ക്ഷേത്രത്തിനകത്ത് ചെരുപ്പിട്ട് പ്രവേശിച്ച നടി തൃഷയ്‌ക്കെതിരെ പ്രതിഷേധം, കേസെടുക്കണമെന്ന് ആവശ്യം
ക്ഷേത്രത്തിനകത്ത് ചെരുപ്പിട്ട് പ്രവേശിച്ച നടി തൃഷയ്‌ക്കെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍. സംഭവത്തില്‍ നടിയെ അറസ്റ്റ് ചെയ്യണമെന്നാണ് സംഘടനയുടെ ആവശ്യം. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് സംഭവം. ഇടവേളയില്‍ താരം ഇന്‍ഡോറിലെ ക്ഷേത്രത്തിനകത്ത് ചെരുപ്പ് ധരിച്ച് കയറുകയായിരുന്നു.
ത്രിഷയെ മാത്രമല്ല മണിരത്‌നത്തെയും അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. മധ്യപ്രദേശ് ഇന്‍ഡോറിലെ ചരിത്ര പ്രസിദ്ധമായ ക്ഷേത്രത്തിനകത്താണ് പൊന്നിയന്‍ സെല്‍വന്റെ ചില പ്രധാന രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. ഷൂട്ടിങ്ങിന്റെ ഇടവേള സമയത്ത് ത്രിഷ ക്ഷേത്രം സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്.
ചെരുപ്പ് ധരിച്ച് ക്ഷേത്രത്തിനകത്തെ ശിവലിംഗ വിഗ്രഹത്തിനും നന്തി വിഗ്രഹത്തിനും സമീപം നില്‍ക്കുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഈ ചിത്രങ്ങളാണ് സംഘടനകളെ പ്രകോപിപ്പിക്കാന്‍ കാരണമായത്.
അടുത്തിടെയാണ് പൊന്നിയിന്‍ സെല്‍വന്‍ സെറ്റില്‍ വെച്ച് ഒരു കുതിര ചത്തത് വിവാദം സൃഷ്ടിച്ചത്. മൃഗങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന പെറ്റ (പീപിള്‍ ഫോര്‍ ദ എത്തികെല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ്) സംഭവത്തെ തുടര്‍ന്ന് പരാതി നല്‍കിയിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ മണിരത്‌നത്തിന്റെ നിര്‍മാണ കമ്ബനിയായ മദ്രാസ് ടാക്കീസിനെതിരെയും കുതിരയുടെ ഉടമയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.