CovidKerala NewsLatest NewsUncategorized

കൃത്യമായ ആസൂത്രണം മതിയായ ചികിത്സാ സൗകര്യങ്ങൾ ; കൊറോണ പ്രതിരോധത്തിൽ മാതൃകയായി കോട്ടയം

കോട്ടയം : കൊറോണയുടെ രണ്ടാം തരംഗം പ്രതിരോധിക്കുന്നതിൽ കോട്ടയം ജില്ല സൃഷ്ടിച്ചത് തനത് മാതൃക. കൃത്യമായ ആസൂത്രണത്തിലൂടെ ഓക്സിജൻ ലഭ്യതയും മതിയായ ചികിത്സാ സൗകര്യങ്ങളും ഒരുക്കിയതിലൂടെ മറ്റ് ജില്ലകളെ അപേക്ഷിച്ച് കോട്ടയം ജില്ലയ്ക്ക് മരണ നിരക്ക് കുറയ്ക്കാനായി. 167 കോടി രൂപയുടെ കൊറോണ ചികിത്സാ സേവനങ്ങളാണ് സർക്കാർ സംവിധാനത്തിലൂടെ ജില്ലയിൽ ഒരുക്കിയത്.

രണ്ടാം തരംഗം മുന്നിൽ കണ്ട് എല്ലാ പഞ്ചായത്തുകളിലും ഡൊമിസിയലറി കെയർ സെൻററുകളും എല്ലാ ബ്ലോക്കുകളിലും മുനിസിപ്പാലിറ്റികളിലും ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങളും എല്ലാ താലൂക്കുകളിലും സെക്കൻറ് ലൈൻ ചികിത്സാ കേന്ദ്രങ്ങളും ഒരുക്കി. ഫസ്റ്റ് ലൈൻ സെക്കൻറ് ലൈൻ ചികിത്സാ കേന്ദ്രങ്ങളിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കിടക്കകൾ ഒരുക്കിയത് ജില്ലയിലാണ്. സംസ്ഥാനത്തെ ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങളിൽ ആകെയുളള 681 ഓക്സിജൻ കിടക്കകളിൽ 161 എണ്ണവും സെക്കൻറ് ലൈൻ കേന്ദ്രങ്ങളിൽ ആകെയുളള 2421 ഓക്സിജൻ കിടക്കകളിൽ 591 എണ്ണവും കോട്ടയത്താണ്. കാര്യങ്ങൾ മുൻകൂട്ടി കണ്ടുളള ആസൂത്രണത്തിൻറെ വിജയമായി ജില്ലയിലെ കൊറോണ മരണ നിരക്ക് കുറയ്ക്കാനായി. ജില്ലയിൽ ഇത് വരെ 317 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇടുക്കി ജില്ല മാത്രമാണ് കുറഞ്ഞ മരണ നിരക്കിൽ കോട്ടയത്തിന് മുന്നിലുളളത്. എന്നാൽ ഇടുക്കിയിൽ ഇത് വരെ 67892 പേർക്ക് മാത്രമാണ് കൊറോണ ബാധിച്ചത്. കോട്ടയത്താകട്ടെ 174907 പേർക്ക് ഇത് വരെ രോഗം സ്ഥിരീകരിച്ചു.

മെഡിക്കൽ ഓക്സിജൻ ക്ഷാമത്തിൻറെ ഭീതിജനകമായ വാർത്തകൾ ഉത്തരേന്ത്യയിൽ നിന്ന് വരുന്നതിനിടെ തന്നെ ക്ഷാമം മുന്നിൽ കണ്ട് ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താൻ നടപടികൾ കൈ കൊണ്ടു. കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ സ്വന്തമായി ഓക്സിജൻ ജനറേറ്റിംഗ് പ്ലാന്റ് സ്ഥാപിച്ചത് കോട്ടയം മെഡിക്കൽ കോളേജാണ്. ഇതിന് പുറമെ വീടുകളിൽ ചികിത്സയിൽ ഉള്ളവർക്ക് 24 മണിക്കൂറും ആവശ്യാനുസരണം ഓക്സിജൻ ലഭ്യമാക്കാൻ സംസ്ഥാനത്ത് ആദ്യമായി ഓക്സിജൻ പാർല‌റും ഒരുക്കി. ജില്ലയിൽ ആശുപത്രികൾക്ക് ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാൻ 800 ഓക്സിജൻ സിലിണ്ടറുകളുടെ ശേഖരവും സജ്ജമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button