സെക്രട്ടറിയേറ്റിലെ തീപിടുത്തം സര്‍ക്കാര്‍ അറിഞ്ഞുകൊണ്ട് തന്നെ നടന്നതാണെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തം സര്‍ക്കാര്‍ അറിഞ്ഞുതന്നെയെന്ന് ആവര്‍ത്തിച്ച് ബിജെപി. തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന് പിന്നാലെയാണ് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പ്രതികരണം.
ബിജെപി പറഞ്ഞത് നൂറുശതമാനം സത്യമെന്ന് തെളിഞ്ഞിരിക്കുകയാണ്. സെക്രട്ടറിയേറ്റിലെ ഫയലുകള്‍ കത്തിച്ചതുതന്നെ. സര്‍ക്കാര്‍ അറിഞ്ഞാണ് കത്തിച്ചത്.രണ്ട് അന്വേഷണ സമിതികളും അട്ടിമറി സമിതികളാണെന്നുള്ള ബിജെപി ആരോപണവും സത്യമായി. ഇക്കാര്യത്തില്‍ ഇനി മുഖ്യമന്ത്രിയാണ് സത്യം തുറന്നുപറയേണ്ടതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അട്ടമറിക്കാനുള്ള സര്‍ക്കാരിന്റെ ആസൂത്രിതമായ നീക്കമാണ് തീവെപ്പിന് പിന്നിലെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടിയിരുന്നു. തീവെപ്പിന് ഒരുമാസം മുമ്ബ് പൊതുഭരണവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ സെക്രട്ടറിയേറ്റില്‍ തീപ്പിടുത്തം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ തകര്‍ന്നെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ അതിനെ സാധൂകരിക്കുന്ന ഒരു കത്ത് ചീഫ് സെക്രട്ടറി പുറത്തുവിട്ടത് പോലെ തന്നെയാണ് ഈ സര്‍ക്കുലറും. അഗ്നിബാധ ഉണ്ടാകുമെന്ന് മുന്‍കൂട്ടി അറിയാന്‍ കഴിയുന്ന ദിവ്യദൃഷ്ടിയുള്ള സര്‍ക്കാരാണോ പിണറായി വിജയന്റേതെന്ന് അന്നേ ബി.ജെ.പി ചോദിച്ചിരുന്നതായും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.