റെക്കോർഡിട്ട് ‘ ആർആർആർ ‘; തിയറ്ററിലെത്തുന്നത് വൻ തുകയ്‌ക്ക്

തെന്നിന്ത്യൻ സിനിമ ആകാംക്ഷയോടെ കാത്തിരിക്കുന്ന എസ്.എസ് രാജമൗലി ചിത്രമാണ് ‘ ആർആർആർ ‘. 350 കോടിയിലധികം ചെലവിട്ട് നിർമിക്കുന്ന ചിത്രത്തിനെക്കുറിച്ചുളള നിരവധി വാർത്തകളും പുറത്തുവന്നിട്ടുണ്ട്. ഇപ്പോൾ വൻ തുകയ്‌ക്ക് ചിത്രത്തിന്റെ വിതരണവകാശം വിറ്റുപോയിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഉൾപ്പടെ പത്തുഭാഷകളിൽ പ്രദർശനത്തിനെത്തുന്ന ചിത്രം 348 കോടി രൂപയ്‌ക്ക് വിതരണക്കാർ ഏറ്റെടുത്തു. തുകയുടെ കാര്യത്തിൽ രാജമൗലിയുടെ ബാഹുബലിയെ ‘ ആർആർആർ ‘ കടത്തിവെട്ടി.
ഈ വർഷം ഓക്ടോബറിൽ ചിത്രം തിയറ്ററിലെത്തുമെന്ന് രാജമൗലി മുമ്പ് സൂചിപ്പിച്ചിരുന്നു. ഇന്ത്യയിലെ എല്ലാ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം തെലുങ്കിൽ 165 കോടിയ്‌ക്കും, തമിഴിൽ 48 കോടി, മലയാളത്തിൽ 15 കോടി, കർണാടകയിൽ 45 കോടി എന്നീ തുകകൾക്കാണ് ചിത്രത്തിന്റെ വിതരണാവകാശം നേടിയിരിക്കുന്നത്.
ഹിന്ദിയിൽ ചിത്രം റിലീസ് ചെയ്യുന്നതിനും വലിയ തുക ഓഫർ നിർമാതക്കൾ ലഭിച്ചിട്ടുണ്ട്. രാജമൗലി സംവിധാനം ചെയ്‌ത ബാഹുബലി 2ന്റെ വിതരണാവകാശം 215 കോടി രൂപയ്‌ക്കാണ് വിവിധ ഭാഷകളിലെ വിതരണക്കാർ നേടിയത്. ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ബാഹുബലി സിരീസുകൾ 1,400 കോടി രൂപയാണ് ബോക്‌സോഫീസിൽ നിന്നും നേടിയത്.
തെലുങ്ക് സിനിമയിലെ സൂപ്പർ സ്റ്റാറുകളായ ജൂനിയർ എൻടിആർ, റാംചരൺ, ബോളിവുഡ് താരങ്ങളായ അജയ് ദേവ്‌ഗൺ, അലിയ ഭട്ട്, സമുദ്രക്കനി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. ഡിവിവി എന്റർടെയ്‌മെന്റിന്റെ ബാനറിൽ ഡിവിവി ധന്യയാണ് ചിത്രത്തിന്റെ നിർമാണം. എ ശ്രീകർ പ്രസാദാണ് എഡിറ്റിങ്. രാജമൗലിയുടെ പിതാവ് കെ.വി വിജയേന്ദ്ര പ്രസാദിന്റെതാണ് ചിത്രത്തിന്റെ കഥ.