മറയൂര്‍ ചന്ദനക്കടത്തിനു പിന്നില്‍ മലയാളികള്‍
ഇടുക്കി: മറയൂരില്‍ നിന്ന് ഒഴുകിയെത്തുന്ന ചന്ദനക്കടത്തിനു പിന്നില്‍ മലയാളികളെന്ന് കണ്ടെത്തല്‍. നിലവില്‍ ചന്ദനം കടത്തുന്നത് തമിഴ്നാട്ടുകാരാണെന്ന റിപ്പോര്‍ട്ടിനെ പിന്തള്ളിയാണ് പുതിയ കണ്ടെത്തല്‍. വടക്കന്‍ കേരളത്തിലെ വിവിധ സംഘങ്ങളാണ് കടത്തിനു നേതൃത്വം നല്കുന്നതെന്നു വനംവകുപ്പ് പറയുന്നു. 2005ല്‍ കേരളത്തിലെ സ്വകാര്യ മേഖലയിലെ ചന്ദന ഫാക്ടറികള്‍ പൂട്ടിയതോടെ സംഘങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ ഫാക്ടറികള്‍ സ്ഥാപിച്ചു.
കര്‍ണാടകയിലേയും തമിഴ്നാട്ടിലെയും ചന്ദനമരങ്ങള്‍ രോഗബാധയെത്തുടര്‍ന്ന് ഇല്ലാതായതോടെ ഫാക്ടറി നടത്തിപ്പുകാരുടെ കണ്ണ് ഏറ്റവും വലിയ ചന്ദനശേഖരമുള്ള മറയൂരിലേക്കായി. ആന്ധ്രയിലാകട്ടെ രക്തചന്ദനം മാത്രമാണുള്ളത്. പ്രകൃതിയുടെ പ്രത്യേകതയാല്‍ ലോകത്തു ഏറ്റവും ഗുണമേന്മയുള്ള ചന്ദനമുണ്ടാകുന്നതു മറയൂരിലാണ്. അതിനാല്‍ കടത്തുകാര്‍ എന്തുവിലകൊടുത്തും ചന്ദനം മോഷ്ടിക്കാന്‍ നോക്കും.