ഓക്സ്ഫഡ് കോവിഡ് വാക്‌സീൻ 2021 ജനുവരിയിൽ, രണ്ടു ഷോട്ട് വാക്സീന് 500–600 രൂപ.

ന്യൂഡൽഹി /ഓക്സ്ഫഡ് യൂണിവേഴ്സിറ്റി അസ്ട്രാസെനകയുമായി ചേർന്ന് വികസിപ്പിച്ച കോവിഡ് വാക്‌സീൻ 2021 ജനുവരി അവസാനത്തോടെയോ ഫെബ്രുവരി ആദ്യവാരത്തിലോ തന്നെ ഇന്ത്യയിൽ ലഭ്യമാകുമെന്നു റിപ്പോർട്ട്. രാജ്യത്തു വാക്സീൻ ലഭ്യമാക്കുന്ന സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് (എസ്ഐഐ) അടിയന്തര ഉപയോഗാനുമതി നൽകാൻ സർക്കാർ ഒരുങ്ങുന്നതായി ഒരു ദേശീയ മാധ്യമം ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോവിഡ് പ്രതിരോധിക്കാന്‍ ഏറെ ശേഷിയുള്ളതാണ് വാക്‌സീൻ എന്നാണ് കമ്പനി മേധാവി പാസ്‌കല്‍ സോറിയോട്ട് പറഞ്ഞിട്ടുള്ളത്. ഇന്ത്യയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് 100 കോടി ഡോസ് വാക്‌സിൻ ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിട്ടുള്ളത്.
യുകെയിൽ അനുമതി ലഭിക്കുന്നതിന് പിറകെ ഇന്ത്യയിലും അനുമതി തേടാനാണ് ഉദ്ദേശിക്കുന്നത്. ഡിസംബറോടെ അടിയന്തര വാക്സീൻ അനുമതിക്ക് അപേക്ഷ നൽകാനാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ദേശ്ശിക്കുന്നത്. വലിയ തോതിൽ രാജ്യത്തിനു കോവിഡ് വാക്സീൻ ആവശ്യമുള്ളതിനാൽ പരമാവധി വില കുറച്ച് വാങ്ങണമെന്നാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. പരമാവധി ചില്ലറ വിലയുടെ (എംആർപി) ഏതാണ്ട് പകുതിയായ 500–600 രൂപയ്ക്കു രണ്ടു ഷോട്ട് വാക്സീൻ ലഭിക്കുമെന്നാണ് ഇപ്പോഴുള്ള പ്രതീക്ഷ.