കോടിയേരി ബാലകൃഷണൻ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു.

തിരുവനന്തപുരം/ കോടിയേരി ബാലകൃഷണൻ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. തുടർ ചികിത്സക്കായി അവധിയിൽ പ്രവേശിച്ചുവെന്നാണ് സി.പി.ഐ എം ന്റെ വിശദീകരണം. എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവനാണ് പകരം ചുമതലയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഒരു പ്രസ്താവനയിൽ അറിയിച്ചു. ചികില്‍സയ്ക്കായി പോകാന്‍ അവധി വേണമെന്ന കോടിയേരിയുടെ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു എന്നാണു പ്രസ്താവനയിൽ പറയുന്നത്. ‘സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു തുടര്‍ചികിത്സ ആവശ്യമായതിനാല്‍ സെക്രട്ടറി ചുമതലയില്‍നിന്ന് അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. സെക്രട്ടറിയുടെ ചുമതല എ.വിജയരാഘവന്‍ നിര്‍വ്വഹിക്കുന്നതാണ്’ പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ ഇങ്ങനെ അറിയിക്കുകയായിരുന്നു. 2015 ഫെബ്രുവരി 23 മുതല്‍ സിപി(എം) സംസ്‌ഥാന സെക്രട്ടറിയായിരുന്നു. അമേരിക്കയില്‍ ചികില്‍സയ്ക്കായി പോയപ്പോള്‍ പോലും കോടിയേരി സെക്രട്ടറിപദം വിട്ടുകൊടുത്തിരുന്നില്ല. പാര്‍ട്ടി സെക്രട്ടേറിയറ്റിനായിരുന്നു ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ചുമതല.
സെക്രട്ടറി സ്ഥാനത്ത് നിന്ന് എത്ര നാളത്തേക്കാണ് കോടിയേരി അവധി എന്നു വ്യക്തമാക്കിയിട്ടില്ല. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ പാര്‍ട്ടി സെക്രട്ടറി അവധി ആവശ്യപ്പെടുന്ന സാഹചര്യം സാധാരണമല്ല. ബെംഗളൂരു മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ മകന്‍ ബിനീഷ് അറസ്റ്റിലാവുകയും, നിരന്തരമായി ചോദ്യം ചെയ്യപ്പെട്ടുവരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയുന്നത്. അവധി വേണമെന്നു പാര്‍ട്ടി യോഗത്തില്‍ കോടിയേരി ആവശ്യപ്പെടുമ്പോൾ ചർച്ചയൊന്നും കൂടാതെ അതു അംഗീകരിക്കുകയായിരുന്നു. ഒടുവിൽ ചേർന്ന മറ്റു പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളില്‍ കോടിയേരി ബാലകൃഷ്ണന് അനുകൂലമായ നിലപാടാണ് ഉണ്ടായിരുന്നത്. മക്കള്‍ ചെയ്യുന്ന തെറ്റിനു പിതാവ് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതില്ലെന്നായിരുന്നു ഏകപക്ഷീകമായ അഭിപ്രായം. പാര്‍ട്ടി സെക്രട്ടറിയായതിലാണ് തനിക്കും കുടുംബത്തിനും നേരെ ആക്രമണം ഉണ്ടാകുന്നതെന്നും അങ്ങനെയെങ്കില്‍ സ്ഥാനത്തുനിന്നും മാറാമെന്നും കോടിയേരി യോഗത്തെ അറിയിച്ചെങ്കിലും ആവശ്യം അംഗീകരിച്ചിരുന്നതുമല്ല. തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ബിനീഷ് വിഷയം പ്രതിപക്ഷം പ്രചാരണായുധമാക്കുമെന്ന വിലയിരുത്തലും സ്ഥാനം ഒഴിയലിലേക്ക് എത്തിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
കുടുംബത്തിനുനേരെ ഉണ്ടായ കേന്ദ്ര ഏജന്‍സികളുടെ ഇടപെടൽ കോടിയേരിയെ അസ്വസ്ഥനാക്കിയിരുന്നു. ഇക്കാര്യത്തിൽ പാര്‍ട്ടി പിന്തുണയുണ്ടായില്ലെന്ന വിഷമവും അദ്ദേഹം നേതാക്കളിൽ ചിലരോട് പങ്ക് വെച്ചിരുന്നതായും സൂചനകളുണ്ട്. മുഖ്യമന്ത്രി ബിനീഷിന്റെ വിഷയത്തില്‍ ഇടപെടാന്‍ തയാറായിരുന്നില്ലെന്നു മാത്രമല്ല, ആ കാര്യത്തിൽ അകലം പാലിക്കാനും ശ്രമിച്ചിരുന്നു. അതു കുടുംബം നിയമപരമായി കൈകാര്യം ചെയ്യുമെന്നുള്ള പ്രസ്താവന പോലും അതിന്റെ ഭാഗമായിട്ടായിരുന്നു. സര്‍ക്കാരും പാര്‍ട്ടിയും തീർത്തും പ്രതിരോധത്തില്‍ ആയിരിക്കെ മകന്‍ ബിനീഷിന്റെ പേരില്‍ ആരോപണങ്ങൾ കൂടിവന്നപ്പോൾ കോടിയേരി മാറി നില്‍ക്കണമെന്നു ചിലരിൽ അഭിപ്രായം ഉണ്ടായിരുന്നു എങ്കിലും, ആരും ഇക്കാര്യം തുറന്നു പറഞ്ഞിരുന്നുമില്ല. പ്രതിപക്ഷ ആരോപണങ്ങളുടെ മുൾ മുനയിൽ വായ് മൂടിയിരിക്കേണ്ട അവസ്ഥയിലായിരുന്നു പാർട്ടി.