കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

കോഴിക്കോട്: കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ (105) അന്തരിച്ചു. കൊയിലാണ്ടിയില്‍ ചേലിയയിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
കഥകളിക്കായി സ്വയം സമര്‍പ്പിച്ച ജീവിതമായിരുന്നു ഗുരു ചേമഞ്ചേരിയുടേത്. എട്ട് പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിനാണ് തിരശീല വീഴുന്നത്. 1983 ഏപ്രില്‍ 23-ന് ചേലിയയില്‍ കഥകളിയുടെ പോഷണത്തിന് കഥകളിവിദ്യാലയം സ്ഥാപിച്ചു.
കൃഷ്ണനാണ് അദ്ദേഹത്തിന്റെ ഇഷ്ടവേഷം. കഥകളിക്ക് പുറമെ കേരള നടനമെന്ന കലാരൂപത്തിനും ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ പ്രചാരം നല്‍കി.
2017 ല്‍ രാജ്യം അദ്ദേഹത്തെ പദ്മശ്രീ നല്‍കി ആദരിച്ചു. 1979-ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, 1999-ല്‍ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, 2001-ല്‍ കലാരംഗത്തെ വിശിഷ്ടസേവനത്തിന് കലാമണ്ഡലം അവാര്‍ഡ്, 2002-ല്‍ കലാദര്‍പ്പണം നാട്യ കുലപതി അവാര്‍ഡ്, മയില്‍പ്പീലി പുരസ്‌കാരം, കേരള കലാമണ്ഡലം കലാരത്‌നം അവാര്‍ഡ് തുടങ്ങിയവയാണ് ലഭിച്ച മറ്റ് അംഗീകാരങ്ങള്‍.
പത്തു കൊല്ലം കേരളസര്‍ക്കാര്‍ നടനഭുഷണം എക്‌സാമിനറായും മൂന്നു വര്‍ഷം തിരുവനന്തപുരം ദൂരദര്‍ശന്‍ നൃത്തവിഭാഗം ഓഡീഷന്‍ കമ്മിറ്റി അംഗമായും രണ്ടു വര്‍ഷം സംഗീത നാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായും സേവനമനുഷ്ടിച്ചു.