കേന്ദ്രം കൈയൊഴിഞ്ഞിട്ടും കെ റെയിലുമായി കേരളം മുന്നോട്ട്
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്ക് കേരളം വിദേശവായ്പ എടുക്കുകയാണെങ്കില്‍ ബാധ്യത ഏല്‍ക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പദ്ധതിക്കുള്ള അധിക ചിലവ് വഹിക്കാനും തങ്ങള്‍ തയ്യാറല്ലെന്ന് കേന്ദ്രം കേരളത്തെ അറിയിച്ചു. എന്നിട്ടും പദ്ധതിയുമായി മുന്നോട്ടു പോവാനാണ് സര്‍ക്കാരിന്റെ തീരുമാനം.
കേന്ദ്രം ബാധ്യത ഏല്‍ക്കില്ലെന്ന് വ്യക്തമായതോടെ ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സിയും (ജെയ്ക) ലോകബാങ്കും കേരളത്തിന് സഹായം നല്‍കുന്ന കാര്യം പരിഗണിച്ചിട്ടുപോലുമില്ലെന്നാണ് പറയുന്നത്. എന്നാല്‍ ജെയ്ക അടക്കമുള്ള വിദേശ ഏജന്‍സികളില്‍ നിന്ന് സഹായം തേടുമെന്നാണ് കേരള സര്‍ക്കാര്‍ പറയുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയില്ലാതെ 63,941 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നാണ് പിണറായി സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്.
എന്നാല്‍ 1.26 ലക്ഷം കോടി രൂപയെങ്കിലും പദ്ധതിക്ക് ചിലവ് വരുമെന്നാണ് നീതി ആയോഗിന്റെ കണക്ക്. പ്രതിപക്ഷ കക്ഷികളും പരിസ്ഥിതി സംഘടനകളുമെല്ലാം സര്‍ക്കാര്‍ മര്‍ക്കടമുഷ്ടിയോടെ നടപ്പാക്കാന്‍ പോകുന്ന അതിവേഗ റെയില്‍ പദ്ധതിക്കെതിരെ ശക്തമായി രംഗത്തുണ്ട്.
കേരളത്തില്‍ അതിവേഗ റെയില്‍ പദ്ധതിയേക്കാള്‍ അത്യാവശ്യ കാര്യങ്ങള്‍ നടപ്പാക്കാനുള്ളപ്പോള്‍ ഈ പദ്ധതി നടപ്പാക്കാന്‍ മാത്രം സര്‍ക്കാര്‍ കടുംപിടുത്തം പിടിക്കുന്നത് എന്തിനാണെന്ന ചോദ്യവും ഉയരുന്നുണ്ട്. കെ റെയില്‍ പദ്ധതി നടപ്പാക്കരുതെന്ന ആവശ്യവുമായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ജനങ്ങള്‍ എതിര്‍പ്പുമായി രംഗത്തുണ്ട്.