മുതിര്‍ന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന കെ.കെ. രാമചന്ദ്രൻ മാസ്റ്റര്‍ അന്തരിച്ചു.

തിരുവനന്തപുരം/ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുൻ മന്ത്രിയുമായിരുന്ന കെ.കെ. രാമചന്ദ്രൻ മാസ്റ്റര്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.1991 മുതൽ തുടര്‍ച്ചയായി മൂന്ന് തവണ കൽപ്പറ്റ മണ്ഡലത്തിൽ നിന്നും നിയമസഭയിൽ എത്തിയിട്ടുള്ള രാമചന്ദ്രൻ മാസ്റ്റര്‍ 1995-96 കാലത്ത് എ.കെ ആന്റണി മന്ത്രിസഭയിൽ ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രിയും, ഉമ്മൻചാണ്ടി മന്ത്രി സഭയിൽ ആരോഗ്യ വകുപ്പ് മന്ത്രിയുമായിരുന്നു. 2011ൽ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉണ്ടായ ടൈറ്റാനിയം അഴിമതി കേസുകളില്‍ ഗുരുതര ആരോപണവുമായി രംഗത്തുവന്നതോടെ രാമചന്ദ്രൻ മാസ്റ്റർ പാര്‍ട്ടിയിൽ നിന്നും ഒറ്റപ്പെടുകയും, തുടർന്ന് പുറത്താക്കപ്പെടുകയും ചെയ്തു. പിന്നീട്, പാര്‍ട്ടിയിലേക്ക് തിരികെ വന്നെങ്കിലും ചുമതലകള്‍ ഒന്നും നൽകിയിരുന്നില്ല. കോഴിക്കോട് കക്കോടിയിലെ വീട്ടിലായിരുന്നു ഏറെ നാളുകളായി താമസിച്ചു വന്നിരുന്നത്. കോഴിക്കോട് കക്കോടിയിലെ വീട്ടുവളപ്പിൽ ഇന്ന് തന്നെ സംസ്കാരം നടക്കും.