതൃത്വത്തില്‍ ഒരു വിഭാഗത്തിനുണ്ട്. അങ്ങനെയെങ്കില്‍ ഇക്കുറിയും ചെറിയാന്‍ ഫിലിപ്പ് സാധ്യതാ പട്ടികയില്‍ ഒതുങ്ങും.
കര്‍ഷക സംഘം നേതാവ് വിജു കൃഷ്ണന്റെ പേര് സജീവ പരിഗണനയില്‍ ഉണ്ട്. മലയാളിയായ വിജു ഡല്‍ഹിയിലെ കര്‍ഷക സമരത്തിന്റെ നായകരില്‍ പ്രധാനിയാണ്. ധനമന്ത്രി തോമസ് ഐസക്കിന്റെ പേരും ചര്‍ച്ചകളിലുണ്ടായിരുന്നു. ബൃന്ദാ കാരാട്ടിനെ പോലെയുള്ള പ്രമുഖരെ രാജ്യസഭയിലെ സിപിഎം ശബ്ദമാക്കി മാറ്റണമെന്ന ആഗ്രഹം കേന്ദ്ര നേതൃത്വത്തിനുണ്ട്. എന്നാല്‍ സംസ്ഥാന നേതൃത്വം ഇത് അംഗീകരിക്കുമോയെന്ന് വ്യക്തമല്ല. യുഡിഎഫില്‍ സീറ്റ് ലീഗിനു തന്നെയാണ്. കാലാവധി അവസാനിക്കുന്ന അബ്ദുള്‍ വഹാബിനെ മത്സരിപ്പിക്കാന്‍ മുസ്‌ലിം ലീഗ് തീരുമാനിച്ചു കഴിഞ്ഞു. മറ്റു രണ്ടു സീറ്റുകളിലെ സ്ഥാനാര്‍ഥികളേയും ഉടന്‍ തീരുമാനിക്കും. ഈ മാസം മുപ്പതിനാണ് തെരഞ്ഞെടുപ്പ്.