CrimeDeathKerala NewsLatest NewsNationalNews

ജസീല കരഞ്ഞുകൊണ്ട് ഫോണില്‍ പറഞ്ഞു,എനിക്ക് ശ്രീറാം വെങ്കിട്ടരാമനെ ഒന്നുകാണണമെന്ന്…..

കെ എം ബഷീറിന്റെ ഓർമ്മകൾക്ക് ഒരാണ്ട് തികഞ്ഞിരിക്കുന്നു. 2019 ആഗസ്റ്റ് മൂന്നിനാണ് ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയത്. ബഷീറിന്റെ മരണം അദ്ദേഹത്തിന്റെ കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും വരുത്തിയ ആഘാതം ചെറുതല്ല എന്നിരിക്കെ, തനിക്കു മറവി രോഗമുണ്ടെന്ന് പറഞ്ഞ ആ ഐ എ എസ് ഉദ്യോഗസ്ഥൻ സുഖ സുന്ദരമായി സർക്കാർ സർവീസിൽ തിരികെ എത്തിയിരിക്കുന്നു. ബഷീറിന്റെ വേർപാടിൽ അദ്ദേഹത്തിന്റെ കുടുംബവും, സഹപ്രവര്‍ത്തകരും അവരനുഭവിക്കുന്ന വ്യഥകളെ ഓർമിപ്പിച്ച് ശ്രീറാമിന് മാധ്യമപ്രവര്‍ത്തകനായ നിസാര്‍ മുഹമ്മദ് എഴുതിയ കത്ത് ശ്രദ്ധേയമായിരിക്കുന്നു.

“തന്റേതല്ലാത്ത കാരണത്താല്‍ ജീവന്‍ വെടിയേണ്ടി വന്ന, ജീവിച്ചു കൊതി തീര്‍ന്നിട്ടില്ലാത്ത ഒരു ചെറുപ്പക്കാരനെയോര്‍ത്ത് നേരിയ കുറ്റബോധമെങ്കിലും ഉള്ളില്‍ തോന്നേണ്ടതല്ലേ സാര്‍. നിയമത്തിന്റെ പിടിയില്‍ നിന്ന് അങ്ങയെ രക്ഷപ്പെടുത്താന്‍ പലരുമുണ്ടാകും. പക്ഷെ, ദൈവത്തിന്റെ കോടതിയില്‍ നീതിമാനായി തലയുയര്‍ത്തി നില്‍ക്കാന്‍ അങ്ങേയ്ക്ക് കഴിയുമോ?” നിസാര്‍ മുഹമ്മദ് ചോദിച്ചിരിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്.

ശ്രീറാം വെങ്കിട്ടരാമന്‍ സാര്‍,
അങ്ങേയ്ക്ക് സുഖമെന്ന് വിശ്വസിക്കുന്നു. റിട്രോഗ്രേഡ് അംനേഷ്യയെന്ന മാരക മറവി രോഗത്തില്‍ നിന്ന് അങ്ങ് പൂര്‍ണമായും മുക്തനായെന്ന് കരുതട്ടെ. അങ്ങേയ്ക്കുണ്ടായ മറവിക്കാലത്ത് ഞങ്ങള്‍ക്കുമുണ്ടായി ചില നികത്തനാവാത്ത നഷ്ടങ്ങള്‍. അതൊന്ന് ഓര്‍മ്മിപ്പിക്കാനാണ് ഈ കുറിപ്പ്.

കഴിഞ്ഞവര്‍ഷം ഇതേ ദിവസമാണ് കെഎം ബഷീറെന്ന ഞങ്ങളുടെ കെ.എം.ബി ജീവനോടെ ഈ ഭൂമിയില്‍ ഉണ്ടായിരുന്നത്. ഒന്ന് ഇരുട്ടി വെളുക്കുമ്പോഴേയ്ക്കും അവന്റെ ഹൃദയത്തുടിപ്പ് ഈ ദുനിയാവില്‍ അവശേഷിക്കില്ലെന്ന് അന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. അര്‍ധരാത്രിയില്‍ മദ്യപിച്ച് മദോന്മത്തനായി അങ്ങ് പെണ്‍സുഹൃത്തിനൊപ്പം ചീറിപ്പാഞ്ഞ വാഹനം കവര്‍ന്നെടുത്ത കെ.എം.ബിയുടെ ജീവനും ജീവിതവുമാണ് നികത്താനാവാത്ത ഞങ്ങളുടെ നഷ്ടങ്ങളിലൊന്ന്. വിധവയായ ജസീലയ്ക്കും ജെന്ന, അസ്മി എന്നീ രണ്ടുകുരുന്നുകള്‍ക്കും ബഷീറിന്റെ കുടുംബത്തിനുമുണ്ടായ നഷ്ടങ്ങളെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ?

ഇപ്പോഴും ഒന്നും നഷ്ടപ്പെടാത്തവനായി നില്‍ക്കുന്നവരില്‍ ഒരാള്‍ അങ്ങ് മാത്രമാണ്. അഖിലേന്ത്യാ സര്‍വീസിന്റെ പ്രിവിലേജില്‍ അങ്ങ് ഇപ്പോഴും സസുഖം സര്‍വീസില്‍ വാഴുന്നു. അറിഞ്ഞിടത്തോളം, അങ്ങ് പഴയ ജീവിതത്തിലേക്ക് മടങ്ങിയിരിക്കുന്നു. മറവിയുള്ള ആളല്ലേ, പഴയതൊക്കെ അങ്ങേയ്ക്ക് പെട്ടെന്ന് മറക്കാനാകും. പക്ഷെ, ഞങ്ങള്‍ക്ക് മറവിരോഗമില്ലാത്തതിനാല്‍ എല്ലാം ഓര്‍ത്തിരിക്കുന്നുണ്ട്.
വാഹനമിടിച്ച് ഒരാള്‍ മരിക്കുന്നത് ആദ്യത്തെ സംഭവമാണോയെന്ന് അങ്ങയെ ന്യായീകരിക്കുന്നവര്‍ അന്നുമിന്നും ചോദിക്കുന്നുണ്ട്. അല്ലേയല്ല, ആദ്യത്തെ സംഭവമല്ല. പക്ഷെ, കെഎം ബഷീറിനെ കൊലപ്പെടുത്തിയത് സമാനതകളില്ലാത്ത സംഭവമായി മാറ്റിയത് അങ്ങ് ഒരൊറ്റയാളായിരുന്നു സാര്‍.
അപകടമുണ്ടായ സമയത്ത്, ഞാനാണ് വാഹനമോടിച്ചതെന്നും ഞാന്‍ മദ്യപിച്ചിട്ടുണ്ടെന്നും എന്നെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഏതൊരു നിയമ നടപടി സ്വീകരിക്കാനും ഞാന്‍ തയാറാണെന്നും അങ്ങ് പറഞ്ഞിരുന്നുവെങ്കില്‍ ഇത് സാധാരണ ഒരു അപകട മരണമായി മാറിയേനെ സാര്‍. നടപടികള്‍ ആ വഴിക്ക് നീങ്ങിയേനെ സാര്‍. പക്ഷെ, അതിനൊന്നും മുതിരാതെ കിട്ടിയ സമയത്തിനുള്ളില്‍ അങ്ങ് തെളിവു നശിപ്പിക്കാനുള്ള കരുക്കള്‍ നീക്കുകകയായിരുന്നു സാര്‍.

സ്വയം രക്ഷപ്പെടാനുള്ള തത്രപ്പാടില്‍ ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാനുള്ള വിവേകം ആ സമയത്ത് നഷ്ടപ്പെട്ടിട്ടുണ്ടാകും. ഇപ്പോഴങ്ങനെയല്ലല്ലോ? അന്നത്തെ സംഭവങ്ങള്‍ ഒന്നോര്‍ത്തു നോക്കൂ! ഞാന്‍ ഇത്രയ്ക്ക് ക്രൂരനായിരുന്നോ എന്ന തോന്നല്‍ ഒരിക്കലെങ്കിലും അങ്ങേയ്ക്ക് തോന്നേണ്ടതല്ലേ? തന്റേതല്ലാത്ത കാരണത്താല്‍ ജീവന്‍ വെടിയേണ്ടി വന്ന, ജീവിച്ചു കൊതി തീര്‍ന്നിട്ടില്ലാത്ത ഒരു ചെറുപ്പക്കാരനെയോര്‍ത്ത് നേരിയ കുറ്റബോധമെങ്കിലും ഉള്ളില്‍ തോന്നേണ്ടതല്ലേ സാര്‍. നിയമത്തിന്റെ പിടിയില്‍ നിന്ന് അങ്ങയെ രക്ഷപ്പെടുത്താന്‍ പലരുമുണ്ടാകും. പക്ഷെ, ദൈവത്തിന്റെ കോടതിയില്‍ നീതിമാനായി തലയുയര്‍ത്തി നില്‍ക്കാന്‍ അങ്ങേയ്ക്ക് കഴിയുമോ?

അങ്ങയുടെ ഫാന്‍സുകാര്‍ ചോദിക്കുന്ന മറ്റൊരു ചോദ്യമുണ്ട് സാര്‍, അറിയാതെ പറ്റിയ ഒരു അപകടത്തിന്റെ പേരില്‍ ശ്രീറാം വെങ്കിട്ടരാമന്‍ എന്ന യുവ ഐഎഎസുകാരനെ മാധ്യമങ്ങള്‍ വേട്ടയാടിയില്ലേയെന്ന്. സര്‍ക്കാര്‍ ഭൂമി കയ്യേറ്റക്കാരില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ അങ്ങ് കാട്ടിയ ആര്‍ജ്ജവത്തെയും അതിനുമുമ്പും ശേഷവും ഔദ്യോഗിക ജീവിതത്തില്‍ അങ്ങെടുത്ത നിലപാടുകളെയും വാനോളം പുകഴ്ത്തിയവരാണ് സാര്‍ മാധ്യമങ്ങള്‍. അക്കൂട്ടത്തില്‍ ബഷീറെന്ന മാധ്യമ പ്രവര്‍ത്തകനും ഉണ്ടായിരുന്നു. അവിടെ നിന്നാണ് സാര്‍, അങ്ങേയ്ക്ക് ഫാന്‍സ് ക്ലബുണ്ടായത്.

വേട്ടയാടാനായിരുന്നുവെങ്കില്‍, അങ്ങയുടെ ജീവിതത്തിലെ അപസര്‍പ്പക കഥകളോരോന്നായി പുറത്തുവിടാമായിരുന്നു ഞങ്ങള്‍ക്ക്. അങ്ങയുടെ സഹപ്രവര്‍ത്തകര്‍ പറഞ്ഞിട്ടുള്ള അപസര്‍പ്പക കഥകളുടെ ഏതാനും ഏടുകള്‍ മാത്രം മതിയായിരുന്നു അതിന്. അന്ന് രാത്രി അപകടം ഉണ്ടായി ബഷീര്‍ കൊല്ലപ്പെട്ടില്ലായിരുന്നുവെങ്കില്‍ പിറ്റേന്ന് പുലര്‍ച്ചെ ഏത് ഉല്ലാസ കേന്ദ്രത്തില്‍, ആര്‍ക്കൊപ്പമാകും അങ്ങ് സമയം ചെലവഴിക്കുകയെന്നതിന്റെ പോലും വിവരങ്ങള്‍ ഞങ്ങള്‍ക്ക് അറിയാമായിരുന്നു സാര്‍. അതൊക്കെ പുറത്തുവന്നിരുന്നുവെങ്കില്‍ ഫാന്‍സിന്റെ പിന്തുണ പോലും അങ്ങേക്ക് കിട്ടുമായിരുന്നില്ല. അങ്ങയോടുള്ള സ്‌നേഹം കൊണ്ടൊന്നുമല്ല, ആ ഘട്ടത്തില്‍ കെഎം ബഷീറിന്റെ കുടുംബത്തിന് കിട്ടേണ്ട നീതി നഷ്ടപ്പെടരുതെന്ന് ഓര്‍ത്തിട്ടായിരുന്നു അതൊന്നും വാര്‍ത്തയാവാതെ പോയത്.

ഒരുകാര്യം കൂടി പറഞ്ഞു നിര്‍ത്താം സാര്‍. അടുത്തിടെ, ജസീല കരഞ്ഞുകൊണ്ട് ഫോണില്‍ എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടു. ‘എനിക്ക് ശ്രീറാം വെങ്കിട്ടരാമനെ ഒന്നുകാണണമെന്നുണ്ട്. ബഷീര്‍ക്കയില്ലാത്ത ലോകത്ത് ഞാനും മക്കളും എങ്ങനെയാണ് ജീവിക്കുന്നതെന്ന് അദ്ദേഹത്തോട് ഒന്നു പറയണമെന്നുണ്ട്. എനിക്ക് അതിനുള്ള ഒരവസരം ഉണ്ടാക്കിത്തരുമോ?’ ബഷീറും ജസീലയും പരസ്പരം അത്രമേല്‍ സ്‌നേഹിച്ചിരുന്നുവെന്ന ബോധ്യമുള്ളതിനാല്‍ ആ ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതെ ഞാനൊഴിഞ്ഞു. എന്തു പറഞ്ഞാണ് അവരെ സമാധാനിപ്പിക്കേണ്ടതെന്ന് ഇപ്പോഴും എനിക്കറയില്ല. ശ്രീറാം സാര്‍, അങ്ങയുടെ മനസില്‍ കുറ്റബോധത്തിന്റെ ഒരു കണികയെങ്കിലും ബാക്കിയുണ്ടെങ്കില്‍ നിങ്ങള്‍ ബഷീറിന്റെ കുടുംബത്തെ ഒന്നു കാണണം. അവരോട് മാപ്പ് ചോദിക്കണം സാർ….

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button