Sports

ഐ പി എൽ : രാജസ്ഥാനും മുംബൈക്കും ജയം

ഐപിഎല്ലിൽ ഞായറാഴ്ച്ച നടന്ന മത്സരങ്ങളിൽ രാജസ്ഥാനും മുംബൈക്കും ജയം. ഒന്നാം മത്സരത്തിൽ രാജസ്ഥാൻ 5 വിക്കറ്റിന് ഹൈദ്രാബാദിനെയും, രണ്ടാം മത്സരത്തിൽ മുംബൈ 5 വിക്കറ്റിന് ഡൽഹിയെയും തോൽപ്പിച്ചു.

ആദ്യ മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം അവസാന ഓവറിലാണ് രാജസ്ഥാൻ മറികടന്നത്.താരതമ്യേന ചെറിയ സ്കോർ പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് തുടക്കം തന്നെ പിഴക്കുകയായിരുന്നു. ആദ്യ നാല് ഓവറുകൾക്കുള്ളിൽ ബെൻ സ്റ്റോക്ക്സ് (5), സ്റ്റീവ് സ്മിത്ത് (5), ജോസ് ബട്ട്ലർ (16) എന്നിവരുടെ വിക്കറ്റുകൾ രാജസ്ഥാന് നഷ്ടമായി. പിന്നീട് ഉത്തപ്പയും സഞ്ജു സാംസണും ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും റാഷിദ്‌ ഖാന്റെ പന്തിൽ ഉത്തപ്പ എൽ.ബി ആയി പുറത്തു പോയി. അധികം വൈകാതെ തന്നെ സഞ്ജുവും റാഷിദ്‌ ഖാന്റെ പന്തിൽ കൂടാരം കയറി.പിന്നീട് ഒത്തുചേർന്ന റിയാൻ പരാഗും തെവാട്ടിയയും ചേർന്ന് അവസാന ഓവറിൽ ആഞ്ഞടിച്ചാണ് രാജസ്ഥാനെ വിജയത്തിലേക്ക് കൈപിടിച്ചു കേറ്റിയത്. തെവാട്ടിയ 28 പന്തിൽ 45 റൺസ് നേടിയപ്പോൾ പരാഗ് 26 പന്തിൽ നിന്നായി 42 റൺസ് നേടിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത് .ഇരുവരും പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തിരുന്നു. അർധ സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയും 48 റൺസെടുത്ത ക്യാപ്റ്റൻ ഡേവിഡ് വാർണറുമാണ് ഹൈദരാബാദിനെ ഭേദപ്പെട്ട ടോട്ടലിൽ എത്തിച്ചത്.രാജസ്ഥാനായി ജോഫ്ര ആർച്ചർ, കാർത്തിക് ത്യാഗി, ഉനദ്കട്ട് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഹൈദരാബാദിനായി ഖലീൽ അഹമ്മദും റാഷിദ്‌ ഖാനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

രണ്ടാം മത്സരത്തിൽ ഡൽഹി 5 വിക്കറ്റിനാണ് മുംബൈ ഡൽഹിയെ പരാജയപ്പെടുത്തിയത്. 163 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 2 പന്തുകൾ ബാക്കി നിൽക്കെ വിജയിക്കുകയായിരുന്നു. ക്വിന്റൺ ഡികോക്കിന്റെയും സൂര്യകുമാർ യാദവിന്റെയും അർധസെഞ്ചുറികളാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്. തുല്യ ശക്തികളുടെ പോരാട്ടത്തിനാണ് ഇന്ന് ഐ.പി.എൽ വേദിയായത്. ഈ ജയത്തോടെ പോയന്റ് പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താൻ മുംബൈയ്ക്ക് സാധിച്ചു.

നിശ്ചിത ഓവറിൽ ഡൽഹി നാല് വിക്കറ്റ് നഷ്ടത്തിൽ 162 റൺസാണ് എടുത്തത്. ഡൽഹിയ്ക്ക് വേണ്ടി ധവാനും ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരും മികച്ച പ്രകടനം കാഴ്ചവെച്ചു. മികച്ച രീതിയിൽ പന്തെറിഞ്ഞ മുംബൈ ബൗളേഴ്സാണ് കൂറ്റൻ സ്കോർ നേടുന്നതിൽ നിന്നും ഡൽഹിയെ തടഞ്ഞത്.

ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത ഡൽഹിയ്ക്ക് ആദ്യ ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. നാല് റൺസെടുത്ത പൃഥ്വി ഷായെ ട്രെന്റ് ബോൾട്ട് മടങ്ങി. പിന്നാലെ ക്രീസിലെത്തിയ അജിങ്ക്യ രഹാനെ തരക്കേടില്ലാതെ ബാറ്റേന്തി. ഈ സീസണിൽ ഇതാദ്യമായാണ് രഹാനെയ്ക്ക് അവസരം ലഭിക്കുന്നത്. 15 റൺസെടുത്ത രഹാനെയെ വിക്കറ്റിന് മുന്നിൽ കുടുക്കി ക്രുനാൽ പാണ്ഡ്യ വീണ്ടും ഡൽഹിയ്ക്ക് പ്രഹരമേൽപ്പിച്ചു.

പിന്നീട് ഒത്തുചേർന്ന ധവാനും ശ്രേയസ്സും ചേർന്ന് മികച്ച ഇന്നിങ്സ് കെട്ടിപ്പൊക്കി. ഇരുവരും മൂന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ ഈ കൂട്ടുകെട്ട് പൊളിച്ച് ക്രുനാൽ പാണ്ഡ്യ വീണ്ടും കളി മുംബൈയ്ക്ക് അനുകൂലമാക്കി. ഇിരുവരും ചേർന്ന് 85 റൺസാണ് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 33 പന്തുകളിൽ നിന്നും 42 റൺസെടുത്ത് ശ്രേയസ് പുറത്തായപ്പോൾ ഡൽഹി പരുങ്ങലിലായി.

എന്നാൽ ശ്രേയസ്സിന് ശേഷം ക്രീസിലെത്തിയ സ്റ്റോയിനിസ് അടിച്ചുതകർത്തതോടെ സ്കോർ വീണ്ടും കുതിച്ചു. ഇതിനിടയിൽ ധവാൻ അർധ സെഞ്ചുറി നേടി. എന്നാൽ അനാവശ്യ റൺസിന് ശ്രമിച്ച് സ്റ്റോയിനിസ് റൺ ഔട്ട് ആയി. 13 റൺസാണ് സ്റ്റോയിനിസ് നേടിയത്.

സ്റ്റോയിനിസിന് പകരമെത്തിയത് മറ്റൊരു ഓസിസ് ബാറ്റ്സ്മാനായ അലക്സ് ക്യാരിയാണ്. അദ്ദേഹത്തിന്റെ ആദ്യ ഐ.പി.എൽ മത്സരമായിരുന്നു ഇത്. മധ്യ ഓവറുകളിൽ നന്നായി കളിച്ചെങ്കിലും അവസാന ഓവറുകളിൽ ആ ഫോം തുടരാൻ ഡൽഹിക്കായില്ല. ക്യാരിയ്ക്കും കാര്യമായി റൺസെടുക്കാനായില്ല. ധവാന്റെ ഒറ്റയാൾ പോരാട്ടമാണ് സ്കോർ 160 കടത്തിയത്. അദ്ദേഹം പുറത്താവാതെ 52 പന്തിൽ നിന്നും 69 റൺസെടുത്തു.മുംബൈയ്ക്ക് വേണ്ടി ബൗളർമാർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ക്രുനാൽ പാണ്ഡ്യ രണ്ടുവിക്കറ്റെടുത്തപ്പോൾ ബോൾട്ട് ഒരു വിക്കറ്റ് വീഴത്തി.

163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിന്റെ തുടക്കം മോശമായിരുന്നു. ഒരു വശത്ത് മനോഹരമായ ഷോട്ടുകളുമായി ഡി കോക്ക് കളം നിറഞ്ഞപ്പോൾ മറുവശത്ത് രോഹിത്തിന് താളം കണ്ടെത്താനായില്ല. രോഹിത്ത് 12 പന്തിൽ നിന്നും വെറും അഞ്ച് റൺസ് മാത്രമെടുത്ത് മടങ്ങി. അക്സർ പട്ടേലിനാണ് വിക്കറ്റ്. സ്കോർ 31-ൽ നിൽക്കെയാണ് രോഹിത്ത് പുറത്തായത്.

വിക്കറ്റ് വീണിട്ടും അത് കാര്യമാക്കാതെ ഡി കോക്ക് മികവുറ്റ ഫോമാണ് പുറതത്തെടുത്തത്. അനായാസം അദ്ദേഹം ബൗണ്ടറികൾ നേടി സ്കോർ ബോർഡ് ചലിപ്പിച്ചു. രോഹിത്തിന് ശേഷം ക്രീസിലെത്തിയ സൂര്യകുമാർ യാദവ് ഡി കോക്കിന് പിന്തുണയേകി. ഇരുവരും ചേർന്ന് മുംബൈ ഇന്നിങ്സിനെ ഭേദപ്പെട്ട നിലയിലെത്തിച്ചു. ഇതിനിടയിൽ 33 പന്തുകളിൽ നിന്നും ഡി കോക്ക് അർധ സെഞ്ചുറി നേടി.

എന്നാൽ അർധസെഞ്ചുറി നേടിയ ഉടൻ തന്നെ ഡി കോക്കിനെ പുറത്താക്കി അശ്വിൻ കളി ഡൽഹിയ്ക്ക് അനുകൂലമാക്കി. 36 പന്തുകളിൽ നിന്നും 53 റൺസാണ് താരമെടുത്തത്. ഡി കോക്ക് പുരത്തായതോടെ ആക്രമണത്തിന്റെ ചുമതല സൂര്യകുമാർ യാദവ് ഏറ്റെടുത്തു. 30 ബോളുകളിൽ നിന്നും സൂര്യകുമാർ അർധശതകം നേടി. പിന്നാലെയെത്തിയ ഇഷാൻ കിഷനും മികച്ച പ്രകടനം പുറത്തെടുത്തു. ഇരുവരും അർധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി.

എന്നാൽ സൂര്യകുമാറിനെ പുറത്താക്കി റബാദ മുംബൈയ്ക്ക് പ്രഹരമേൽപ്പിച്ചു. തൊട്ടടുത്ത ഓവറിൽ സ്റ്റോയിനിസ് വെടിക്കെട്ട് താരമായയ ഹാർദിക്കിനെ പൂജ്യനായി മടക്കി മുംബൈയ്ക്ക് ഇരട്ടപ്രഹരമേൽപ്പിച്ചു. അനായാസം ജയിക്കും എന്ന നിലയിൽ നിന്നും മുംബൈ വീണ്ടും തകർച്ചയിലേക്ക് വീണു. എന്നാൽ ഇഷാൻ കിഷനും ഹാർദിക്കിന് ശേഷം ക്രീസിലെത്തിയ പൊള്ളാർഡും ചേർന്ന് ഇന്നിങ്സ് കരകയറ്റി. 28 റൺസെടുത്ത കിഷൻ മടങ്ങിയെങ്കിലും മുംബൈ വിജയം ഉറപ്പിച്ചിരുന്നു. അവസാനം പൊള്ളാർഡും ക്രുനാൽ പാണ്ഡ്യയും ചേർന്ന് മുംബൈ ഇന്ത്യൻസിനെ വിജയത്തിലെത്തിച്ചു.ഡൽഹിയ്ക്ക് വേണ്ടി റബാദ രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ അക്സർ പട്ടേൽ, സ്റ്റോയിനിസ്, അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.തിങ്കളാഴ്ച്ച ബാംഗ്ലൂർ കൊൽക്കത്തയെ നേരിടും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button