മുസ്ലീം ആയതിനാൽ തനിക്കെതിരെ ബലാത്സംഗ ഭീഷണി ഉയർത്തിയ ആൾക്കെതിരെ ഖുശ്ബു.

മുസ്ലീം ആയതിനാൽ തനിക്കെതിരെ ബലാത്സംഗ ഭീഷണി ഉയർത്തിയ ആൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ഖുശ്ബു. ആളുടെ പേരും നടി ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഖുശ്ബു മുസ്ലീം ആണെന്നും യഥാർത്ഥ പേര് മറച്ച് വെച്ചത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നും ആരോപിച് നേരത്തേ തന്നെ നടിക്കെതിരെ സംഘപരിവാർ കേന്ദ്രങ്ങൾ സൈബർ ആക്രമണം ശക്തമാക്കിയിരുന്നു. ഇതിന് ചുട്ടമറുപടിയും അവർ നൽകിയിരുന്നതാണ്.
ഇപ്പോൾ നിരവധി ട്വീറ്റുകളിലൂടെ നടി പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ഉയർത്തികൊണ്ടിരിക്കുകയാണ്. തനിക്ക് നേരെ സഞ്ജയ് ശർമ്മയെന്ന ഒരാൾ ബലാത്സംഗ ഭീഷണി ഉയർത്തിയെന്നും കൊൽക്കത്തിൽ നിന്നുള്ളയാളാണ് അതെന്നും ഖുശ്ബു ട്വീറ്റിൽ പറയുന്നു. അയാൾ തന്നെ നിരന്തരം വിളിക്കുന്നുമുണ്ട് . വിഷയത്തിൽ കൊൽക്കത്ത പോലീസും പശ്ചിമബംഗാൾ മുഖ്യമന്ത്രി ദീദിയും ഇടപെടണമെന്നും ഖുശ്ബു ട്വീറ്റിൽ പറയുന്നു. താനൊരു മുസ്ലിം സ്ത്രീ ആയതുകൊണ്ട് പീഡനത്തിന് അര്‍ഹയാണെന്നാണ് ഭീഷണിമുഴക്കിയയാള്‍ ഫോണിലൂടെ പറയുന്നത്. ഇത് തന്നെയാണോ രാമജൻമ ഭൂമി? പ്രധാനമന്ത്രി ഒന്ന് പറഞ്ഞ് തരുമോ?എന്നാണ് നടി ട്വീറ്റിലൂടെ ചോദിക്കുന്നത്.
ഇത്തരത്തിലുള്ള ആളുകൾ സമൂഹത്തിന് മുൻപിൽ അപമാനിക്കപ്പെടണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് അയാളുടെ നമ്പർ പങ്കുവെക്കുന്നതെന്നും ഖുശ്ബു പറഞ്ഞു. തന്നെ എതിർത്ത് രംഗത്തുവന്നവരോട് “നിങ്ങളുടെ കുടുംബത്തിലെ സ്ത്രീകൾക്ക് നേരെ ബലാത്സംഗ ഭീഷണി വന്നാൽ എല്ലാ ഭക്തരും ഇതേ രീതിയിൽ തന്നെ പ്രതികരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന മറുപടിയായിരുന്നു അവർ നൽകിയത്, അതോ ഭീരുക്കൾ അവരുടെ നിലപാട് മാറ്റുമോയെന്നും അവർ പരിഹസിച്ചു. നേരത്തേ ഖുശ്ബുവിന്റെ മതം തിരഞ്ഞ് പിടിച്ച് സൈബർ ആക്രമണം നടത്തിയ ബി ജെ പി കാരോട് സ്വന്തം പേര് വെളിപ്പെടുത്തികൊണ്ടായിരുന്നു നടി പ്രതികരിച്ചത്.തന്റെ പേര് നഖത് ഖാൻ എന്നാണ്.അതെ ഞാൻ ഒരു ഖാനാണ്, ഇനിയെന്ത് വേണം? ഇനിയെങ്കിലും ഉണരൂ, നിങ്ങൾ 47 വർഷം പുറകിലാണ്, എന്നായിരുന്നു അന്ന് അവർ ട്വീറ്റ് ചെയ്തത്.