കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി കോടതി

തിരുവനന്തപുരം: മാധ്യമപ്രവർത്തകനായ കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി കോടതി. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എ.അനീസയാണ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തിയത്. കഴിഞ്ഞ ദിവസം കോടതിയിൽ സൈബർ സെൽ ഡിവൈഎസ്പി ഹാജരാകാതെ ഇരുന്നതാണ് വിമർശനത്തിന് ഇടയാക്കിയത്.
ഡിവൈഎസ്പി ഹാജരാകാത്ത സാഹചര്യത്തിൽ, അപകട ദിവസത്തെ സിസിടിവി ദൃശ്യങ്ങളടങ്ങിയ രണ്ട് ഡിവിഡികൾ കോടതിയിൽ പ്രദർശിപ്പിച്ച് പകർപ്പെടുക്കാൻ ആവശ്യമായ ഉപകരണം സഹിതം പോലീസ് ഹൈടെക് സെൽ എസ്പി ഫെബ്രുവരി 24 ന് ഹാജരാകാൻ കോടതി ഉത്തരവിട്ടിരുന്നു. കോടതിയുടെ ഉത്തരവ് ഡിവൈഎസ്പി പാലിക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ വിമർശനം.
ഡിവൈഎസ്പിയുടെ നിഷ്‌ക്രിയത്വവും അലംഭാവവും ഗുരുതരമായ കൃത്യവിലോപവും കോടതിയുടെ നീതിനിർവഹണത്തെ തടയാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ഡിവിഡി പകർപ്പുകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഇത്തരവ് പുറപ്പെടുവിപ്പിച്ചത്.