കൊല്ലം എസ്എൻ കോളജ് ജൂബിലി അഴിമതി കേസിൽ വെള്ളാപ്പള്ളി നടേശനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കേസിൽ കുറ്റപത്രം സമർപ്പിച്ചു.

കൊല്ലം എസ്എൻ കോളജ് ജൂബിലി അഴിമതി കേസിൽ വെള്ളാപ്പള്ളി നടേശനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കേസിൽ കുറ്റപത്രം സമർപ്പിച്ചു. കൊല്ലം സിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. പണാപഹരണം, വിശ്വാസവഞ്ചന എന്നീ വകുപ്പുകൾ വെള്ളാപ്പള്ളിക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസിൽ വെള്ളാപ്പള്ളി മാത്രമാണ് പ്രതി.വിജിലൻസ് എസ്.പിയായി സ്ഥലം മാറിയ മുൻ ഉദ്യോഗസ്ഥന് കുറ്റപത്രം നൽകാമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമോപദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
പല കാര്യ കാരണങ്ങൾ പറഞ്ഞ് അന്വേഷണം നീട്ടികൊണ്ടു പോയ കേസിൽ, പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് എസ്എൻ കോളജ് ജൂബിലി അഴിമതി കേസിൽ വെള്ളാപ്പള്ളി നടേശനെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നത്. 1997 എസ്എൻ കോളജ് സുവർണ ജൂബിലി ആഘോഷങ്ങൾക്കായി പിരിച്ചെടുത്ത തുകയിൽ നിന്നും 55 ലക്ഷം രൂപ സ്വന്തം അക്കൗട്ടിലേക്ക് വകമാറ്റിയെന്ന പരാതിയിന്മേലാണ് കേസ്. എന്നാൽ പണം തിരിച്ചടച്ചുവെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വാദം. വെള്ളാപ്പള്ളിയുടെ വാദങ്ങളെ പൂർണമായും ക്രൈം ബ്രാഞ്ച് തള്ളിക്കളഞ്ഞിരുന്നു. കേസിൽ പണാപഹരണം, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകൾ നിലനിൽക്കുമെന്നും അതുകൊണ്ട് തന്നെ വെള്ളാപ്പള്ളിനടേശനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ക്രൈം ബ്രാഞ്ച് കുറ്റപ്രത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നു. 2004-ല്‍ കോടതി നിര്‍ദേശപ്രകാരമാണ് സുവര്‍ണ ജൂബിലി ഫണ്ട് തിരിമറിയിൽ അന്വേഷണം ആരംഭിച്ചത്. കേസില്‍ അടിയന്തരമായി കുറ്റപത്രം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു. 2004ൽ എസ് എൻ കോളേജ് ട്രസ്റ്റ് അംഗമായിരുന്ന പി സുരേന്ദ്രബാബുവാണ് വെള്ളിപ്പള്ളി നടേശനെതിരെ പരാതി നൽകിയത്. കുറ്റപത്രത്തിൽ ക്രൈം ബ്രാഞ്ചിന്റെതായി ഉണ്ടായ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ വെള്ളാപ്പളി നടേശൻ എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.