Kerala NewsLatest NewsNationalNewsPoliticsSampadyam

കേരളം ജിഎസ്ടിയെ എതിര്‍ക്കുന്നത് ഖജനാവിന്റെ ദയനീയത മൂലം

തിരുവനന്തപുരം: മദ്യവും ലോട്ടറിയും പെട്രോളിയം ഉത്പന്നങ്ങളുമില്ലെങ്കില്‍ കേരളത്തില്‍ വരുമാനമില്ലെന്ന് കൂടുതല്‍ വ്യക്തമാക്കുകയാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പരമ്പരാഗത നികുതി സമ്പ്രദായങ്ങള്‍ പൊളിച്ചെഴുതുമ്പോള്‍ എതിര്‍പ്പുമായി മുന്നോട്ടിറങ്ങുന്നതിന്റെ കാരണം വേറെ വരുമാനത്തിന് വേറെ വഴികള്‍ തേടാന്‍ കഴിയില്ലെന്ന നിലപാട് മാത്രമാണ്.

പുതിയ മേഖലകളിലെ സാധ്യതകള്‍ ഉപയോഗിച്ച് നികുതി വരുമാനം വര്‍ധിപ്പിക്കാന്‍ കേരളം മടിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇതുവരെ കേരളത്തിലെ ഒരു ഭരണാധികാരിയും വ്യക്തമാക്കിയിട്ടില്ല. വളരെ എളുപ്പം നടപ്പിലാക്കാവുന്ന ചെറിയ കാര്യങ്ങള്‍ പോലും നടപ്പിലാക്കാന്‍ കേരളം ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ സര്‍ക്കാരിന്റെ വരുമാന വര്‍ധനവിനും നികുതി ചോര്‍ച്ച തടയുന്നതിനും കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ തയാറെടുക്കയാണെന്നാണ് ധനമന്ത്രി പറയുന്നത്.

ജിഎസ്ടി വകുപ്പിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സംസ്ഥാനം ഉദ്ദേശിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ജിഎസ്ടി വെട്ടിപ്പ് തടയാന്‍ യാതൊരു ക്രിയാത്മക നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ജിഎസ്ടി നടപ്പിലാക്കിയ ശേഷമുള്ള വകുപ്പ് പുനഃക്രമീകരണം മറ്റെല്ലാ സംസ്ഥാനങ്ങളും കേന്ദ്രവും പൂര്‍ത്തീകരിച്ച് ഉദ്യോഗസ്ഥരെ ഓരോ മേഖലയിലെ സേവനങ്ങള്‍ക്കായി നിയോഗിച്ചു കഴിഞ്ഞു. എന്നാല്‍ കേരളത്തില്‍ പുനഃസംഘടന സംബന്ധിച്ച ഫയല്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ഇളകിയിട്ടില്ല.

മറ്റു സംസ്ഥാനങ്ങള്‍ നികുതി വര്‍ധനയ്ക്കു പല വഴികള്‍ ആലോചിക്കുന്നതിന് ഉതകുന്ന രീതിയിലാണ് വകുപ്പിനെ പുനഃക്രമീകരിക്കാന്‍ ശ്രമിച്ചതെങ്കില്‍ കേരളത്തില്‍ ചില ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം കിട്ടുന്നതിനുള്ള വഴിയാണ് നോക്കിയത്. ചില ഉദ്യോഗസ്ഥര്‍ക്കു വിരമിക്കും മുന്‍പ് ഉയര്‍ന്ന തസ്തികയിലേക്ക് സ്ഥാനക്കയറ്റവും വിരമിച്ച ശേഷം ഉയര്‍ന്ന പെന്‍ഷന്‍ ആനുകൂല്യങ്ങളും ലഭിക്കത്തക്ക രീതിയില്‍ പദ്ധതി തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചു. ഇത് സര്‍ക്കാരിന്റെ നികുതി വര്‍ധനവിനെ പിന്നോട്ടടിച്ചതില്‍ വഹിച്ച പങ്ക് ചെറുതല്ല.

പെട്രോള്‍, ഡീസല്‍, എല്‍പിജി സിലിണ്ടര്‍ വില വര്‍ധനവോടെ രാജ്യത്തെ ഉത്പന്നങ്ങള്‍ക്ക് മൊത്തവ്യാപാര വിലയില്‍ 48 മുതല്‍ 60 ശതമാനം വരെ വര്‍ധനവുണ്ടായെന്നാണ് സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ കേരളത്തിന് ഇതിലൂടെ എന്തുനേട്ടം ഉണ്ടായി എന്നത് ആര്‍ക്കും അറിയില്ല. കുറച്ച് നികുതി വിഹിതം കൂടുതല്‍ കിട്ടിയിരിക്കാം. എന്നാല്‍ അത് സ്ഥായിയായി നിലനിര്‍ത്താന്‍ സര്‍ക്കാരില്‍ നിന്ന് ഇതുവരെ യാതൊരു നടപടിയും സ്വീകരിക്കാനായിട്ടില്ല.

പെട്രോളില്‍നിന്നും 2019-20ല്‍ 3823.64 കോടി രൂപയും 2020-21ല്‍ 3652.58 കോടിയുമാണ് നികുതിയായി സംസ്ഥാനത്തിന് കിട്ടിയത്. ഡീസലില്‍നിന്ന് 2019-20ല്‍ 4035.09 കോടിയും 2020-21ല്‍ 3415.95 കോടിയും നികുതിയിനത്തില്‍ ലഭിച്ചു. ഇതു കൂടാതെ ഓരോ ലീറ്ററിലും 1% സെസും ലഭിക്കുന്നുണ്ട്. ഇതാണ് കിഫ്ബിയുടെ മൂലധനം. മദ്യവും പെട്രോളും ഡീസലുമാണ് കേരള സര്‍ക്കാരിനെ നിലനിര്‍ത്തുന്ന ഘടകം. പെട്രോളും ഡീസലും ജിഎസ്ടിയിലേക്ക് വന്നാല്‍ ജിഎസ്ടിയില്‍ ഏറ്റവും കൂടിയ 28% എന്ന സ്ലാബിലേക്ക് ഉള്‍പ്പെടുത്തിയാലും 58 രൂപയ്ക്ക് ഒരു ലീറ്റര്‍ പെട്രോള്‍ വില്‍ക്കാനാകും. പെട്രോള്‍ അടിച്ചു പോക്കറ്റ് കീറുന്ന പൗരന് ഇത് വളരെ ആശ്വാസമാകുമെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ നടുവൊടിയും.

കേരളത്തിന്റെ മറ്റൊരു പ്രധാന വരുമാനം സ്വര്‍ണത്തില്‍ നിന്നു കിട്ടുന്ന നികുതിയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം വിറ്റഴിക്കുന്നത് കേരളത്തിലാണ്. ലോക ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ പ്രതിമാസം ഒരു വ്യക്തി 200 രൂപ സ്വര്‍ണം വാങ്ങാന്‍ വേണ്ടി മാത്രമായി ചിലവഴിക്കുന്നുണ്ട്. ഇന്ത്യയിലെ സ്വര്‍ണ വിപണിയുടെ മുക്കാല്‍ പങ്കും കേരളത്തിലാണെന്നുതന്നെ പറയാം. എന്നാല്‍ നികുതിയിനത്തില്‍ പ്രതിവര്‍ഷം ലഭിക്കുന്നതാകട്ടെ കേവലം 200 കോടി രൂപ മാത്രമാണ്. വാറ്റ് നിലവിലുണ്ടായിരുന്നപ്പോള്‍ ഇത് 700 കോടി രൂപയായിരുന്നു.

അതുകൊണ്ട് കേരളത്തില്‍ അനധികൃത സ്വര്‍ണക്കച്ചവടം പൊടിപൊടിക്കുന്നുണ്ടെന്ന് കൂടുതല്‍ വ്യക്തമാവുകയാണ്. വിമാനത്താവളങ്ങള്‍ വഴി ദിവസേന ക്വിന്റല്‍ കണക്കിന് സ്വര്‍ണമാണ് കേരളത്തിലേക്ക് അനധികൃതമായി കടത്തിക്കൊണ്ടുവരുന്നത്. കേരളത്തിലെ സ്വര്‍ണാഭരണ നിര്‍മാണശാലകളിലെ മെഷിനറികള്‍, വൈദ്യുതി ഉപഭോഗം, തൊഴിലാളികള്‍, ഇവരുടെ മറ്റ് നീക്കങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഉപയോഗിച്ച് ശേഖരിച്ച് കള്ളക്കച്ചവട ശൃംഖലയ്ക്ക് കൂച്ചുവിലങ്ങിടാനുള്ള ഇച്ഛാശക്തി കാണിച്ചാല്‍തന്നെ കാര്യങ്ങള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാകും.

പെട്രോളും ഡീസലും മദ്യവും മാത്രമല്ല നികുതി വഴികളെന്ന് കേരളത്തിലെ ഭരണാധികാരികള്‍ മനഃപൂര്‍വം മറക്കുകയാണ്. അതില്‍നിന്നുള്ള വരുമാനംകൊണ്ട് അത്യാവശ്യ ചിലവ് നടന്നുപോകുമെന്നതിനാല്‍ ബാക്കി വരുമാന വഴികള്‍ തേടാന്‍ അവര്‍ മടിക്കുകയാണ്. ഇന്ന് കേരളത്തില്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന നികുതി പരിഷ്‌കരിക്കുന്നതു കൊണ്ടുമാത്രം വലിയൊരു തുക സംസ്ഥാനത്തിന് ലാഭമുണ്ടാക്കാം. ഉദ്യോഗസ്ഥ തലവനായ ചീഫ് സെക്രട്ടറിയും ഏറ്റവും താഴെക്കിടയിലുള്ള സ്വീപ്പറും നല്‍കുന്നത് 2500 രൂപ നികുതിയാണ്. ഇത് പരിഷ്‌കരിക്കുന്നതിലൂടെ ആര്‍ക്കും ഒരു അധികബാധ്യതയും വരില്ല.

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള മൊത്തവരുമാനത്തില്‍ ഈ നികുതി കുറവുചെയ്യാം. ഈ നികുതി പരിഷ്‌കരണത്തിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനം വര്‍ധിക്കും. അതിലൂടെ സംസ്ഥാനം തദ്ദേശസ്ഥാപനങ്ങള്‍ക്ക് വിലയിരുത്തേണ്ട ഫണ്ടില്‍ കുറവ് വരികയും ചെയ്യും. ഇത് ശ്രദ്ധയില്‍പ്പെട്ടിട്ടും നടപ്പിലാക്കാനുള്ള നടപടി കേരളം ഇന്നുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

ജിഎസ്ടി കൗണ്‍സിലില്‍ ഉള്‍പ്പെടെ അതിനെ എതിര്‍ക്കുമെന്നാണ് ധനമന്ത്രി ബാലഗോപാല്‍ ശക്തമായി പറയുന്നത്. അദ്ദേഹത്തിന് വ്യക്തിവിരോധമുള്ളതുകൊണ്ടല്ല. കാലിയായിക്കൊണ്ടിരിക്കുന്ന ഖജനാവിനെ നോക്കി ധനകാര്യമന്ത്രിക്ക് മറിച്ചൊരു അഭിപ്രായം പറയാനാകില്ല എന്നതുകൊണ്ടു മാത്രമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button