Kerala NewsLatest NewsNews

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി. പ്രദീപിന്റെ മരണം വീണ്ടും ചര്‍ച്ചയാകുന്നു

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ എസ്.വി. പ്രദീപിന്റെ അപകടമരണം വീണ്ടും ചര്‍ച്ചയാകുന്നു. കേരള കൗമുദി മുന്‍ അസിസ്റ്റന്റ് എഡിറ്റര്‍ എസ്. ജഗദീഷ് ബാബു എക്‌സ്‌ക്ലൂസിവ് ഡെയ്‌ലി എന്ന തന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ എഴുതിയ വാര്‍ത്തയാണ് എസ്.വി. പ്രദീപിന്റെ അപകടമരണത്തിനു പിന്നിലെ കറുത്തകരങ്ങളെക്കുറിച്ച് സൂചന നല്‍കുന്നത്. ജഗദീഷ് ബാബു എഴുതിയ വാര്‍ത്ത ഒരു ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അടിസ്ഥാനമാക്കിയാണ്.

24 ന്യൂസ് ചാനലില്‍ ജോലി ചെയ്യുന്ന സി. ഉണ്ണികൃഷ്ണന്റെ ഭാര്യ സിജി ഉണ്ണികൃഷ്ണനാണ് പ്രദീപിന്റെ മരണം വീണ്ടും ചര്‍ച്ചയാക്കുന്ന വിധത്തില്‍ പോസ്റ്റിട്ടത്. ശ്രീകണ്ഠന്‍ നായരുടെ മകന്‍ ശ്രീരാജും ഉണ്ണികൃഷ്ണനും തന്നെ ഭീഷണിപ്പെടുത്തുന്നതായി എസ്.വി. പ്രദീപ് തന്നോടു ഫോണില്‍ പരാതിപ്പെട്ടിരുന്നതായി സിജി വെളിപ്പെടുത്തി. 24 ന്യൂസ് സംഘടിപ്പിച്ച എ.ആര്‍. റഹ്‌മാന്‍ ഷോയുമായി ബന്ധപ്പെട്ട് എസ്.വി. പ്രദീപ് ഓണ്‍ലൈന്‍ ചാനലില്‍ കൊടുത്ത ചില വാര്‍ത്തകളെ തുടര്‍ന്നായിരുന്നു ഭീഷണി.

ഉണ്ണികൃഷ്ണന്റെ ഭാര്യ എന്ന നിലയില്‍ മാത്രമല്ല തന്റെ അസ്തിത്വമെന്നും മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമെന്ന നിലയില്‍ എസ്.വി. പ്രദീപിന്റെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടു വരാന്‍ അവസാന ശ്വാസം വരെ പോരാടുമെന്നും സിജി പറയുന്നു. എത്ര ഭീഷണിയും പീഡനവുമുണ്ടായാലും പിന്മാറില്ലെന്നും സിജി വ്യക്തമാക്കിയതായി എക്‌സ്‌ക്ലൂസീവ് ഡെയ്‌ലിയിലെ വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിനുശേഷം അധികം താമസിയാതെ സിജി പോസ്റ്റ് പിന്‍വലിക്കകുയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14ന് തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തുണ്ടായ വാഹനാപകടത്തിലാണു പ്രദീപ് മരിച്ചത്. പ്രദീപ് സഞ്ചരിച്ച സ്‌കൂട്ടറിനെ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ജയ്ഹിന്ദ്, മനോരമ ന്യൂസ്, മീഡിയ വണ്‍, ന്യൂസ് 18, കൈരളി, മംഗളം ചാനലുകളില്‍ പ്രദീപ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാരത് ലൈവ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രവര്‍ത്തിച്ചുവരുമ്പോഴാണ് പ്രദീപിന്റെ കൊലപാതകം നടന്നത്. സിജി തന്റെ പോസ്റ്റ് ആരംഭിക്കുന്നത് തന്നെ ഒരു ചോദ്യത്തോടെയാണ്.

പ്രദീപേട്ടന്റെ കൊലപാതകത്തിനു പിന്നില്‍ ആരൊക്കെയാണ്? 24 മണിക്കൂറും ഒരു ന്യൂസ് ചാനലില്‍ One Man Show ചെയ്യുന്ന മാധ്യമരാജാവും കൂട്ടാളികളും ചേര്‍ന്ന് പ്രദീപേട്ടനെ ഭീഷണിപ്പെടുത്തിയത് എന്തിനുവേണ്ടി? 24 News ന്റെ MD ശ്രീകണ്ഠന്‍ നായര്‍ എന്തിനുവേണ്ടിയാണ് 24 News ന്റെ Chief ആയ C. ഉണ്ണികൃഷ്ണനെ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ S.V. പ്രദീപിനെ ഭീഷണിപ്പെടുത്താനായി ഉപയോഗിച്ചത്? മാധ്യമ സിംഹം ശ്രീകണ്ഠന്‍ നായരുടെ മകനായ ശ്രീക്കുട്ടനെ (ശ്രീരാജ്) നെ നേരിട്ട് വിട്ട് S.V. പ്രദീപിനെ ഭീഷണിപ്പെടുത്തുമ്പോള്‍ നിങ്ങളിലെ മൂല്യബോധമുള്ള പിതാവിന് എന്തുസംഭവിച്ചു?
സിജി പി ചന്ദ്രന്‍ എന്ന ഞാന്‍ സി. ഉണ്ണികൃഷ്ണന്റെ ഭാര്യ മാത്രമല്ല 2004 മുതല്‍ മാധ്യമരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയും സോഷ്യല്‍ ആക്റ്റിവിസ്റ്റുമാണ്. അതുകൊണ്ടുതന്നെ സത്യം പുറത്തു കൊണ്ടുവരാന്‍ ഞാന്‍ അവസാന ശ്വാസം വരെ പോരാടും. നിങ്ങള്‍ക്കെന്നെ കൊല്ലാം. പക്ഷേ എന്നെ നിങ്ങള്‍ക്ക് നിശബ്ദയാക്കാനാവില്ല……

എന്തായാലും സിജിയുടെ ചോദ്യങ്ങള്‍ ശ്രീകണ്ഠന്‍ നായരെ മുള്‍മുനയില്‍ നിര്‍ത്തുന്നവയാണ്. ബിജെപി നേതാവ് സന്ദീപ് വാചസ്പതി എക്‌സ്‌ക്ലൂസിവ് ഡെയ്‌ലിയുടെ വാര്‍ത്തയെ അവിശ്വസിക്കേണ്ട കാര്യമില്ല എന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിട്ടുണ്ട്. പ്രദീപിനെ ശ്രീകണ്ഠന്‍ നായരുടെ ചാനല്‍ ജീവനക്കാരന്‍ ഭീഷണിപ്പെടുത്തിയതിന് കരമന പോലീസ് സ്‌റ്റേഷനില്‍ കേസ് ഉണ്ടായിരുന്നു. ഇയാള്‍ മാപ്പ് എഴുതി നല്‍കി കേസ് അവസാനിപ്പിക്കുകയാണ് ചെയ്തതെന്നും സന്ദീപ് വാചസ്പതി പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.

കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ യഥാര്‍ഥ വാര്‍ത്തകള്‍ ചെയ്യുന്നതില്‍ നിന്നും പിന്മാറാന്‍ പ്രേരിപ്പിക്കുന്ന വിധമാണ് ഇപ്പോള്‍ എസ്.വി. പ്രദീപിന്റെ മരണം ചര്‍ച്ചയായിരിക്കുന്നത്. ശ്രീകണ്ഠന്‍ നായര്‍ക്കെതിരെ വിരല്‍ ചൂണ്ടുന്നവരെ ഇല്ലാതാക്കുമെന്ന ഭീഷണി പോലെയാണ് ഈ കുറിപ്പുകള്‍ സാധാരണക്കാരന്‍ വായിക്കുമ്പോള്‍ മനസിലാക്കിയെടുക്കുന്നത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ സ്വാധീനങ്ങള്‍ മറ്റുള്ളവരെ ഇല്ലാതാക്കാന്‍ കഴിവുള്ളതാണെന്ന സൂചനയും ഇതിലൂടെ ലഭിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button