”ഞാനും ജി സുധാകരനും തമ്മിൽ നല്ല ആത്മബന്ധമുണ്ട്, നിങ്ങൾ കാണുന്നത് പോലെ അല്ല”മന്ത്രി സജി ചെറിയാൻ

ജി സുധാകരനുമായി യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് മന്ത്രി സജി ചെറിയാൻ. നിങ്ങൾ കാണുന്നത് പോലെ അല്ല ഞങ്ങൾ തമ്മിൽ നല്ല ആത്മബന്ധമാണ്, നിങ്ങൾക്ക് അറിയാത്ത കെമിസ്ട്രിയുണ്ട് ഞാനും അദ്ദേഹവും തമ്മിൽ. നേരിൽ കണ്ടാൽ സംസാരിക്കും അദ്ദേഹം എന്നെ ഊഷ്മളതയോടുകൂടി സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
ഇപ്പോൾ മുന്നണി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്ന സമയമാണെന്നും സുധാകരൻ സഖാവിന് എന്തെങ്കിലും പ്രയാസങ്ങളുണ്ടെങ്കിൽ അത് ചോദിച്ചറിയുമെന്നും സജി ചെറിയാൻ പറഞ്ഞു. “ചില കാര്യങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പാർട്ടിയുടെ നേതൃനിരയിൽ നിന്നുകൊണ്ടുതന്നെ അദ്ദേഹം പ്രവർത്തിക്കും,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജി. സുധാകരൻ പാർട്ടിയിൽ നിന്ന് അകന്നു എന്നത് മുഴുവൻ മാധ്യമ സൃഷ്ടിയാണെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ പാർട്ടികളുടെ സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നും, കോൺഗ്രസിന്റെ സാഹിത്യ സമ്മേളനത്തിൽ പങ്കെടുത്തത് അതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. “സുധാകരൻ സഖാവിന് സാംസ്കാരിക രംഗത്തെ വലിയ അറിവുണ്ട്; അതിനാൽ അതിൽ തെറ്റൊന്നുമില്ല. പാർട്ടിയുടെ നിലപാട് എസ്.ഡി.പി.ഐ.യുടെയും ബിജെപിയുടെയും പരിപാടികളിലേക്കുള്ള പങ്കാളിത്തത്തിനെതിരെയാണ്,” എന്നും മന്ത്രി വ്യക്തമാക്കി.
“സുധാകരനുമായി മഞ്ഞുരുകാൻ മഞ്ഞില്ലല്ലോ,” എന്ന് സജി ചെറിയാൻ ഹാസ്യത്തോടെ പറഞ്ഞു. സുധാകരനെ കുറിച്ച് താൻ നടത്തിയ പ്രസ്താവന തെറ്റിധാരണയ്ക്ക് ഇടയാക്കിയെങ്കിൽ അത് പിൻവലിച്ചിട്ടുണ്ടെന്നും, ആലപ്പുഴയിലെ പാർട്ടി വിമർശനങ്ങളിലൂടെ വളർന്നതാണ് എന്നും, സുധാകരന് വിമർശിക്കാനുള്ള അവകാശം ഉണ്ടെന്നും സജി ചെറിയാൻ വ്യക്തമാക്കി.
Tag: saji cheriyan commented on G. sudhakaran relationship



