CovidKerala NewsLatest News

ലോക്ഡൗണ്‍ വന്നാല്‍ കേരളം 90 ശതമാനവും അടച്ചിടും, 11 ജില്ലകളിലും പോസിറ്റീവിറ്റി 15 ശതമാനത്തിന് മുകളില്‍

തിരുവനന്തപുരം: കോവിഡ് പോസിറ്റീവിറ്റി നിരക്ക് നിയന്ത്രണാതീതമായി ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രിത ലോക്ക് ഡൗണിനേക്കുറിച്ച്‌ കേന്ദ്രം വീണ്ടും ചിന്തിക്കുമ്പോള്‍ പ്രഖ്യാപനം ഉണ്ടായാല്‍ കേരളത്തില്‍ 90 ശതമാനം അടച്ചിടല്‍ വേണ്ടി വരും. കോവിഡ് പോസിറ്റീവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള 150 ജില്ലകളില്‍ ലോക്ഡൗണ്‍ വേണമെന്ന് ആരോഗ്യമന്ത്രാലയം കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേരളത്തില്‍ പത്തനംതിട്ടയും കൊല്ലവും തിരുവനന്തപുരവും ഒഴികെയുള്ള എല്ലാ ജില്ലകളിലും പോസിറ്റീവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലാണ്.

ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷം ഉടന്‍ തീരുമാനം ഉണ്ടായേക്കും. പ്രഖ്യാപനം വന്നാല്‍ കേരളത്തിലെ 12 ജില്ലകളും അടച്ചിടേണ്ടി വരും. സംസ്ഥാനം സ്വമേധയാ ലോക്ഡൗണിലേക്ക് പോകേണ്ടതില്ല എന്നാണ് ഇന്നലെയും മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ രണ്ടു ജില്ലകളില്‍ മാത്രമാണ് കേരളത്തില്‍ ടെസ്റ്റ് പോസിറ്റീവിറ്റി കുറവുള്ളത്. പത്തനംതിട്ടയിലും കൊല്ലത്തും. തിരുവനന്തപുരത്ത് 14 ന് മേലാണ് കോവിഡ് പോസിറ്റീവിറ്റി നിരക്ക്. മറ്റുള്ള ജില്ലകളില്‍ 20 ന് മുകളിലും. 15 ന് മുകളില്‍ പോസിറ്റീവിറ്റി നിരക്കുളള ജില്ലകളില്‍ ലോക്ക്ഡൗണ്‍ കേന്ദ്രം നിര്‍ബ്ബന്ധിച്ചാല്‍ സംസ്ഥാനത്തിന് അനുസരിക്കേണ്ടി വരും.

നിലവില്‍ കേരളത്തില്‍ ടെസ്റ്റ് പോസിറ്റീവിറ്റി 20 ശതമാനത്തിന് മുകളിലുള്ള പഞ്ചായത്തുകളിലാണ് നിരോധനാജ്ഞയ്ക്ക് സമാനമായ നിയന്ത്രണമാണ് സംസ്ഥാനം നടപ്പിലാക്കി വരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രാലയം നിര്‍ദേശം മുമ്ബോട്ട് വെച്ചത്. തുടര്‍ച്ചയായി ആറാം ദിവസവും കോവിഡ് പോസിറ്റീവിറ്റി മൂന്ന് ലക്ഷം കടന്നിരിക്കുകയാണെന്നും കഴിഞ്ഞ തവണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രോഗവ്യാപന തോത് കുറയ്ക്കാനായിരുന്നെന്നും വിലയിരുത്തി.

വൈറസ് വകഭേദം കൂടി വന്നിരിക്കുന്ന സാഹചര്യത്തില്‍ 15 ശതമാനത്തിന് മേല്‍ പോസിറ്റീവിറ്റി നിരക്ക് വന്നിരിക്കുന്ന ഇടങ്ങളില്‍ കടുത്ത നിയന്ത്രണം വേണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. രാജ്യം മുഴുവന്‍ ലോക്ഡൗണിലേക്ക് കൊണ്ടു പോകുന്നതിനോട് മറ്റു മന്ത്രാലയങ്ങള്‍ അനൂകൂലിക്കാതിരുന്നതിനെ തുടര്‍ന്ന് സംസ്ഥാനങ്ങളുമായി വിശദമായ ചര്‍ച്ചയ്ക്ക് ശേഷം മതി അന്തിമ തീരുമാനം എന്ന നിലയിലാണ് കേന്ദ്രം ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. 15 ശതമാനത്തിന് മുകളില്‍ പോസിറ്റീവിറ്റി നില നില്‍ക്കുന്ന രാജ്യത്തെ 158 ജില്ലകളുടെ പട്ടികയും യോഗത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി അവതരിപ്പിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button