ഭീഷണിയുടെ മുള്‍മുനയില്‍ കൊച്ചി: വന്‍ ആയുധശേഖരം പിടിച്ചെടുത്തു
കൊച്ചി: സ്വകാര്യ കമ്പനി ജീവനക്കാരില്‍ നിന്നും പോലീസ് വന്‍ ആയുധശേഖരം പിടിച്ചെടുത്തു. സ്വകാര്യ കമ്പനിയിലെ സുരക്ഷാജീവനക്കാരില്‍ നിന്ന് ഇന്ന് ഉച്ചതിരിഞ്ഞാണ് 18 തോക്കുകള്‍ പിടിച്ചെടുത്തത്. എടിഎമ്മില്‍ പണം നിറയ്ക്കുന്നതിന് സുരക്ഷ നല്‍കുന്ന മുംബൈയിലെ സ്വകാര്യ ഏജന്‍സിയിലെ ജീവനക്കാരില്‍ നിന്നാണ് തോക്കുകള്‍ പിടികൂടിയിരിക്കുന്നത്.
തോക്കുകള്‍ക്ക് ലൈസന്‍സ് ഉണ്ടോ എന്നകാര്യം പരിശോധിച്ചുവരികയാണെന്നാണ് പോലീസ് പറയുന്നത്. നേരത്തെ തിരുവനന്തപുരത്തെ കരമനയില്‍ നിന്ന് അഞ്ചു തോക്കുകള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
പരിശോധനയില്‍ വ്യാജ ലൈസന്‍സുകളുടെ പിന്‍ബലത്തിലാണ് തോക്കുകള്‍ കൈവശം വച്ചിരുന്നത് എന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവി തന്നെ ഈ കാര്യങ്ങളില്‍ വ്യാപകമായ പരിശോധന നടത്താന്‍ നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി പോലീസ് പരിശോധന നടത്തുന്നത്.
ലൈസന്‍സുകള്‍ യഥാര്‍ത്ഥമാണോ വ്യാജമാണോ എന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. വ്യാജമാണെങ്കില്‍ ജീവനക്കാരെ അറസ്റ്റ് ചെയ്‌തേക്കും. മുംബൈയിലെ ഒരു സ്വകാര്യ ഏജന്‍സിയാണ് പണം നിറക്കുന്ന സംഘത്തിന് സുരക്ഷ പോകുന്ന ജീവനക്കാരെ കൈമാറിയിരിക്കുന്നത്.
കശ്മീരില്‍ നിന്നാണ് തോക്കുകള്‍ കൊണ്ടു വന്നത് എന്നാണ് പ്രാഥമികമായി പോലീസ് വ്യക്തമാക്കുന്നത്. ഇത് കേരളത്തിലെ സുരക്ഷാരംഗത്ത് വന്‍ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മുംബൈയിലെ സ്വകാര്യ ഏജന്‍സിക്കെതിരെയും അന്വേഷണം ഉണ്ടായേക്കും.