വീണ്ടും ഗ്രൂപ്പ് പോരിലേക്ക് കേരളാ കോണ്‍ഗ്രസ്; ജോസഫിനൊപ്പം തുടര്‍ന്നിട്ട് കാര്യമില്ല.. നേതാക്കള്‍ ജോസ് പക്ഷത്തേക്ക്?
കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നേതാക്കള്‍ തമ്മിലുള്ള ഭിന്നതകള്‍ രൂക്ഷമായിരിക്കുകയാണ്. മോന്‍സ് ജോസഫിനും ജോയ് എബ്രഹാമിനും പാര്‍ട്ടിയില്‍ ഉയര്‍ന്ന സ്ഥാനം നല്‍കിയതിനെതിരെ ഫ്രാന്‍സിസിസ് ജോര്‍ജ്, ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടന്‍ എന്നീ നേതാക്കള്‍ രംഗത്തെത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണം.
ഇതില്‍ പരസ്യപ്രതികരണങ്ങള്‍ ആരംഭിച്ചതോടെയാണ് തര്‍ക്കം രൂക്ഷമാകുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം പിജെ ജോസഫിന്റെ വീട്ടില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ മോന്‍സ് ജോസഫിന്റെയും ഫ്രാന്‍സിസ് ജോര്‍ജിന്റെയും നേതൃത്വത്തില്‍ നേതാക്കള്‍ ഇരുവിഭാഗങ്ങളായി ചേരിതിരിഞ്ഞെന്ന വാര്‍ത്തയും ചര്‍ച്ചയായി.അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമായതോടെ പാര്‍ട്ടിയില്‍ സംഘടന തിരഞ്ഞെടുപ്പ് നടത്തി പരിഹാരം കണ്ടെത്താനുള്ള നീക്കത്തിലാണ് പിജെ ജോസഫ്.
വാര്‍ഡ് കമ്മിറ്റി മുതല്‍ സംസ്ഥാന കമ്മിറ്റി വരെ പുനഃസംഘടിപ്പിക്കുമെന്നു പി ജെ ജോസഫ് തന്നെയായിരുന്നു വ്യക്തമാക്കിയത്. പാര്‍ട്ടിക്കുളളില്‍ നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു പരിഹരിച്ചെന്നും പിജെ ജോസഫ് പറഞ്ഞിരുന്നു.
അതിനിടെ ജോസഫ് പക്ഷത്തെ നീക്കങ്ങള്‍ മുതലെടുക്കാനുള്ള ഒരുക്കങ്ങള്‍ ജോസ് കെ മാണി വിഭാഗവും ആരംഭിച്ചിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ജോസഫിനൊപ്പം നിന്നിട്ട് കാര്യമില്ലെന്ന് വിലയിരുത്തുന്ന വലിയൊരു വിഭാഗം നേതാക്കള്‍ ജോസ് കെ മാണി വിഭാഗവുമായി നീക്കുപോക്കിന് ശ്രമിക്കുന്നെന്ന് റിപ്പോര്‍ട്ട്. കേരളാ കോണ്‍ഗ്രസില്‍ ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളില്‍ പലരും ജോസ് കെ മാണിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് ഇതിന് കളമൊരുങ്ങിയത് എന്ന് ഒരു വാര്‍ത്താ മാധ്യമം റിപ്പോട്ട് ചെയ്തിരുന്നു.
മാതൃസംഘടനയിലേക്ക് വരുന്നവരെ കൈയൊഴിയില്ലെന്ന കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നിലപാട് ഇനിയും ജോസഫിനൊപ്പം നിന്നിട്ട് കാര്യമില്ലെന്ന് ചിന്തിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പവുമാക്കും
കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് പിസി തോമസ് വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതിന് പിന്നാലെ തന്നെ കേരളാ കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗത്തില്‍ നേതാക്കളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ ആരംഭിച്ചിരുന്നു. പദവികളുടെ പേരിലായിരുന്നു ഈ പ്രശ്‌നങ്ങളെല്ലാം. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇവ പരസ്യമാവുകയും ചെയ്തതോടെയാണ് പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര് കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകുന്നത്. ഫ്രാന്‍സിസ് ജോര്‍ജ്, മോന്‍സ് ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെ കേരളാ കോണ്‍ഗ്രസ് മറ്റൊരു പിളര്‍പ്പിന്റെ വക്കിലാണെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു.