CrimeKerala NewsLatest NewsPoliticsUncategorized

കൊടകര കുഴൽപ്പണ കവർച്ചക്കേസിൽ അന്വേഷണം ബി.ജെ.പി നേതൃത്വത്തിലേക്ക്: വാഹന ഉടമ ധർമരാജൻ ആർ.എസ്.എസ് പ്രവർത്തകനെന്ന് പൊലിസ്

തൃശ്ശൂർ: കൊടകര കുഴൽപ്പണ കവർച്ചക്കേസിൽ അന്വേഷണം ബി.ജെ.പി ആർ.എസ്.എസ് നേതൃത്വത്തിലേക്ക്. പണം നഷ്ടപെട്ട വാഹന ഉടമ ധർമരാജൻ ആർ.എസ്. എസ് പ്രവർത്തകനാണെന്ന് പൊലിസ് വ്യക്തമാക്കി. റൂറൽ എസ്.പി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. കേസിൽ കഴിഞ്ഞ ദിവസം ഒൻപത് പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.

അതിനുശേഷം രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് വാഹന ഉടമ ധർമരാജൻ ആർ.എസ്.എസ് പ്രവർത്തകനാണെന്ന് വ്യക്തമായിരിക്കുന്നത്. പരാതിയിൽ പറഞ്ഞതിലധികം പണവുമാണ് പിടിച്ചെടുത്തതെന്നും പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ബി.ജെ.പി നേതൃത്വം പ്രതിരോധത്തിലാവുകയാണ്. കഴിഞ്ഞ ദിവസം പോലും ബി.ജെ.പി പ്രസിഡന്റ് കെ.സുരേന്ദ്രൻ ഇക്കാര്യത്തിൽ തങ്ങൾക്കു പങ്കില്ലെന്നാണ് വ്യക്തമാക്കിയത്. എല്ലാ സ്ഥാനാർഥികൾക്കും പണം നൽകിയത് ബാങ്കുകൾ വഴിയാണെന്നുമായിരുന്നു വിശദീകരണം.

കൊടകര കുഴൽപ്പണ കവർച്ചക്കേസിൽ 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന കോഴിക്കോട് സ്വദേശിയുടെ പരാതിയിലാണ് ചാലക്കുടി ഡി.വൈ.എസ്പി യുടെ നേതൃത്ത്വത്തിലുള്ള ഇരുപത് അംഗ സംഘം അന്വേഷണം നടത്തുന്നത്.

ഏപ്രിൽ മൂന്നിന് പുലർച്ചെ കൊടകര പാലത്തിന് സമീപത്ത് വച്ചാണ് കാറിൽ വന്ന സംഘം പണം കവർന്നത്. വ്യാപാര ആവശ്യത്തിനായുള്ള 25 ലക്ഷം രൂപയും കാറും കവർന്നുവെന്നാണ് കോഴിക്കോട് സ്വദേശി ധർമ്മരാജന്റെ പരാതി. എന്നാൽ കാറിൽ മൂന്നരക്കോടി രൂപയുണ്ടായിരുന്നെന്നും ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഒരു ദേശീയ പാർട്ടിക്ക് വേണ്ടി കൊണ്ടുപോയ പണമാണെന്നുമായിരുന്നു ആരോപണം.
സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവരണമെന്ന് സി.പി.എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ അവശ്യപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button