ഇന്ത്യയിൽ16 ലക്ഷത്തിലധികം ആരോഗ്യപ്രവർത്തകർക്ക് കോവിഡ് വാക്‌സിനേഷൻ നൽകി.
NewsKeralaNationalLocal NewsHealth

ഇന്ത്യയിൽ16 ലക്ഷത്തിലധികം ആരോഗ്യപ്രവർത്തകർക്ക് കോവിഡ് വാക്‌സിനേഷൻ നൽകി.

ന്യൂഡൽഹി/ ഇന്ത്യയിൽ ഇതിനകം പതിനാറ് ലക്ഷത്തിലധികം ആരോഗ്യപ്രവർത്തകർക്ക് കോവിഡ് വാക്‌സിനേഷൻ നൽകി. ഞായറാഴ്ച വൈകിട്ടുവരെയുള്ള കണക്കുകൾ പ്രകാരം കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചതാണിത്. ഇക്കഴിഞ്ഞ ജനുവരി 16നാണ് രാജ്യത്ത് വാക്സിനേഷൻ ഡ്രൈവിന് തുടക്കം കുറിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദൗത്യം ഒൻപതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

ഏറ്റവും ഒടുവിൽ ലഭിച്ച താത്ക്കാലിക കണക്കുകൾ പ്രകാരം ഞായറാഴ്ച വൈകിട്ട് 7.30 വരെ അഞ്ച് സംസ്ഥാനങ്ങളിലായി 31,466 പേരാണ് വാക്സിൻ സ്വീകരിക്കുന്നത്. ഹരിയാന (907), കർണാടക (2472), പഞ്ചാബ് (1007), രാജസ്ഥാൻ (24,586), തമിഴ്നാട് (2494) എന്നിങ്ങനെയാണ് കണക്കുകൾ. ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് ഏറ്റവും കൂടുതൽ വാക്‌സിനേഷൻ നൽകിയ സംസ്ഥാനം കർണാടകയാണ്. ഒഡീഷയും ആന്ധ്രാപ്രദേശും ആണ് തൊട്ടു പിന്നിൽ നിൽക്കുന്നത്. വാക്സിന്‍റെ പാർശ്വഫലങ്ങൾ സംബന്ധിച്ചു ആശങ്ക ഉയർത്തി റിപ്പോർട്ടുകള്‍ വന്നിരുന്നുവെങ്കിലും അനിഷ്ട സംഭവങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് ആശ്വാസം പകരുന്നത്. വാക്സിനേഷൻ ഡ്രൈവിന്‍റെ ഒന്നാംഘട്ടത്തിൽ ഏകദേശം മൂന്ന് കോടി പേർക്ക് വാക്സിൻ നല്‍കാനാണ് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്. ഇതിനായി മുൻഗണനാ പട്ടികയും തയ്യാറാക്കിയിരുന്നു.

വാക്സിൻ ഡ്രൈവിന്‍റെ രണ്ടാംഘട്ടത്തിൽ അമ്പത് വയസിന് മുകളിൽ പ്രായമുള്ള പരിഗണനാ പട്ടികയിൽ ഉള്‍പ്പെട്ടവർക്കാകും വാക്സിൻ നൽകുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, സംസ്ഥാന മന്ത്രിമാര്‍, എംഎൽഎമാര്‍ എന്നിവര്‍ ഉൾപ്പെടെയുള്ളവരും ഈ ഘട്ടത്തിൽ വാക്സിൻ സ്വീകരിച്ചേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിട്ടുള്ളത്. ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച് പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിട്ട കോവിഷീൽഡ്, ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോ ടെക്കിന്‍റെ കോവാക്സിൻ എന്നിവയ്ക്കാണ് രാജ്യത്ത് നിലവിൽ ഉപയോഗത്തിന് അനുമതി നൽകിയിട്ടുള്ളത്.

Related Articles

Post Your Comments

Back to top button