ഡൽഹിയിൽ സ്‍ഫോടക വസ്തുക്കളുമായി ഐ.എസ് ഭീകരൻ പിടിയിലായി.
NewsNationalCrime

ഡൽഹിയിൽ സ്‍ഫോടക വസ്തുക്കളുമായി ഐ.എസ് ഭീകരൻ പിടിയിലായി.

ഡൽഹിയിൽ സ്‍ഫോടക വസ്തുക്കളുമായി ഐ.എസ് ഭീകരൻ പിടിയിലായി. ദൗലാഖാനിൽ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ആണ് ഭീകരനെ പിടികൂടിയത്. പിടിയിലാകും മുമ്പ് ഏറ്റുമുട്ടൽ ഉണ്ടായതായി പൊലീസ് പറഞ്ഞിട്ടുണ്ട്. സെൻട്രൽ ഡൽഹിയിലെ റിങ് റോഡ് ഏരിയയിൽ വെള്ളിയാഴ്ച രാത്രിയാണു സംഭവം. ചെറിയൊരു വെടിവയ്പ്പിനു ശേഷമാണ് ഇയാൾ പിടിയിലായതെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ (സ്പെഷ്യൽ സെൽ) പ്രമോദ് സിങ് ഖുശ് വാഹ ആണ് അറിയിച്ചിട്ടുള്ളത്.
രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണം നടത്തുക, വിഐപികളെ വധിക്കുക തുടങ്ങിയ പദ്ധതികളുമായാണ് ഇയാൾ ഡല്‍ഹിയിലെത്തിയതെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. അബ്ദുള്‍ യൂസഫ് ഖാന്‍ എന്നയാളാണ് പിടിയിലായത്. ഇയാള്‍ യുപി സ്വദേശി യാണ്. ഇയാളില്‍ നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലാവുന്നത്. ഇയാൾക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിന് ഡൽഹിയിൽ അനുയായികളുമുണ്ടെന്നാണു സൂചന. പൊലീസ് ഇവരെ തേടുകയാണ്. ഉത്തർപ്രദേശിലെ ബൽറാംപുരിലാണ് ഇയാൾ താമസിച്ചിരുന്നത്. അവിടെയും പൊലീസ് റെയ്ഡ് നടത്തുന്നുണ്ട്.
പൊലീസിന്‍റെ സാന്നിധ്യം മനസ്സിലായതോടെ ഇയാള്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരനെ കീഴ്‌പ്പെടുത്തിയത്.

Related Articles

Post Your Comments

Back to top button