സുധീരന്റെ രാജിക്കു പിന്നില്‍ നിരാശയോ അതോ?
കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യസമിതിയില്‍ നിന്നും വി.എം. സുധീരന്‍ രാജിവച്ചത് വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. മുന്‍ കെപിസിസി പ്രസിഡന്റ് കൂടിയായ സുധീരന്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ മനംമടുത്താണ് ആ സ്ഥാനം രാജിവച്ചത്. തുടര്‍ന്ന് എം.എം. ഹസനും മുല്ലപ്പള്ളി രാമചന്ദ്രനും പ്രസിഡന്റുമാരായി. എന്നാല്‍ കെ. സുധാകരന്‍ പ്രസിഡന്റായതോടെ താന്‍ തീര്‍ത്തും അവഗണിക്കപ്പെട്ടു എന്നതിനാലാണ് സുധീരന്‍ രാജിവച്ചത് എന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ നല്‍കുന്ന സൂചന.
അധികാരസ്ഥാനങ്ങളുടെ പിന്നാലെ പോകാതെ തന്റേതായ ഒരിടം പാര്‍ട്ടിയില്‍ സൃഷ്ടിച്ചെടുക്കുകയായിരുന്നു സുധീരന്‍. എന്നാല്‍ അദ്ദേഹത്തിന് ഹസനും മുല്ലപ്പള്ളി രാമചന്ദ്രനും വേണ്ടത്ര പരിഗണന നല്‍കിയില്ല. അതില്‍ പരിഭവമുണ്ടായിരുന്നെങ്കിലും സുധാകരന്‍ വന്നതോടെ കടുത്ത അവഗണന നേരിടേണ്ടി വന്നു. ഗ്രൂപ്പുകള്‍ക്കതീതമായി കോണ്‍ഗ്രസിനെ മുന്നോട്ടുനയിക്കാന്‍ സുധാകരന് സാധിക്കുമെന്ന തോന്നല്‍ സാധാരണ പ്രവര്‍ത്തകരിലടക്കം ഉണ്ടായിട്ടുണ്ട്.
എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്ന പരാതി വ്യാപകവുമാണ്. കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളുടെ ആധിക്യം പലപ്പോഴും മുതിര്‍ന്ന നേതാക്കളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. അത്തരം അസ്വസ്ഥത പരസ്യമായി പ്രകടിപ്പിച്ച വ്യക്തിയാണ് സുധീരന്‍. എന്നാല്‍ അത്തരത്തിലൊരാളെ തീര്‍ത്തും അവഗണിച്ചപ്പോള്‍ സ്ഥാനമാനങ്ങള്‍ ത്യജിക്കേണ്ട അവസ്ഥയിലായി.
രാഷ്ട്രീയകാര്യസമിതിക്ക് യാതൊരു പ്രസക്തിയുമില്ലാത്ത അവസ്ഥയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ ഏതെങ്കിലും വിധത്തില്‍ അഡ്ജസ്റ്റ് ചെയ്യാനായി രൂപീകരിച്ച ഒരു കടലാസ് സമിതി മാത്രമാണ് രാഷ്ട്രീയകാര്യസമിതിയെന്ന പലപ്പോഴും അവര്‍ തന്നെ പരസ്യമായി പറഞ്ഞിട്ടുമുണ്ട്. എന്നാലും ഏതെങ്കിലുമൊരു സ്ഥാനം തന്ന് തങ്ങളെ പരിഗണിക്കുന്നുണ്ട് എന്നതില്‍ അവര്‍ തൃപ്തരായിരുന്നു. കോണ്‍ഗ്രസില്‍ സംഘടനാപരമായ കാര്യങ്ങളിലും മറ്റും രാഷ്ട്രീയകാര്യസമിതി എന്നും നോക്കുകുത്തി തന്നെയാണ്.
അത്തരത്തിലൊരു സ്ഥാനം തനിക്ക് ആവശ്യമില്ലെന്ന തോന്നല്‍ സുധീരനുളവായത് സുധാകരന്റെ തീരുമാനങ്ങളും അത് നടപ്പാക്കുന്ന രീതിയിലും നിന്നായിരിക്കാം. ജനാധിപത്യപരമായാണ് തങ്ങള്‍ നീങ്ങുന്നതെന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും അവസാന തീരുമാനം നെഹ്‌റു കുടുംബത്തിന് വിട്ടുകൊടുക്കുകയാണ് പതിവ്. കോണ്‍ഗ്രസില്‍ നെഹ്‌റു കുടുംബത്തിന്റെ അലിഖിതമായ അപ്രമാദിത്വം അടിച്ചേല്‍പിക്കുന്നതുപോലെയാണ് സുധാകരനും ചെയ്യുന്നത്. തീരുമാനങ്ങളും നിര്‍ദേശങ്ങളുമെല്ലാം പല കോണില്‍ നിന്നു വന്നാലും സുധാകരന്റേതായ തീരുമാനം മാത്രമേ നടപ്പിലാവൂ.
പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുകാര്‍ തന്നെ കാലുവാരി തോല്‍പ്പിച്ചപ്പോള്‍ പോലും ക്ഷമയോടെ മുന്നോട്ടു പോയ സുധീരന്‍ ഇപ്പോള്‍ യാതൊരു നിവൃത്തിയുമില്ലെന്ന് ഉറപ്പിച്ചതിനുശേഷമാണ് നേതൃസ്ഥാനങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നത്. സുധാകരന്റെ നയങ്ങളെ പരസ്യമായി വിമര്‍ശിക്കാന്‍ ഉത്തരവാദിത്വങ്ങള്‍ തടസമാവുമെന്ന തോന്നലും സുധീരനില്‍ ഉണ്ടായിരുന്നിരിക്കാം. പാര്‍ട്ടിയോടുള്ള കൂറിനേക്കാള്‍ നെഹ്‌റു കുടുംബത്തോടുള്ള വിധേയത്വമാണ് കോണ്‍ഗ്രസിലെ അധികാരസ്ഥാനത്തിന്റെ മാനദണ്ഡം എന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത് പതിവാണ്.
ഇവിടെ സുധീരന്‍ രാജിവയ്ക്കുമ്പോള്‍ അദ്ദേഹത്തിന് നഷ്ടമായത് പാര്‍ട്ടിയോടുള്ള കൂറാണോ അതോ നെഹ്‌റു കുടുംബത്തോടുള്ള വിധേയത്വമാണോ എന്ന സംശയമാണ് ഉയരുന്നത്. സുധാകരന്റെ കീഴില്‍ തുടര്‍ന്നും സ്ഥാനമാനങ്ങളുമായി മുന്നോട്ടുപോയാല്‍ സ്വത്വം നഷ്ടപ്പെടുമെന്ന തോന്നലും രാജിയുടെ കാരണങ്ങളിലൊന്നാവാം. ഏതായാലും ഗ്രൂപ്പുകള്‍ക്കതീതമായി ഒരു ഗ്രൂപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്ന ഇമേജ് ഉണ്ടാക്കിയെടുത്ത കോണ്‍ഗ്രസിന്റെ ഒരു നേതാവ് കൂടി നിശബ്ദനായിരിക്കുകയാണ്.