കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; 3 പ്രതികള്‍ സിപിഎം അംഗങ്ങള്‍
തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ മൂന്നു പേര്‍ സി പി എം അംഗങ്ങള്‍. മാനേജര്‍ ആയിരുന്ന ബിജു കരീം, സെക്രട്ടറി ആയിരുന്ന ടി.ആര്‍ സുനില്‍ കുമാര്‍, ചീഫ് അക്കൗണ്ടന്റ് സി.കെ ജില്‍സ് എന്നീ പ്രതികള്‍ പാര്‍ട്ടി അംഗങ്ങളാണെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. ഇവരില്‍ രണ്ട് പേര്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ്.
ടി.ആര്‍ സുനില്‍ കുമാര്‍ കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ്. ബിജു കരീം സിപിഎം പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗവുമാണ്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നൂറു കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തല്‍. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിന്റെ തലപ്പത്തുണ്ടായിരുന്നത്.
തട്ടിപ്പ് വിവരം കണ്ടെത്തിയതിനെ തുടര്‍ന്ന് 13 അംഗഭരണ സമിതി പിരിച്ചു വിട്ടിരുന്നു. ബാങ്ക് സെക്രട്ടറിയടക്കം 6് ജീവനക്കാര്‍ക്കെതിരെയാണ് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തത്. 46 പേരുടെ ആധാരത്തില്‍ എടുത്ത വായ്പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതടക്കം വന്‍ തട്ടിപ്പുകളാണ് ഇവിടെ നടന്നത്.
2019-ല്‍ ബാങ്കിനെതിരെ തട്ടിപ്പ് ആരോപണവുമായി നാട്ടുകാര്‍ രംഗത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്് രജിസ്ട്രാര്‍ അന്വേഷണം നടത്തിയതും വന്‍ തട്ടിപ്പ് വിവരങ്ങള്‍ പുറത്തു കൊണ്ടു വന്നതും. ക്രമം തെറ്റിച്ചു പല അക്കൗണ്ടുകളിലേക്ക് പണം മാറ്റിയും വായ്പ നല്‍കിയ വസ്തുക്കളില്‍ തന്നെ വീണ്ടും വായ്പ നല്‍കിയുമാണ്് കരുവന്നൂര്‍ ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടന്നത്.
ബാങ്കില്‍ വന്‍കിട ലോണുകള്‍ നല്‍കിയിരുന്നത് കമ്മീഷന്‍ വ്യവസ്ഥയിലാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിരുന്നു. ഓരോ ലോണിനും പത്ത് ശതമാനം കമ്മീഷന്‍ ഈടാക്കിയെന്നും മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു വഴി തേക്കടിയില്‍ റിസോര്‍ട്ട് നിര്‍മ്മിക്കാനാണ് ഈ പണം ശേഖരിച്ചിരുന്നതെന്നുമാണ് ബിജെപി ആരോപിക്കുന്നത്.