കോവിഡ് രണ്ടാം തരംഗo ; കേരളത്തിന്റെ അതിജീവനം ഇഴഞ്ഞു നീങ്ങുന്നു : എസ്.ബി.ഐ റിസര്‍ച്ച്
ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗo അതിജീവിക്കുന്ന വിഷയത്തില്‍ രാജ്യത്ത് കേരളം ഏറ്റവും മന്ദഗതിയിലെന്ന് റിപ്പോര്‍ട്ട്. എസ്.ബി.ഐ റിസര്‍ച്ച് പ്രസിദ്ധീകരിച്ച ‘കോവിഡ് -19: റേസ് ടു ഫിനിഷിംഗ് ലൈന്‍’ എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദമാക്കുന്നത് . കേരളത്തെ പോലെ മഹാരാഷ്ട്രയും രണ്ടാം തരംഗത്തെ മറി കടക്കുന്നതില്‍ ഇഴഞ്ഞു നീങ്ങുന്നത് .
കഴിഞ്ഞ ആഴ്ചയില്‍ പുതുതായി സ്ഥിരീകരിക്കപ്പെട്ട കോവിഡ് കേസുകളുടെ എണ്ണത്തില്‍ രാജ്യത്ത് 11 ശതമാനത്തിന്‍റെ കുറവ് രേഖപ്പെടുത്തിയപ്പോള്‍ കേരളത്തില്‍ അത് ഏഴ് ശതമാനം വര്‍ധിച്ചെന്നും പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു .മഹാരാഷ്ട്രയില്‍ നാല് ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. മാത്രമല്ല, പുതിയ കേസുകളില്‍ 48 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇരു സംസ്ഥാനങ്ങളിലുമായി പുതുതായി ഒന്നര ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചത്.
അതേസമയം, കോവിഡ് രണ്ടാം തരംഗം ഇനിയും അവസാനിച്ചിട്ടില്ലെങ്കിലും രാജ്യം ഏറെ ഭയപ്പെടുന്ന കോവിഡ് മൂന്നാം തരംഗം ആഗസ്റ്റ് പകുതിയോടെ ഇന്ത്യയെ ബാധിക്കുമെന്നും സെപ്റ്റംബറില്‍ കേസുകള്‍ ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു .
മൂന്നാം തരംഗത്തിലെ ഉയര്‍ന്ന കേസുകളുടെ ശരാശരി രണ്ടാം തരംഗത്തിലേതിനേക്കാള്‍ 1.7 ഇരട്ടിയാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വാക്സിനേഷന് മാത്രമാണ് ഏക രക്ഷയെന്നാണ് എസ്.ബി.ഐ ഗ്രൂപ്പ് മുഖ്യ സാമ്ബത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് റിപ്പോര്‍ട്ടില്‍ പറയുന്നു .മെയ് രണ്ടാം വാരത്തില്‍ രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിന്‍റെ കേസുകള്‍ ഉയര്‍ന്നേക്കാമെന്ന് എസ്.ബി.ഐ റിസര്‍ച്ച് കൃത്യമായി പ്രവചിച്ചിരുന്നു. ഇന്ത്യയില്‍ ജനസംഖ്യയുടെ 4.6 ശതമാനം പേര്‍ക്ക് മാത്രമേ വാക്സിനേറ്റ് ചെയ്തിട്ടുള്ളു .
20.8 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് ലഭിച്ചു. യു.കെ (48.7 ശതമാനം), യു.എസ് (47.1 ശതമാനം), ഇസ്രായേല്‍ (59.8 ശതമാനം), സ്‌പെയിന്‍ (38.5 ശതമാനം), ഫ്രാന്‍സ് (31.2 ശതമാനം) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ വാക്സിനേഷന് സംബന്ധിച്ച കണക്ക്. രാജ്യത്തെ12 സംസ്ഥാനങ്ങളില്‍ നിന്നായി ഡെല്‍റ്റ പ്ലസ് വകഭേദത്തിന്‍റെ 51 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് .