Kerala NewsLatest NewsUncategorized

തിരുവനന്തപുരത്ത് വാക്‌സിൻ കേന്ദ്രത്തിൽ തിക്കും തിരക്കും; മൂന്ന് പേർ കുഴഞ്ഞുവീണു; പരസ്പരം പഴിചാരി ആരോഗ്യവകുപ്പും പൊലീസും

തിരുവനന്തപുരം: വാക്‌സിനേഷൻ കേന്ദ്രത്തിലുണ്ടായ തിക്കിനും തിരക്കിനുമിടയിൽ മൂന്ന് പേർ കുഴഞ്ഞുവീണു. തിരുവനന്തപുരത്ത് ജിമ്മി ജോർജ് സ്‌റ്റേഡിയത്തിലെ വാക്‌സിനേഷൻ കേന്ദ്രത്തിലാണ് സംഭവം. വാക്‌സിനെടുക്കാൻ മണിക്കൂറുകളോളം ക്യൂവിൽ നിന്നതാണ് കാരണം.

പ്രായം ചെന്നവരും ആരോഗ്യപ്രശ്നങ്ങളുള്ളവരുമടക്കം നൂറ് കണക്കിന് പേരാണ് രാവിലെ മുതൽ പുലർച്ചെ മുതൽ ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ വാക്സീനെടുക്കാനായി ക്യൂ നിന്നത്. ആരോഗ്യസേതു, കൊവിൻ ആപ്പുകളിൽ രജിസ്റ്റർ ചെയ്തവരാണ് മണിക്കൂറുകളോളം വരിയിൽ നിൽക്കേണ്ടി വന്നത്. പക്ഷെ അനുവദിച്ച സമയത്തിനും വളരെ നേരത്തെ ആളുകളെത്തി. വാക്സിൻ തീർന്ന് പോകുമോ എന്നായിരുന്നു പ്രധാന ആശങ്ക.

സമയത്തിന്റെ സ്ലോട്ട് നോക്കി ആളുകളെ കടത്തിവിടാൻ പൊലീസിന് കഴിഞ്ഞില്ല. ആവശ്യത്തിന് പൊലീസിനെ നേരത്തെ തന്നെ വിളിക്കാൻ ആരോഗ്യവകുപ്പും ശ്രമിച്ചില്ല. ഫലം എല്ലാ കൊറോണ പ്രോട്ടോക്കോളും കാറ്റിൽപ്പറത്തി പാവപ്പെട്ട ആളുകളുടെ തിക്കും തിരക്കും. വാക്സിൻ വിതരണം തുടരുന്നതിനിടെ വരിയിൽ നിന്ന പലരും ഇടക്ക് കുഴഞ്ഞ് വീണു. കുടിവെള്ളം പോലും കിട്ടാതെ പ്രായം ചെന്നവർ കരഞ്ഞു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

രണ്ടായിരം പേർക്കാണ് ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ ഇന്ന് വാക്സിൻ കൊടുക്കാൻ ടോക്കൺ നൽകിയത്. പക്ഷെ അതിലേറെ ആളുകളെത്തിയതാണ് പ്രശ്നമെന്ന് ‍ഡിഎംഒ പറയുന്നു. ഇനി മുതൽ രജിസ്റ്റർ ചെയ്ത സമയത്ത് മാത്രം ആളുകൾ എത്തിയാൽ മതിയെന്നാണ് ഡിഎംഒയുടെ നിർദ്ദേശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button