കൊവിഡ് രോഗിയെ ആശുപത്രിയിൽ കെട്ടിയിട്ടതായി പരാതി

രോഗികളോട് വീണ്ടും ആരോഗ്യ വകുപ്പിൻ്റെ ക്രൂരതയെന്ന് പരാതി. തൃശൂർ മെഡിക്കൽ കോളജാണ് ഇത്തവണ ആരോപണത്തിന് വിധേയമായിരിക്കുന്നത്. വയോധികയായ കൊവിഡ് രോഗിയെ ആശുപത്രി അധികൃതർ കെട്ടിയിട്ടെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. തൃശൂർ കടങ്ങോട് ചിറമനേങ്ങാട് സ്വദേശിനി പുരളിയിൽ വീട്ടിൽ കുഞ്ഞിബീവിയെ കെട്ടിയിട്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കൾ ആരോഗ്യമന്ത്രിക്കും ഡിഎംഒക്കും പരാതി നൽകിയിട്ടുണ്ട്.
കുഞ്ഞിബീവിയെ കട്ടിലിൽ കെട്ടിയിട്ടതിന്റെ വീഡിയോ സഹിതമാണ് ബന്ധുക്കൾ പരാതി നൽകിയത്. അഡ്മിഷന്റെ സമയത്ത് ശരിയായ രീതിയിലുള്ള പരിശോധന നടത്താൻ ആശുപത്രി അധികരനോ നഴ്‌സുമാരോ തയ്യാറായില്ലെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. ആശുപത്രി അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബന്ധുക്കൾ പരാതിയിൽ ആവശ്യപ്പെട്ടു. .
ഈ മാസം 20നാണ് കുഞ്ഞിബീവിയെ കുട്ടനല്ലൂർ കൊവിഡ് സെന്ററിൽ നിന്ന് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
കൈപ്പിടിയില്ലാത്ത കട്ടിലിലാണ് രോഗിയെ കിടത്തിയത്. ഇതേ തുടർന്ന് കട്ടിലിൽ നിന്ന് രോഗി താഴെ വീണു. തലയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തു. തുടർന്ന് രോഗിയെ കെട്ടിയിടുന്ന സംഭവം വരെയുണ്ടായി. ഗുരുതര വീഴ്ചയാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
അതേസമയം, കൊവിഡ് രോഗിയെ കെട്ടിയിട്ട സംഭവത്തിൽ ജില്ലാ കളക്ടർ റിപ്പോർട്ട് തേടി. മെഡിക്കൽ കോളജ് പ്രിൻസിപ്പലിനോടാണ് റിപ്പോർട്ട് തേടിയത്. വെള്ളിയാഴ്ച തന്നെ റിപ്പോർട്ട് സമർപ്പിക്കാനാണ് പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സൂപ്രണ്ടിന് പ്രിൻസിപ്പലും നിർദേശം നൽകിയിട്ടുണ്ട്. തൃശൂർ മെഡിക്കൽ കോളജിൽ വയോധികയായ കൊവിഡ് രോഗിയോടാണ് അധികൃതരുടെ ക്രൂരത അരങ്ങേറിയത്. തൃശൂർ കടങ്ങോട് ചിറമനേങ്ങാട് സ്വദേശിനി പുരളിയിൽ വീട്ടിൽ കുഞ്ഞിബീവിയെ കെട്ടിയിട്ടെന്നാരോപിച്ച് ബന്ധുക്കളാണ് രംഗത്ത് വരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിക്കും ഡിഎംഒയ്ക്കും ബന്ധുക്കൾ പരാതി നൽകിയിരുന്നു.