കോവിഡാനന്തരം വിസ്മയിപ്പിക്കാൻ ഒരുങ്ങി ഐ എസ് ആർ ഒ.

കോവിഡാനന്തരം പരീക്ഷണങ്ങളും വിക്ഷേപണങ്ങളു മുമൊക്കെയായി ശാസ്ത്രലോകത്തെ വിസ്മയിപ്പിക്കാൻ ഒരുങ്ങി ഐ എസ് ആർ ഒ.വൻകുതിപ്പുകളുമായി ഗംഭീര പ്രകടനത്തിനു തയ്യാറെടുക്കുകയാണ് രാജ്യത്തിന്റെ തന്നെ അഭിമാനമായ സ്ഥാപനം. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നുതുടങ്ങിയതോടെ അടുത്തമാസം മുതൽ ഐ എസ് ആർ ഒ. വിക്ഷേപണങ്ങൾ പുനരാരംഭിക്കും. പി.എസ്.എൽ.വി.സി 49 റോക്കറ്റ് അടുത്ത മാസം കുതിച്ചുയരുന്നതോടെ ഐ.എസ്.ആർ.ഒ പ്രതാപത്തിലേക്ക് തിരിച്ചെത്തും.
തുടർന്ന് ഈ വർഷം മാർച്ചിൽ മാറ്റിവെച്ച നാല് ഉപഗ്രഹ വിക്ഷേപണങ്ങൾ നടക്കും.ഉയർന്ന ഭ്രമണപഥത്തിൽ നിന്ന് ഭൂമിയെ നിരീക്ഷിക്കാനുള്ള ശക്തിയേറിയ ഉപഗ്രഹമായ ജിസാറ്റ് 1, അമേരിക്കൻ സ്വകാര്യ ബഹിരാകാശ സ്ഥാപനമായ സ്പെയ്സ് എക്സിന്റെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സംവിധാനത്തിന് ആവശ്യമായ മൈക്രോസാറ്റ് 2എ യുടെ വാണിജ്യവിക്ഷേപണം, വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 12ന്റെ കാലാവധി പൂർത്തിയായതിനാൽ പകരം അയയ്ക്കുന്ന ജിസാറ്റ് 12 ആർ, സൈനികാവശ്യത്തിനുള്ള റഡാർ ഇമേജിംഗിനുള്ള റിസാറ്റ് 2 ബി.ആർ.2. എന്നിവയാണ് ഉടൻ നടക്കുന്ന നാല് വിക്ഷേപണങ്ങൾ. ജിസാറ്റ് 1 ഉപഗ്രഹം ജി.എസ്.എൽ.വി റോക്കറ്റിലും മറ്റുള്ളവ പി.എസ്.എൽ.വിയിലുമാണ് വിക്ഷേപിക്കുക. ഒപ്പം സ്മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ എന്ന റോക്കറ്റ് പരീക്ഷണവും നടത്തും.

ബഹിരാകാശ പര്യവേഷണ രംഗത്ത് അമ്പത് വർഷം പിന്നിട്ട ഐ എസ് ആർ ഒ ബൃഹത്തായ നിരവധി പദ്ധതികളാണ് ഒരു വർഷത്തിൽ നടപ്പാക്കുന്നതിനായി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്ത്യൻ സ്‌പെയ്സ് ഷെട്ടിൽ, ഗഗൻയാൻ,ചന്ദ്രയാൻ 3, എസ്.എസ്.എൽ.വി., ആദിത്യ എൽ 1 തുടങ്ങിയവയാണ് ലോകത്തിന് മുന്നിൽ തന്നെ രാജ്യത്തിൻ്റെ യശസ്സുയർത്തുന്ന പദ്ധതികൾ.
ബഹിരാകാശത്തു പോയി മടങ്ങിവരാൻ ശേഷിയുള്ള പുനരുപയോഗ റോക്കറ്റാണ് ഇന്ത്യൻ സ്‌പെയ്സ് ഷെട്ടിൽ.ഭൂമിയിൽ നിന്ന് ഒരു വസ്തുവുമായി ബഹിരാകാശത്തു പോയി മടങ്ങിവരുന്ന പരീക്ഷണ ങ്ങൾ അടുത്ത ഒരുവർഷത്തിനുള്ളിൽ നടത്തും. അമേരിക്കയുടെ മുൻ ബഹിരാകാശ ഷട്ടിലുകളുടെ മാതൃകയിൽ ഒന്നിലേറെ ദൗത്യങ്ങൾക്ക് ഉപയോഗിക്കാവുന്നതും റൺവേയിൽ വിമാനം പോലെ ലാൻഡ് ചെയ്യുന്നതുമായ റീയൂസബിൾ ലോഞ്ച് വെഹിക്കിൾ – ടെക്നോളജി ഡെമോൺസ്ട്രേഷൻ എന്ന പേരിലുള്ള ഷട്ടിൽ ആണിത്. ഭ്രമണപഥ ത്തിൽ നിന്ന് തിരികെ ഭൗമാന്തരീക്ഷത്തിൽ കടക്കുമ്പോഴുള്ള (റീ എൻട്രി) തീപിടിത്തസാദ്ധ്യത, അപകടമുണ്ടായാൽ രക്ഷപ്പെടാനുള്ള സംവിധാനം, ഗതിനിർണയ സംവിധാനം, കമ്പ്യൂട്ടർ നിയന്ത്രണ സംവിധാനങ്ങൾ എന്നിവയും പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്.
ഇന്ത്യൻ മണ്ണിൽ നിന്ന് ഇന്ത്യക്കാരെയും വഹിച്ചുള്ള ആദ്യ ബഹിരാകാശ യാത്രാപദ്ധതിയാണ് ഗഗൻയാൻ. 2018ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതി പ്രഖ്യാപിച്ചത്.മൂന്ന് ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾ ഇന്ത്യൻ പേടകത്തിൽ ഭൂമിയെ അഞ്ചു മുതൽ ഏഴുദിവസം വരെ വലംവ യ്ക്കും. പിന്നീട് സുരക്ഷിതമായി തിരിച്ചിറങ്ങും. കരുത്തുറ്റ ജി.എസ്.എൽ.വി മാർക്ക് ത്രീ റോക്കറ്റിലാണ് വിക്ഷേപണം. 10,000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.തിരുവനന്തപുരത്തെ വി.എസ്.എസ്.സിയിലാണ് സ്പെയ്സ് സ്യൂട്ട് നിർമ്മിക്കുന്നത്. ബഹിരാകാശ സഞ്ചാരികളാകാൻ തിരഞ്ഞെടുക്കപ്പെട്ടവരുടെ പരിശീലനം റഷ്യയിൽ തുടങ്ങി.2022 ൽ വിക്ഷേപണത്തിന് ലക്ഷ്യമിടുന്ന പദ്ധതിയുടെ മുന്നൊരുക്കങ്ങൾ അടുത്ത ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകും.
ചന്ദ്രനിൽ ഇന്ത്യൻ സ്പർശമെത്തിക്കാൻ ചന്ദ്രയാൻ 3 മാർച്ച് മാസത്തിനകം കുതിക്കും.ഓർബിറ്റർ ഇല്ലാതെയാണ് ചന്ദ്രയാൻ- 3 കുതിക്കുക. പകരം ലാൻഡറിനെയും റോവറിനെയും വഹിക്കുന്ന പേടകമുണ്ടാകും. അത് ചന്ദ്രന്റെ ഉപരിതലം വരെ പോകും. കൂടുതൽ സൂഷ്മതയേറിയ സോഫ്റ്റ് വെയറിന്റെ സഹായത്തോടെയാണ് ഇക്കുറി രൂപകല്പന. റോവറും ലാൻഡറും കൂടുതൽ കരുത്തുറ്റതും അത്യാധുനിക സംവിധാനങ്ങളുള്ളതുമാണ്.
സ്മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളും വരും വർഷം പരീക്ഷിക്കും.വിക്ഷേപണച്ചെലവ് കുറയ്ക്കുമെന്നതാണ് വലിയ പ്രത്യേകത.500 കിലോ വരെ ഭാരം ബഹിരാകാശത്തെത്തിക്കാൻ ഉള്ള കഴിവാണ് സ്മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിനെ വേറിട്ടതാക്കുന്നത്. താഴ്ന്ന ഭ്രമണപഥങ്ങളിൽ 500 കിലോയും ഉയർന്ന ഭ്രമണപഥങ്ങളിൽ 300 കിലോയും വരെ എത്തിക്കാൻ എസ്.എസ്.എൽ.വിക്ക് കഴിയും. ചെറുകിട ഉപഗ്രഹങ്ങളുടെ വിക്ഷേപണാവശ്യം കൂടിവരുന്നത് കണക്കിലെടുത്താണിത്. ഒരുമാസത്തിനുള്ളിൽ ആദ്യ വിക്ഷേപണം. പിന്നീട് മാസത്തിൽ രണ്ടു വീതവും വിക്ഷേപണം നടക്കും.
സൂര്യനെക്കുറിച്ച് പഠിക്കാൻ ആദ്യമായി ഇന്ത്യ വിക്ഷേപിക്കുന്ന നിരീക്ഷണ പഠന ഉപഗ്രഹമാണ് ആദിത്യ എൽ 1. സൂര്യനോട് കൂടുതൽ അടുത്തുനിന്ന് അതിന്റെ പുറംപാളിയെക്കുറിച്ചും ആകർഷണ ശക്തിയുടെ മറ്റ് പ്രത്യേകതകളും അത് ഭൂമിയിലുണ്ടാക്കുന്ന മാറ്റങ്ങളും വിശദമായി പഠിക്കുകയാണ് ലക്ഷ്യം. എൽ 1 എന്നത് സൂര്യനിൽ നിന്നുള്ള അകലത്തെ കുറിക്കുന്ന ശാസ്ത്രീയ സംജ്ഞയാണ്. വരുന്ന വർഷം ഇതിന്റെ പദ്ധതികൾ പൂർത്തിയാകും.
ഇതിനൊക്കെ പുറമെ ഇന്ത്യൻ ബഹിരാകാശ പര്യവേഷണ രംഗത്ത് വിപ്ലവം സൃഷ്ടിക്കുവാനുള്ള ഒരുക്കങ്ങളും ഇസ്റോയിൽ പുരോഗമിക്കുകയാണ്. ചരിത്രത്തിലാദ്യമായി ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കാനും സ്പെയ്സ് ഷട്ടിൽ മാതൃകയിൽ ബഹിരാകാശത്തു പോയി മടങ്ങിയെത്താനാകുന്ന പുനരുപയോഗ റോക്കറ്റ് നിർമ്മിക്കാനുമുള്ള പദ്ധതികൾ തുടങ്ങിക്കഴിഞ്ഞു. ചൊവ്വയിലേക്ക് അടുത്ത ദൗത്യം, ശുക്രനെ അറിയാൻ ശുക്രയാൻ എന്ന പുതിയ ഉപഗ്രഹം, ബഹിരാകാശത്തു താമസിച്ച് ഗവേഷണ- നിരീക്ഷണങ്ങൾ നടത്താനാകുന്ന സ്പെയ്സ് സ്റ്റേഷൻ വരെയാണ്, ഐ.എസ്.ആർഒയുടെ ഭാവിപദ്ധതികൾ.