Kerala NewsLatest NewsUncategorized

ആറാറു മാസം കൂടുമ്പോൾ രണ്ടു മാസം വീതം ലോക്ക് ഡൌൺ അനുഭവിച്ചും വളരെപ്പേരെ കോവിഡിന് കുരുതി കൊടുത്തും നമുക്ക് എന്നും ജീവിക്കേണ്ടിവരും: ജേക്കബ് പുന്നൂസ് പറയുന്നു

കോവിഡ് വ്യാപനം തടയാൻ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ നീട്ടുമെന്ന സൂചനകൾക്കിടെ, വൈറസിനെതിരെ ലോക്ക്ഡൗൺ ശാശ്വത പരിഹാരമല്ലെന്ന ഓർപ്പെടുത്തലുമായി മുൻ ഡിജിപി ജേക്കബ് പുന്നൂസ്. ലോക്ക്ഡൗൺ നാം കാണിച്ച സൂക്ഷ്മതക്കുറവിനുള്ള പ്രായശ്ചിത്തം മാത്രമെന്നും വൈറസിനൊപ്പം ജീവിക്കാൻ ശീലിക്കുകയാണ് വേണ്ടതെന്നും ജേക്കബ് പുന്നൂസ് പറയുന്നു.

ജേക്കബ് പുന്നൂസിന്റെ കുറിപ്പ്:

ലോക്ക് ഡൌൺ ഒരു ശാശ്വത പരിഹാരമല്ല : അത്, ‘എന്തു നാം ചെയ്യരുത്’എന്ന് നാം അറിഞ്ഞതിനു ശേഷവും, നാം കാണിച്ച പൊതുവായ സൂക്ഷ്മതക്കുറവിനുള്ള പ്രായശ്ചിത്തം മാത്രം എന്ന് കരുതിയാൽ മതി. വൈറസ് ഇവിടെ എന്നും കാണും. അത് നമുക്ക് ഭീഷണിയായി നിലനിൽക്കുമ്ബോൾ അതിന്റെ വ്യാപനത്തോത് വളരെ കുറയ്ക്കുന്ന പുതിയ പെരുമാറ്റരീതികൾ അഭ്യസിച്ചു ജീവിതം മുൻപോട്ടു കൊണ്ടുപോകാൻ നമുക്ക് സാധിക്കണം. അല്ലെങ്കിൽ ഒന്നുകിൽ കോവിഡ് മൂലമോ അല്ലെങ്കിൽ വീണ്ടുംവീണ്ടും ഏർപെടുത്തേണ്ടിവരുന്ന ലോക്ക് ഡൗണുകൾ മൂലമോ നാം നശിച്ചുപോകും..

ആകാശത്തും കടലിലും അപകടമില്ലാതെ സഞ്ചരിക്കാൻ നാം പഠിച്ചു. അതുപോലെ വൈറസ്സുള്ള ഒരു ലോകത്തു ജീവിക്കാൻ നാം പഠിക്കണം. അല്ലെങ്കിൽ ആറാറു മാസം കൂടുമ്പോൾ രണ്ടു മാസം വീതം ലോക്ക് ഡൌൺ അനുഭവിച്ചും വളരെപ്പേരെ കോവിഡിന് കുരുതി കൊടുത്തും നമുക്ക് എന്നും ജീവിക്കേണ്ടിവരും.
പേടിച്ചടച്ചുപൂട്ടലല്ല കോവിഡിന്നുള്ള ശാശ്വത പരിഹാരം. ആദ്യം അതല്ലാതെ മറ്റു വഴിയില്ലായിരുന്നു. ഇന്ന് selflockdown ൽ മാത്രമേ നമുക്ക് രക്ഷയുള്ളൂ. അവനവന്റെ വായും മൂക്കും അടച്ചുപൂട്ടുക, ആറടി അകലം പാലിച്ചില്ലെങ്കിൽ ആറടി മണ്ണിന്റെ അവകാശികളെന്നു കരുതി അകലം പാലിക്കുക, വീടുകളിലും അല്ലാതെയും അടച്ചിട്ട മുറികളിൽ കൂട്ടം കൂടാതിരിക്കുക, ഭക്ഷണം ഒറ്റക്കിരുന്നു കഴിക്കുക, വിനോദത്തിനും സന്ദർശനത്തിനും ഒത്തുചേരലിനും വേണ്ടിയുള്ള യാത്രകൾ ഒഴിവാക്കുക, അവനവന്റെ ജോലി വൈറസ് വ്യാപന അപകട രഹിതമായി ചെയ്യുവാൻ പരിശീലിക്കുക.. ഇതൊക്കെയാണ് നാം ചെയ്യേണ്ടത്.

ഇതൊക്കെ പഠിക്കാൻ നമുക്ക് വൈറസ് ഒരു കൊല്ലം സമയം തന്നു. എന്നാൽ, ഇതൊന്നും പോലീസ് ഇടപെടൽ കൂടാതെ പഠിക്കാനും നടപ്പാക്കാനും, ഒരു സമൂഹം എന്ന നിലയിൽ, നാം മറന്നു. ആ മറവിയ്ക്കു കനത്ത വില.. ഒന്നുകിൽ ഓക്‌സിജൻ ദൗർലഭ്യമായി, അല്ലെങ്കിൽ ലോക്ക് ഡൌൺ സൃഷ്ടിക്കുന്ന അതി ഭീമ നഷ്ടമായി.. നാം നൽകേണ്ടി വരും..
ഒരബദ്ധം മാനുഷികം, സാധാരണം. ഒരനുഭവം കൊണ്ടു പഠിക്കുന്ന സമൂഹങ്ങൾ മിടുക്കർ. അതുകൊണ്ടു പഠിക്കാത്തവർ അഹങ്കാരികൾ :
എന്നാൽ, രണ്ട് അനുഭവങ്ങൾകൊ ണ്ടും പഠിക്കാത്തവർ..
അവർ മിടുക്കരുടെ അടിമകളാകും.അതാണ് ചരിത്രം!
അതുകൊണ്ടു ലോക് ഡൌൺ നീട്ടിയാലും ഇല്ലെങ്കിലും വൈറസ് ഭീഷണി നിലനിൽക്കുന്ന ലോകത്തു വൈറസ്സിനെതിരെ self lockdown രീതിയിൽ ജീവിക്കാൻ തയ്യാറാകുക. അതിനു വാക്‌സിൻ നമ്മളെ സഹായിക്കുകയും ചെയ്താൽ ഉത്തമം.
ഓർക്കുക, ഇതു Last Bus. അവസാനത്തെ ചാൻസ്!

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button