രാജ്യത്തെ കോവിഡ് കേസുകളിൽ 37 ശതമാനവും കേരളത്തിൽ.

ന്യൂഡൽഹി/ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം കോവിഡ് കേസുകളിൽ 37 ശതമാനവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 15,158 പേർക്ക് ആണ്. 175 മരണങ്ങൾ കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു.പുതിയ കേസുകളിൽ 37 ശതമാനവും കേരളത്തിലാണ്. വെള്ളിയാഴ്ച 5,624 കേസുകൾ സംസ്ഥാനത്തു സ്ഥിരീകരിച്ചു. പ്രതിദിന വർധനയിൽ രണ്ടാം സ്ഥാനത്തു തുടരുന്ന മഹാരാഷ്ട്രയിൽ 3,145 പേർക്കു കൂടിയാണ് രോഗം കണ്ടെത്തിയത്. അവസാന 24 മണിക്കൂറിൽ രാജ്യത്തു സ്ഥിരീകരിച്ച കേസുകളിൽ 57.85 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമായാണ്.
രാജ്യത്തെ മൊത്തം കേസുകൾ 1,05,42,841 ആയി. മരണസംഖ്യ 1,52,093ലെത്തി. 2,11,033 ആക്റ്റിവ് കേസുകളാണ് ഇപ്പോൾ രാജ്യത്തുള്ളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. കേരളത്തിൽ 67,496 പേരും മഹാരാഷ്ട്രയിൽ 52,152 പേരുമാണ് ഇപ്പോൾ അസുഖബാധിതരായുള്ളത്. ഇരു സംസ്ഥാനത്തുമായി 1.20 ലക്ഷത്തോളം ആക്റ്റിവ് കേസുകൾ ആണ് ഉള്ളത്. രാജ്യത്തെ ആക്റ്റിവ് കേസുകളുടെ 56.69 ശതമാനമാണിത്.
മൊത്തം കേസ് ലോഡിന്‍റെ രണ്ടു ശതമാനം മാത്രമാണ് രാജ്യത്തെ ആക്റ്റിവ് കേസുകൾ. 96.56 ശതമാനം റിക്കവറി നിരക്കും 1.44 ശതമാനം മരണനിരക്കുമാണ് ഇന്ത്യയിൽ ഇപ്പോൾ ഉള്ളത്. 1.01 ലക്ഷത്തിലേറെ പേർ ഇതുവരെ രോഗമുക്തരായി. 8.03 ലക്ഷം സാംപിളുകളാണ് അവസാന 24 മണിക്കൂറിൽ രാജ്യത്ത് പരിശോധിച്ചതെന്ന് ഐസിഎംആർ വ്യക്തമാക്കുന്നു.