‘ഇത്രയേ ഉള്ളോ, അറിഞ്ഞതു പോലുമില്ലല്ലോ?’ വാക്‌സിന്‍ എടുത്ത ശേഷം പ്രധാനമന്ത്രിയുടെ പ്രതികരണം

ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) കൊറോണ വൈറസ് രോഗത്തിനെതിരെ (കോവിഡ് -19 ) വാക്സിന്‍ സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ആഭ്യന്തരമായി വികസിപ്പിച്ച കൊവാക്‌സിന്‍ ആണ് മോദി സ്വീകരിച്ചത്. പുതുച്ചേരി സ്വദേശി നിവേദയാണ് പ്രധാനമന്ത്രിയ്ക്ക് വാക്‌സിന്‍ നല്‍കിയത്. കൂടാതെ സംഘത്തില്‍ നിവേദയ്‌ക്കൊപ്പം ഉണ്ടായിരുന്നത് മലയാളിയായ തൊടുപുഴ സ്വദേശി റോസമ്മ അനിലാണ്.
വാക്‌സിന്‍ സ്വീകരിച്ച് അരമണിക്കൂളോളം നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷമാണ് പ്രധാനമന്ത്രി ആശുപത്രി വിട്ടത്. വാക്സിന്‍ നല്‍കിയ നഴ്‌സുമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുശലാന്വേഷണം നടത്തി. ‘ഇത്രയേയുള്ളു? ഇന്‍ജക്ഷന്‍ അല്‍പ്പം പോലും വേദനിച്ചില്ലെന്നും അറിഞ്ഞതുപോലുമില്ലെന്നും’ പ്രധാനമന്ത്രി ഇവരോട് പറഞ്ഞു. വാക്സിന്‍ ആദ്യ ഡോസ് പ്രധാനമന്ത്രിക്ക് നല്‍കിയ സിസ്റ്റര്‍ പി നിവേദ ആകെ അമ്ബരപ്പിലാണ്.
മൂന്ന് വര്‍ഷമായി എയിംസില്‍ നഴ്‌സായി ജോലി ചെയ്യുകയാണ് നിവേദ. പ്രധാനമന്ത്രിയെ കാണാനും സംസാരിക്കാനും സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് വാക്‌സിന്‍ നല്‍കിയ ശേഷം നിവേദ പ്രതികരിച്ചു. പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിക്കാനെത്തുന്നുവെന്ന് രാവിലെയാണ് അറിഞ്ഞത്. തങ്ങള്‍ എവിടെ നിന്നുള്ളവരാണെന്ന് പ്രധാനമന്ത്രി ചോദിച്ചു. വണക്കം പറഞ്ഞുവെന്നും പുതുച്ചേരി സ്വദേശിയായ നിവേദ പറഞ്ഞു.
ഇന്‍ജക്ഷന്‍ എടുത്ത് കഴിഞ്ഞപ്പോള്‍ തനിക്ക് വേദന അനുഭവപ്പെട്ടതു പോലുമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞതായും നിവേദ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിക്കാന്‍ വരുന്നുവെന്നത് സര്‍പ്രൈസ് ആയിരുന്നുവെന്നാണ് മലയാളിയായ തൊടുപുഴ സ്വദേശി റോസമ്മ പ്രതികരിച്ചത്.
60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതര്‍ക്കുമാണ് ഇന്ന് മുതല്‍ കുത്തിവെപ്പ് ആരംഭിക്കുന്നത്. അര്‍ഹരായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണണെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്ന് വാക്‌സിന്‍ സ്വീകരിച്ച ശേഷം പ്രധാനമന്ത്രി പ്രതികരിച്ചു.