കേരള ബാങ്കില്‍ അടിമുടി അഴിമതി
കൊച്ചി: കേരള ബാങ്ക് രൂപീകരണം മുതല്‍ അടിമുടി അഴിമതിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. ജില്ല ബാങ്കുകള്‍ കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിനു മുമ്പാണ് വന്‍ ക്രമക്കേട് നടത്തിയിരിക്കുന്നത്. മലപ്പുറം ഒഴികെ 13 ജില്ല ബാങ്കുകള്‍ കേരള ബാങ്കില്‍ ലയിപ്പിച്ചതിന്റെ ഭാഗമായി ജീവനക്കാരുടെ ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങള്‍ നിശ്ചയിച്ചതില്‍ വലിയ ക്രമക്കേടാണ് നടന്നിരിക്കുന്നത്.
പാര്‍ട്ട് ടൈം സ്വീപ്പര്‍മാര്‍, ജൂനിയര്‍ അക്കൗണ്ടന്റുമാര്‍, ഡെപ്യൂട്ടി മാനേജര്‍ തുടങ്ങിയ തസ്തികകളില്‍ അനധികൃതമായി സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നിയമനമോ സ്ഥാനക്കയറ്റമോ നേടിയെടുത്തവരുണ്ടോ എന്ന കാര്യം പരിശോധിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ പരിഹരിക്കാന്‍ കേരള ബാങ്ക് പ്രത്യേക സെല്‍ രൂപീകരിച്ച് ഈ മാസം റിപ്പോര്‍ട്ട് നല്‍കാന്‍ സഹകരണ ബാങ്ക് രജിസ്ട്രാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സഹകരണ ബാങ്കുകളില്‍ നടക്കുന്ന അഴിമതികള്‍ അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കേരള ബാങ്കിലെ പല ഉന്നത ഉദ്യോഗസ്ഥരുടെയും വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ക്കൊന്നും വ്യക്തത വരുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇന്‍ക്രിമെന്റ് അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കാന്‍ പാടില്ലെന്നിരിക്കെ ഇങ്ങനെ പലര്‍ക്കും ലക്ഷക്കണക്കിനു രൂപ അധികമായി നല്‍കി. അനധികൃതമായി നല്‍കിയ സ്ഥാനക്കയറ്റങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ ക്രമീകരിക്കണമെന്നു സഹകരണ രജിസ്ട്രാര്‍ ഉത്തരവിട്ടിട്ടുണ്ട്.
അധികം കൈപ്പറ്റിയ ശമ്പളം അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും ജീവനക്കാരില്‍ നിന്ന് ഉടന്‍ തിരികെ ഈടാക്കണം. ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പലരും തങ്ങളുടെ ജോലി തെറിക്കുമെന്ന അവസ്ഥയിലാണ്. മാത്രമല്ല അനധികൃതമായി കൈപ്പറ്റിയ തുക തിരിച്ചു നല്‍കുകയും വേണം. ഇതെല്ലാം രാഷ്ട്രീയക്കാരുടെ ഇഷ്ടപ്രകാരം നടക്കുമെന്ന കണക്കുകൂട്ടലില്‍ ഇരുന്നവര്‍ ആകെ അസ്വസ്ഥരായിരിക്കുകയാണ്.