173 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ഡിഎംകെ: മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി എം.കെ സ്റ്റാലിൻ ; കമൽഹാസന്റെ കന്നി പോരാട്ടം കോയമ്പത്തൂർ സൗത്തിൽ

ചെന്നൈ : ഡിഎംകെ 173 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. ഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിൽ മത്സരിക്കും. സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ ചെപ്പോക്ക്-ട്രിപ്ലികെയിൻ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ എടപ്പാടിയിൽ സമ്പത്ത് കുമാറിനെയാണ് ഡിഎംകെ മത്സരിപ്പിക്കുന്നത്.
അണ്ണാ ദുരെയുടേയും കരുണാനിധിയുടേയും സമാധി സ്ഥലങ്ങളിൽ പുഷ്പാർച്ചന അർപ്പിച്ച ശേഷമാണ് സ്റ്റാലിൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഡോക്ടർമാർക്കും അഭിഭാഷകർക്കും പട്ടികയിൽ ഇടമുണ്ട്. യുവാക്കളേയും പരിഗണിച്ചു. 173 സ്ഥാനാർത്ഥികളിൽ 13 വനിതകളെ മാത്രമേ പരിഗണിച്ചുള്ളൂ. സുരേഷ് രാജൻ, കണ്ണപ്പൻ, അവുദൈയ്യപ്പൻ തുടങ്ങിയ പ്രധാന നേതാക്കളെല്ലാം സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ വെച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് സ്റ്റാലിൻ പട്ടിക പുറത്തു വിട്ടത്. മാർച്ച് 15-ന് നാമനിർദ്ദേശ പത്രിക നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ കോയമ്പത്തൂർ സൗത്തിൽ നിന്ന് മത്സരിക്കും. കമൽഹാസന്റെ കന്നിപ്പോരാട്ടമാണ് നടക്കുന്നത്. ചെന്നൈയിലാണ് കമൽഹാസൻ മത്സരിക്കുന്ന കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ രണ്ടാമത്തെ പട്ടികയും കമൽഹാസൻ പുറത്തിറക്കി.