BusinessLatest NewsNews

വാര്‍ത്തക്ക് പണം നല്‍കണം; ഗൂഗിളിനോട് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി

ന്യൂഡല്‍ഹി: വാര്‍ത്തക്ക് പണം നല്‍കണമെന്ന് ഗൂഗിളിനോട് ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി. പത്രങ്ങളുടെ ആധികാരികമായ ഉള്ളടക്കം പങ്കുവെച്ചുകൊണ്ടാണ് ഇന്ത്യയില്‍ ഗൂഗിള്‍ തങ്ങളുടെ വിശ്വാസ്യത ഉറപ്പിച്ചതെന്നും ഇതിന് പത്രങ്ങള്‍ക്ക് തക്കതായ പ്രതിഫലം നല്‍കണമെന്നുമാണ് ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ ആവശ്യം.

ആയിരക്കണക്കിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഗണ്യമായ ചെലവില്‍ ജോലി നല്‍കുന്ന പത്രങ്ങള്‍ നിര്‍മ്മിക്കുന്ന വാര്‍ത്തക്ക് പണം നല്‍കണമെന്നും സൊസൈറ്റി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതു സംബന്ധിച്ച്‌ ഐ.എന്‍.എസ് ഗൂഗിളിന് കത്തെഴുതിയിട്ടുണ്ട്.

പത്രങ്ങളുടെ ഉള്ളടക്കം ഉപയോഗിച്ചാണ് ഗൂഗിളിന് ഇന്ത്യയില്‍ പറയത്തക്ക ഒരു വിശ്വാസ്യതയുണ്ടായതെന്നും അതുകൊണ്ട് തന്നെ അതില്‍ നിന്നും ലഭിക്കുന്ന പരസ്യവരുമാനം നീതിയുക്തമായ രീതിയില്‍ ഗൂഗിള്‍ ഇന്ത്യയിലെ പത്രസ്ഥാപനങ്ങള്‍ക്ക് പണം നല്‍കണമെന്നാണ് കത്തിലെ ആവശ്യം. ഗൂഗിള്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ സഞ്ജയ് ഗുപ്തക്ക് ഐ.എന്‍.എസ് പ്രസിഡന്റ് ആദിമൂലമാണ് കത്തയച്ചത്.

വന്‍തോതില്‍ പണം ചിലവഴിച്ച്‌ ആയിരക്കണക്കിന് ജേര്‍ണലിസ്റ്റുകളുടെ സേവനം പ്രയോജനപ്പെടുത്തിയാണ് പത്രങ്ങള്‍ വാര്‍ത്തകള്‍ ശേഖരിക്കുന്നത്. ഈ ഉള്ളടക്കം പങ്കുവെക്കുന്നതിലൂടെ ലഭിക്കുന്ന പരസ്യ വരുമാനത്തില്‍ പ്രസാധകര്‍ക്കുള്ള വിഹിതം 85 ശതമാനമായി ഉയര്‍ത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഇക്കാര്യം ആവശ്യപ്പെടുന്നുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഫ്രാന്‍സ്, യൂറോപ്യന്‍ യൂണിയന്‍, ആസ്‌ട്രേലിയ എന്നിവിടങ്ങളിലെ പ്രസാധകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും പണം നല്‍കാനും ഗൂഗിള്‍ അടുത്തിടെ സമ്മതിച്ചിരുന്നു. ഈ രീതിയില്‍ ഇന്ത്യയിലെ പത്രങ്ങള്‍ക്കും പ്രതിഫലം നല്‍കണം- സൊസൈറ്റി പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button