കൈതോല പായവിരിച്ച്’ എത്തിയ കലാകാരൻ ജിതേഷ് വിടവാങ്ങി.

കൈതോല പായവിരിച്ച എന്ന നാടൻ പാട്ടിലൂടെ മായാളികളുടെ മനസ്സിൽ ഇടം നേടിയ കലാകാരൻ ജിതേഷ് കക്കാടിപ്പുറം ഇനിയും പാടാനും പറയാനുമുള്ളത് ബാക്കി വെച്ചു വിടവാങ്ങി. ശനിയാഴ്ച രാവിലെ ജിതേഷിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ജിതേഷ്, കൈതോല പായവിരിച്ച്, പാലോം പാലോം നല്ല നടപ്പാലം ഉൾപ്പടെ 600 ഓളം നാടൻപാട്ടുകൾ മലയാളികൾക്ക് ഇതിനകം സംഭവനചെയ്തിട്ടുണ്ട്.
നാടന്‍പാട്ടു വേദികളിലും കലോത്സവങ്ങളിലും ഗാനമേളകളിലും പാടി ജനങ്ങളുടെ മനസ് നിറച്ചെങ്കിലും ഗാന രചയിതാവിനെ ആർക്കും ഏറെക്കാലം അറിയില്ലായിരുന്നു. ഗാനം പുറത്തിറങ്ങി 26 വർഷങ്ങൾക്ക് ശേഷമാണ് നാടൻ പാട്ടുകലാകാരനായ ജിതേഷാണ് രചയിതാവെന്ന് പുറം ലോകം അറിയുന്നത്. തുടർന്ന് ജിതേഷിനെ നാട് നീളെ ആദരിക്കുകയായിരുന്നു. പെയിന്റിങ് തൊഴിലാളിയായിരുന്ന ജിതേഷ് ആതിര മുത്തൻ എന്ന നാടൻപാട്ട് സംഘവുമായി പിന്നെ ഊരുചുറ്റിയിരുന്നു. അങ്ങനെ 1992 ൽ ബന്ധുവിന്റെ കുട്ടിയുടെ കാതുകുത്ത് നടക്കുമ്പോള്‍ സങ്കടമകറ്റാനായാണ് ഈ ഗാനമെഴുതിയതെന്ന് ജിതേഷ് തന്നെ പറഞ്ഞിട്ടുണ്ട്. കേരളോത്സവ മത്സരവേദികളില്‍ നല്ല നടന്‍, നല്ല എഴുത്തുകാരന്‍, നല്ല കഥാപ്രസംഗികന്‍, മിമിക്രിക്കാരന്‍ എന്ന നിലയില്‍ ഒന്നാമനായിരുന്നു ജിതേഷ്. പാട്ടെഴുത്തിനോടൊപ്പം കുട്ടികള്‍ക്ക് വേണ്ടി ലളിതഗാനങ്ങള്‍, ഏകാങ്ക നാടകങ്ങള്‍, പാട്ട് പഠിപ്പിക്കല്‍, ഉടുക്ക് കൊട്ട് പാട്ട് തുടങ്ങിയ മേഖലയിലും സജീവ സാന്നിദ്ധ്യമായിരുന്നു.