കണ്ണൂരിൽ ഒഴുക്കിൽപ്പെട്ട് മരിച്ച യുവതിയുടെ മകന്റെ മൃതദേഹവും കിട്ടി

കണ്ണൂർ; ഉളിക്കൽ നുച്ചിയാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി. കാണാതായ 13കാരൻ ഫായിസിന്റെ മൃതദേഹവും ഇന്ന് കണ്ടെത്തി. ഇന്നലെ ഫായിസിന്റെ മാതാവ് താഹിറയുടെയും താഹിറയുടെ സഹോദര മകൻ ബാസിതിന്റെയും മൃതദേഹങ്ങൾ ലഭിച്ചിരുന്നു
മൂന്ന് പേരാണ് ഒഴുക്കിൽപ്പെട്ടത്. താഹിറയെയും ബാസിതിനെയും മരിച്ച നിലയിൽ കഴിഞ്ഞ ദിവസം തന്നെ കണ്ടെത്തി. രണ്ട് ദിവസമായി അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ഫായിസിന്റെ മൃതദേഹവും ലഭിച്ചത്
വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് അപകടം നടന്നത്. കോടാറമ്പ് പുഴയോട് ചേർന്ന് താമസിക്കുന്ന താഹിറയും കുടുബവും അലക്കാനും കുളിക്കാനും മറ്റും ഈ പുഴയിലാണു പോവാറുള്ളത്.വെള്ളിയാഴ്ച താഹിറയോടൊപ്പം എത്തിയ കുട്ടികൾ അബദ്ധത്തിൽ ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് നിഗമനം. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് താഹിറയും പുഴയിൽ അകപ്പെട്ടതെന്നു കരുതുന്നു. വിവരമറിഞ്ഞ് ഓടിയെത്തിയ പരിസരവാസികൾ താഹിറയെയും ബാസിത്തിനെയും കണ്ടെത്തി ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരിട്ടിയിൽ നിന്നു ഫയർഫോഴ്‌സ്, ഉളിക്കൽ പോലിസ്, ഇരിട്ടി തഹസിൽദാർ ദിവാകരൻ എന്നിവരടങ്ങുന്ന സംഘമാണ് തിരച്ചിലിന് നേതൃത്വം നൽകിയത്.