Uncategorized

‘ജോസഫൈന്റെ പ്രതികരണം പീഡനം അനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തിലെ ഉള‌ള പ്രതീക്ഷ നഷ്‌ടപ്പെടുത്തി ‘; ആഞ്ഞടിച്ച്‌ കെ സുധാകരന്‍

തിരുവനന്തപുരം: തത്സമയ ഫോണ്‍ ഇന്‍ പരിപാടിക്കിടെ പരാതിക്കാരിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈനെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. അവസാന ആശ്രയം എന്ന നിലയിലാകും ഭര്‍തൃവീട്ടില്‍ പീഡനം അനുഭവിക്കുന്ന ആ സ്‌ത്രീ വിളിച്ചിട്ടുണ്ടാകുക. അവരുടെ ഭൗതിക സാഹചര്യം പോലും മനസിലാക്കാതെ ജോസഫൈന്‍ അവരെ അപമാനിച്ചു. ഫേസ്‌ബുക്കിലിട്ട കുറിപ്പില്‍ കെ.സുധാകരന്‍ പറഞ്ഞു.

പല ഭീഷണികളും മറികടന്നാകും ജോസഫൈനെ അവര്‍ വിളിക്കാന്‍ അവസരം നേടിയത്. എല്ലാവര്‍ക്കും പോലീസ് സ്റ്റേഷനില്‍ പോയി പരാതിപ്പെടാനുള്ള സാഹചര്യം ഉണ്ടാകുമെങ്കില്‍ സര്‍ക്കാര്‍ എന്തിനാണ് ഹെല്‍പ്പ് ലൈന്‍ നമ്ബറുകള്‍ പരസ്യപ്പെടുത്തിയത് എന്ന് പോലും ആലോചിക്കാനുള്ള ബോധമില്ലാത്ത വ്യക്തിയാണ് ജോസഫൈനെന്നും പീഡനം അനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തിലെ പ്രതീക്ഷ നഷ്‌ടപ്പെടുത്തി ആത്മഹത്യയിലേക്ക് തള‌ളിവിടുന്നതാണ് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ പ്രതികരണമെന്നും സുധാകരന്‍ പ്രതികരിച്ചു.

കെ.സുധാകരന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂ‌ര്‍ണരൂപം ചുവടെ:

ഇന്നലെ എം സി ജോസഫൈന്‍ എന്ന വനിതാ കമ്മീഷന്‍ അധ്യക്ഷയെ ഭര്‍തൃവീട്ടില്‍ പീഡനം അനുഭവിക്കുന്ന സ്ത്രീ വിളിച്ചിട്ടുണ്ടാവുക ഒരുപക്ഷേ അവസാന ആശ്രയം എന്ന നിലയില്‍ ആയിരിക്കും.
അവരുടെ ഭൗതിക സാഹചര്യം എന്താണെന്ന് പോലും മനസ്സിലാക്കാതെയാണ് ഒരു തല്‍സമയ ചാനല്‍ പരിപാടിയില്‍ ജോസഫൈന്‍ അവരെ അപമാനിച്ചത്. അവര്‍ക്ക് പോലീസ് സ്റ്റേഷനില്‍ പോകാനൊ സ്വന്തമായി ഒരു ഫോണ്‍ ഉപയോഗിക്കാനെങ്കിലുമൊ ഉള്ള ഭൗതിക സാഹചര്യം ഉണ്ടൊ എന്ന കാര്യത്തില്‍ നമുക്കാര്‍ക്കും ഉറപ്പില്ല.

ജോസഫൈനെ വിളിക്കാന്‍ അവര്‍ ആ ഫോണും അവസരവും നേടിയത് പോലും ഒരു പക്ഷേ പല ഭീഷണികളേയും മറികടന്നായിരിക്കാം. എല്ലാവര്‍ക്കും പോലീസ് സ്റ്റേഷനില്‍ പോയി പരാതിപ്പെടാനുള്ള സാഹചര്യം ഉണ്ടാകുമെങ്കില്‍ സര്‍ക്കാര്‍ എന്തിനാണ് ഹെല്‍പ്പ് ലൈന്‍ നമ്ബറുകള്‍ പരസ്യപ്പെടുത്തിയത് എന്ന് പോലും ആലോചിക്കാനുള്ള ബോധമില്ലാത്ത വ്യക്തിയാണ് വനിതാ കമ്മിഷന്റെ തലപ്പത്ത് എന്നത് ദൗര്‍ഭാഗ്യകരമാണ്.

സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഉള്ള പ്രതീക്ഷ കൂടി നഷ്ടപ്പെടുത്തി പീഡനം അനുഭവിക്കുന്ന ഒരുപാട് പെണ്‍കുട്ടികളെ ആത്മഹത്യയിലേക്ക് അടക്കം തള്ളി വിടുന്നതാണ് ജോസഫൈന്റെ ഇരയോടുള്ള ആ തല്‍സമയ പ്രതികരണം.

സിപിഎം പ്രവര്‍ത്തകര്‍ സ്ത്രീകളേയും കുട്ടികളേയും പീഡിപ്പിക്കുമ്ബൊള്‍ ആ പ്രതികളെ സംരക്ഷിക്കാനുള്ള ഒരു സഹകരണ സംഘം എന്ന നിലയില്‍ ആണ് വനിതാ കമ്മീഷന്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്.
ഇരയാക്കപ്പെടുന്ന സ്ത്രീകളോട് ഇത്രയും ക്രൂരമായി അസഹിഷ്ണുതയോടെയും പരിഹാസത്തോടെയും സംസാരിക്കുന്ന ജോസഫൈനെ അടിയന്തരമായി തല്‍സ്ഥാനത്ത് നിന്നും നീക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു.

ജോസഫൈനെ മാറ്റി നിര്‍ത്തി അവരുടെ പരിഗണനയില്‍ വന്ന എല്ലാ കേസുകളിലും അടിയന്തരമായ പുനരന്വേഷണം ഉണ്ടാകണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button